jio 800x100
jio 800x100
728-pixel-x-90
<< >>

സുധീരന് മുന്നില്‍ അധീരര്‍ ആകുന്നവര്‍

കേരളത്തിലെ കോണ്‍ഗ്രസിന്‍റെ അമരക്കാരനായി വി എം സുധീരന്‍ വരുമ്പോള്‍ ആശങ്കപ്പെടുന്നത് എതിരാളികള്‍ മാത്രമല്ല. സ്വപക്ഷത്തുള്ളവര്‍ കൂടിയാണ്. അതുകൊണ്ടുതന്നെയാണ് കെപിസിസി പ്രസിഡന്റായുള്ള സുധീരന്‍റെ നിയമനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നതും. മുന്നില്‍ നിന്ന് മാത്രമല്ല പിന്നില്‍ നിന്നുള്ള വെട്ടും സുധീരന്‍ കരുതിയിരിക്കണമെന്ന് സാരം.

എന്തുകൊണ്ടാണ് ഒരാള്‍ ഒപ്പമുള്ള നേതാക്കള്‍ക്ക് അനഭിമതനും അണികള്‍ക്ക് ആദരണീയനുമാകുന്നത്. സുധീരന്‍ പ്രസിഡന്‍റ് ആകാതിരിക്കാന്‍ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും ഉമ്മന്‍‌ചാണ്ടിയും രമേശ്‌ ചെന്നിത്തല യും പുറത്തെടുത്തിരുന്നു. എന്നാല്‍, ഇരുവര്‍ക്കും സുധീരനോടുള്ള വിരോധം വ്യക്തിതാല്‍പര്യങ്ങളുടെ പേരിലുള്ളതാണെന്ന് ഹൈക്കമാണ്ട് തിരിച്ചറിഞ്ഞു എന്ന് വേണം കരുതാന്‍. പലരും ചിത്രീകരിക്കാന്‍ ശരിക്കുന്നതുപോലെ താന്‍ വെറുമൊരു അമുല്‍ബേബിയല്ലെന്ന് തെളിയിക്കുകയാണ് ഇത്തരം ചില തീരുമാനങ്ങളിലൂടെ രാഹുല്‍ ഗാന്ധി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഭൂരിപക്ഷം ലഭിക്കാന്‍ ഇടയാക്കിയതും യുവാക്കള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കാനുള്ള രാഹുലിന്‍റെ തീരുമാനം ആയിരുന്നല്ലോ.

ഇന്ദിരാഗാന്ധിയുടെ കാലം മുതല്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നിലനിന്നിരുന്ന കീഴ്വഴക്കമാണ് ഇപ്പോള്‍ പൊളിച്ചെഴുതിയിരിക്കുന്നത്. ഗ്രൂപ്പില്ലാത്തവന് അനാഥപ്രേതത്തിന്‍റെ വില പോലുമില്ലാത്ത അവസ്ഥയായിരുന്നു ഏറെക്കാലമായി കോണ്‍ഗ്രസില്‍. കാല് നക്കിയും കാല് വെട്ടിയുമുള്ള പകിടകളിക്കപ്പുറം ജനങ്ങളുമായി സംവദിക്കാന്‍ കഴിയുകയാണ് നേതൃത്വം ചെയ്യേണ്ടതെന്ന് വൈകിയെങ്കിലും കോണ്‍ഗ്രസ് മനസിലാക്കിയിരിക്കുന്നു.

തങ്ങള്‍ വരയ്ക്കുന്ന വരയ്ക്കപ്പുറം പോകില്ലെന്ന് ഉറപ്പുള്ള ജി കാര്‍ത്തികേയനെ കെപിസിസി പ്രസിഡണ്ടായി അവരോധിക്കാനായിരുന്നു ഉമ്മന്‍‌ചാണ്ടിയുടെയും ചെന്നിത്തലയുടെയും ശ്രമം. പരസ്പരം മല്‍സരിക്കുമ്പോഴും തങ്ങളല്ലാതെ ഒരു അധികാരകേന്ദ്രം സംസ്ഥാന കോണ്‍ഗ്രസില്‍ ഉണ്ടാകാതിരിക്കാനുള്ള തന്ത്രമാണ് ഇരുവരും പയറ്റിയത്. പക്ഷേ , ആ പരിപ്പ് ഹൈക്കമാണ്ട് വെച്ച വെള്ളത്തില്‍ വെന്തില്ല.

ഉറപ്പുള്ളതും വ്യക്തവുമായ നിലപാടുകളാണ് കോണ്‍ഗ്രസില്‍ സുധീരനെ വേറിട്ടുനിര്‍ത്തുന്നത്. ഒരുപക്ഷേ, മുന്നോട്ടുള്ള വഴിയില്‍ പാര്‍ട്ടിയിലെ തന്നെ എതിരാളികളോടാകും സുധീരന്‍ കൂടുതല്‍ പോരടിക്കേണ്ടി വരിക.

സുധീരന്‍റെ വരവ് ഇടതുമുന്നണിക്കും ആശങ്ക സമ്മാനിക്കുന്നുണ്ട്. സോളാര്‍ കേസും മറ്റുമായി സര്‍ക്കാര്‍ പ്രതിരോധത്തിലായതോടെ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ വാക്കോവര്‍ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇടതുമുന്നണി. എന്നാല്‍, സുധീരന്‍റെ ഭാരവാഹിത്വം കോണ്‍ഗ്രസിനെ ഉണര്‍ത്തിയേക്കുമെന്നു അവര്‍ ഭയപ്പെടുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തന്നെ സുധീരനെതിരായ ആക്രമണവുമായി രംഗതെത്തിയത് അതിന്‍റെ സൂചനയാണ്.

കേരളരാഷ്ട്രീയത്തില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ജാതിമതസംഘടനകള്‍ ചെലുത്തുന്ന സ്വാധീനം കുറയ്ക്കാനും സുധീരന്‍റെ നിയമനം ഇടയാക്കിയേക്കും. ഈഴവനായ സുധീരനെ പ്രസിഡന്റ് ആക്കിയത് നന്നായി എന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഒരു ഉളുപ്പുമില്ലാതെ പ്രഖ്യാപിക്കുന്നു. പണ്ട് ആലപ്പുഴ ലോക്സഭാ മണ്ഡലത്തില്‍ സുധീരനെ തോല്‍പിക്കാന്‍ ശ്രമിച്ചതും ഇപ്പോള്‍ കെപിസിസി പ്രസിഡന്റ് ആയേക്കുമെന്ന് വാര്‍ത്ത‍ വന്നപ്പോള്‍ ഡല്‍ഹിക്ക് കമ്പിയടിച്ചതും വെള്ളാപ്പള്ളി മറന്നാലും മലയാളികള്‍ മറക്കില്ല. ഏതെങ്കിലും സമുദായപ്രമാണിമാരുടെ തിണ്ണ നിരങ്ങിയല്ല സുധീരന്‍ ഈ പദവിയില്‍ എത്തിയത് എന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്ക് അറിയാം.

Leave a Reply