728-pixel-x-90-2-learn
728-pixel-x-90
<< >>

സുധീരന്‍ തുറന്ന പോരിന്; കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം

 

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസിലെ പോര് മുറുകുന്നു. തനിക്കെതിരെ എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക്‌ മറുപടിയുമായി കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ രംഗത്ത്‌ വന്നു. കെ കരുണാകരനെ പിന്നില്‍ നിന്ന് കുത്തിയവരാണ് ഇപ്പോള്‍ കാര്യക്കരെന്നും സുധീരന്‍ പറഞ്ഞു.

റിപ്പോര്‍ട്ടര്‍ ടി വിയുടെ ക്ലോസ് എന്‍കൌണ്ടര്‍ പരിപാടിയില്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ സുധീരന്‍ പേരെടുത്ത് വിമര്‍ശിച്ചു. തിരുവനന്തപുരത്ത് നടന്ന മദ്യവിരുദ്ധറാലിയില്‍ താന്‍ നടത്തിയ പരാമര്‍ശം കെ ബാബുവിനും അഡ്വക്കേറ്റ് ജനറലിനുമുള്ള മറുപടിയാണ്. പുതിയ മദ്യനയം യുഡിഎഫ് യോഗത്തില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി ഞാനുമായി ചര്‍ച്ച നടത്തിയിട്ടില്ല. എന്നാല്‍ ഇത്തരം സാങ്കേതികതയില്‍ വിശ്വസിക്കുന്നിലെന്നും മുഖ്യമന്ത്രിയും താനുമായി യുദ്ധമൊന്നുമില്ലെന്നും സുധീരന്‍ പറഞ്ഞു.

എജിക്കെതിരെ പറഞ്ഞാല്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമാകുമെന്ന് കരുതുന്നില്ല. ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തലയ്ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ തന്നോട് നേരിട്ട് പറയാമെന്നും സുധീരന്‍ പറഞ്ഞു.

എ ഗ്രൂപ്പ് നേതാകളായ മന്ത്രി കെ ബാബുവും എം എം ഹസനും കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പ്രസ്താവനകള്‍ക്കുള്ള മറുപടിയാണ് സുധീരന്‍ നടത്തിയത്. ബാര്‍ വിഷയത്തില്‍ കോടതിയില്‍ നിന്നുള്ള പ്രതികൂല നടപടി ചോദിച്ചുവാങ്ങിയതാണെന്ന സുധീരന്റെ പ്രസ്താവനക്കെതിരെ ബാബു പരസ്യമായി രംഗത്ത്‌ വന്നിരുന്നു. ഇത്തരം പ്രസ്താവനകള്‍ എത്ര വലിയവര്‍ നടത്തിയാലും അംഗീകരിക്കില്ലെന്ന് ബാബു പറഞ്ഞു. ബാര്‍ വിഷയത്തില്‍ ഭരണപക്ഷത്തുള്ള ചിലര്‍ പ്രതിപക്ഷത്തിന്റെ റോള്‍ ഏറ്റെടുക്കുകയാണെന്നും ബാബു വിമര്‍ശിച്ചു. മുഖ്യമന്ത്രിയെ മദ്യലോബിയുടെ ആളാക്കി ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിച്ചതായി സുധീരനെ പേരെടുത്ത് പറയാതെ ഹസന്‍ കഴിഞ്ഞദിവസം ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം സുധീരനെതിരെ എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സുധീരന്റെ നിലപാടുകളിലുള്ള പ്രതിക്ഷേധം ഹൈക്കമാന്‍ഡഡിനെ അറിയിക്കാനും ഇരുഗ്രൂപ്പുകളും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply