ന്യൂഡല്‍ഹി:നിയമസഭാ തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി കോണ്‍ഗ്രസ് പുകുയന്നു.ആരോപണ വിധേയരായവര്‍ തെരഞ്ഞെടുപ്പ് രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന സുധീരന്റെ നിലപാടും അതിനെതിരെ ഉമ്മന്‍ചാണ്ടിയുടെ തീരുമാനവുമാണ് കാര്യങ്ങള്‍ കുഴക്കുന്നത്.തര്‍ക്കം പരിഹരിക്കുന്നതിനായി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക ചര്‍ച്ച പുരോഗമിക്കുകയാണ്.ഇതിനിടെ ടി എന്‍ പ്രതാപന്റെ ഇരട്ടത്താപ്പ് വെളിവായത് ശ്രദ്ധേയമായി.
കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെ സങ്കീര്‍ണ്ണമാകുന്ന കാഴ്ച്ചയാണ് ശനിയാഴ്ച്ച കണ്ടത്.പ്രശ്നം മൂര്‍ച്ഛിക്കുന്നതിനിടെ താന്‍ മാറിനില്‍ക്കാം സുധീരനോ ആന്റണിയോ തെരഞ്ഞെടുപ്പ് നയിക്കട്ടെയെന്ന് അറ്റകൈപ്രയോഗം ഉമ്മന്‍ചാണ്ടി പയറ്റി.ആരോപണ വിധേയരായവര്‍ മാറിനിന്നാല്‍ അവര്‍ക്കൊപ്പം താനും മാറിനില്‍ക്കും താന്‍ നയിക്കുന്ന മന്ത്രിസഭയ്ക്ക് നേരേയാണ് ആരോപണം ഉയര്‍ന്നത് അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം തനിക്കുണ്ടെന്ന തീരുമാനത്തില്‍ ഉമ്മന്‍ ചാണ്ടി അടിയുറച്ചു നിന്നു.ബാബുവിനെയും അടൂര്‍ പ്രകാശിനെയും സ്ഥാനാര്‍ത്ഥികളാക്കരുതെന്ന സുധീരന്റെ തീരുമാനത്തോട് യോജിച്ചുള്ള ഫോര്‍മുല ഹൈക്കമാന്‍ഡ് തയ്യാറാകുന്നതിനിടെയാണ് ഉമ്മന്‍ചാണ്ടിയുടെ പിടിവാശി തെരഞ്ഞെടുപ്പില്‍ നിന്നും മാറി നില്ക്കാം എന്ന ഭീഷണിയായി എത്തിയത്.വെള്ളിയാഴ്ച്ച കെ സി ജോസഫിന്റെയും ബെന്നി ബഹനാന്റെയും അടക്കം നാല് സീറ്റുകളിലാണ് സുധീരന് മാറ്റം വേണമെന്ന് നിര്‍ബന്ധിച്ചിരുന്നത്.എന്നാല്‍ ഇന്ന് ബാബുവിന്റെയും പ്രകാശിന്റെയും കാര്യത്തില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.അങ്ങനെയാണ് ഈ തീരുമാനം അംഗീകരിച്ചുകൊണ്ടുള്ള ഫോര്‍മുല ഹൈക്കമാന്‍ഡ് ഒരുക്കിത്തുടങ്ങിയത്.ഇതോടെയാണ് കാര്യങ്ങള്‍ തകിടംമറിച്ചുകൊണ്ടുള്ള ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെ സങ്കീര്‍ണ്ണമായതോടെ സുധീരന്,ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല എന്നിവര്‍ സോണിയയുടെ നേതൃത്വത്തില്‍ നിര്‍ണ്ണായക ചര്‍ച്ച ഡല്‍ഹിയില്‍ തുടങ്ങിയതായാണ് അറിയുന്നത്.ഡല്‍ഹിയിലുള്ള മൂന്ന് നേതാക്കളും ഒരുമിച്ച് ഒരേ കാറിലാണ് സോണിയയുടെ വസതിയിലേക്ക് പുറപ്പെട്ടത്.
ഇതിനിടെ ടി എന്‍ പ്രതാപന് മത്സരരംഗത്ത് നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതായുള്ള പ്രഖ്യാപനങ്ങള്‍ ഇരട്ടത്താപ്പായിരുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കൗതുകമായി.വെള്ളിയാഴ്ച്ച പ്രതാപനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.കയ്പമംഗലത്ത് മത്സരിക്കാന്‍ തീരുമാനമാകുകയും ചെയ്തു.ഇതേ സീറ്റ് ആവശ്യപ്പെട്ട് പ്രതാപന് നേരത്തെ തന്നെ ഹൈക്കമാന്‍ഡില്‍ കത്തയച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവുന്നത്.ഇതോടെയാണ് മത്സരരംഗത്ത് നിന്നും സ്വയം മാറിനില്ക്കാന് പ്രഖ്യാപിച്ച പ്രതാപന്റെ ഇരട്ടത്താപ്പ് വെളിവായത്.ഇതിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നുവെന്നാണ് പ്രതാപന് മാധ്യമങ്ങള്‍ക്ക് നല്കുന്ന വിശദീകരണം.താന്‍ കത്തയച്ചില്ലെന്നും അദ്ദേഹം പറയുന്നു.
INDIANEWS24.COM NEWDELHI