728-pixel-x-90-2-learn
728-pixel-x-90
<< >>

സുനന്ദയുടെ മരണം: തരൂര്‍ കുരുങ്ങുമോ?

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ശശി തരൂരിന്‍റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ചത്  മാനസികസമ്മര്‍ദം  ലഘൂകരിക്കുന്നതിനുള്ള അല്‍പ്രാക്സ് എന്ന മരുന്ന് അമിതമായ അളവില്‍ കഴിച്ചതിനെത്തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. സുനന്ദയുടെ ശരീരത്തില്‍ 12 മുറിവുകള്‍ ഉണ്ടായിരുന്നു എന്നും മരണത്തിന് മുമ്പാണ് ഇവ ഉണ്ടായതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആത്മഹത്യ ഉള്‍പ്പെടെ ഒരു സാദ്ധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല. എന്നാല്‍, മരണത്തില്‍ ശശി തരൂരിന് ക്ലീന്‍ ചിറ്റ് നല്‍കാനുള്ള നീക്കത്തിലാണ് ഡല്‍ഹി പോലീസ്.

സുനന്ദ മദ്യപിച്ചിരുന്നില്ലെന്ന് പോസ്ട്ട്മോര്‍ട്ടത്തില്‍ വ്യക്തമായിട്ടുണ്ട്. മുപ്പതിനടുത്ത് അല്‍പ്രാക്സ് ഗുളികയെങ്കിലും സുനന്ദ കഴിച്ചിട്ടുണ്ടെന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയ എഐഐഎംഎസിലെ ഡോക്ടര്‍മാരുടെ സംഘം കരുതുന്നത്. ചെറിയ അളവില്‍ അപകടകാരിയല്ല അല്‍പ്രാക്സ്. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ അമിതമായ അളവില്‍ കഴിച്ചാല്‍ ഇത് വിഷമായി മാറുകയും ആള്‍ അബോധാവസ്ഥയിലേക്ക് പോകുകയും ചെയ്യാം. ശരിയായ സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നെന്നും റിപ്പോര്‍ട്ട് പറയുന്നു.

സുനന്ദ ആത്മഹത്യ ചെയ്തതാണെന്നോ അല്ലെന്നോ തങ്ങള്‍ പറയുന്നില്ല എന്നാണ് ഡോക്ടര്‍മാരുടെ നിലപാട്. ബലമായി ആരെങ്കിലും മരുന്ന് കഴിപ്പിച്ചതാണോ എന്ന കാര്യവും അന്വേഷണത്തിലൂടെയേ കണ്ടെത്താന്‍ കഴിയൂ. സുനന്ദയുടെ കൈ, കഴുത്ത്, കവിള്‍ എന്നിവിടങ്ങളിലായി 12 ചെറിയ മുറിവുകള്‍ ഉണ്ട്. ഇവ മരണകാരണമല്ല. എന്നാല്‍, മരണത്തിന് മുമ്പ് പിടിവലിയിലോ മറ്റോ സംഭവിച്ചതാകാം എന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും രാസപരിശോധനാ റിപ്പോര്‍ട്ടും സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അലോക് ശര്‍മയ്ക്ക് കൈമാറി. എസ്ഡിഎം നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം പോലീസിന് തുടര്‍നടപടി സ്വീകരിക്കേണ്ടിവരും.

അതേസമയം, സുനന്ദ താമസിച്ചിരുന്ന ഹോട്ടല്‍മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയില്‍ ആയിരുന്നില്ലെന്ന് എസ്ഡിഎം കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. മുറി അകത്തുനിന്ന് കുറ്റിയിട്ട നിലയില്‍ ആയിരുന്നു എന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത്.

സുനന്ദയെപ്പോലെ വിദ്യാസമ്പന്നയായ ഒരു സ്ത്രീ അപകടം മനസിലാക്കാതെ  മുപ്പതോളം ഗുളികകള്‍ ഒറ്റയടിക്ക് കഴിക്കില്ല എന്നത് നിശ്ചയം. വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷത്തിനുള്ളില്‍ ഭാര്യ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹികപീഡന നിയമപ്രകാരം കേസെടുക്കണം. എന്നാല്‍, എസ്ഡിഎം റിപ്പോര്‍ട്ട് നല്‍കുന്നതിനു മുമ്പ്തന്നെ ശശി തരൂരിന് മരണത്തില്‍ ഒരു തരത്തിലുള്ള ഉത്തരവാദിത്തവും ഇല്ല എന്ന രീതിയില്‍ ഡല്‍ഹി പോലീസ് മാധ്യമങ്ങള്‍ക്ക് വാര്‍ത്ത‍ ചോര്‍ത്തി നല്‍കുന്നുണ്ട്.

Leave a Reply