jio 800x100
jio 800x100
728-pixel-x-90
<< >>

സി പി എം യാഥാര്‍ഥ്യത്തിലേക്ക് ചുവടു വെയ്ക്കുന്നു

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ പരാജയം സി പി എമ്മിനെ ഇരുത്തി ചിന്തിപ്പിക്കുന്നു. ഇന്ന് ചേര്‍ന്ന പി ബി യോഗം തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പ്രാഥമിക വിലയിരുത്തല്‍ നടത്തി.

ന്യൂനപക്ഷധ്രുവീകരണം കേരളത്തിലെ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് അനുകൂലമായി വര്‍ത്തിച്ചതായി പി ബി വിലയിരുത്തി.ബംഗാളില്‍ മുപ്പതു ശതമാനം വോട്ട് ലഭിച്ചിട്ടും സി പി എം രണ്ടു സീറ്റില്‍ മാത്രമായി ചുരുങ്ങിയത് സൂക്ഷ്മതയോടെ വിശകലനം ചെയ്യണമെന്നു പി ബി യില്‍ ആവശ്യമുയര്‍ന്നു. തിരുവനന്തപുരം,കൊല്ലം മണ്ഡലങ്ങളിലേറ്റ തിരിച്ചടി പ്രത്യകം അവലോകനം ചെയ്യും.അതേ സമയം താന്‍ എം എല്‍ എ എന്ന നിലയില്‍ പ്രതിനിധാനം ചെയ്യുന്ന കുണ്ടറ മണ്ഡലത്തില്‍ പിന്നില്‍ പോയതിനാല്‍ എം എല്‍ എ സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്ന് എം എ ബേബി പിബി യെ അറിയിച്ചു.ധാര്‍മ്മികമായി തനിക്ക് തുടരാനര്‍ഹതയില്ലെന്ന് ബേബി പറഞ്ഞു.ഇതടക്കമുള്ള കേരളത്തിലെ കാര്യങ്ങള്‍ കേരളത്തിലെ സംസ്ഥാന കമ്മിറ്റിയും സെക്രട്ടറിയെറ്റും ചര്‍ച്ച ചെയ്യും.

നേതൃമാറ്റമടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നു പ്രകാശ് കാരാട്ട് പറഞ്ഞു.നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് അന്തിമ തീരുമാനം എടുക്കുന്നതിനായി ജൂണ്‍ ആറിന് വീണ്ടും പി.ബി യോഗം ചേരുമെന്നും പി.ബിയിലെ തീരുമാനങ്ങള്‍ ജൂണ്‍ ഏഴിനും എട്ടിനും ചേരുന്ന കേന്ദ്രകമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.

വിവിധ മാധ്യമങ്ങളില്‍  ഇക്കഴിഞ്ഞ ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട  ചര്‍ച്ചകളില്‍ സി പി എം നേതാവ് തോമസ്‌ ഐസക് സ്വയം വിമര്‍ശനാത്മകമായി സംസാരിക്കുകയുണ്ടായി.മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങള്‍ അനുസരിച്ച് പാര്‍ട്ടിയും മാറേണ്ടതുണ്ടെന്നു അദ്ദേഹം പറഞ്ഞു.ഇക്കാലത്ത് പലപ്പോഴും സ്ഥാനാര്‍ഥികളുടെ വ്യക്തിബന്ധങ്ങളും ഇമേജും രാഷ്ട്രീയനിറത്തിനും അപ്പുറമായി പ്രവര്‍ത്തിക്കാറുണ്ട് എന്നദ്ദേഹം പറയുകയുണ്ടായി.പഴയത് പോലെ പാര്‍ട്ടി തീരുമാനിച്ചു അവതരിപ്പിക്കുന്ന ഒരു സ്ഥാനാര്‍ഥിയെ അനുഭാവികളും നിഷ്പക്ഷമതികളും എന്തിനേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലും സ്വീകരിച്ചു കൊള്ളണമെന്നില്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.പാര്‍ട്ടിക്ക് പല മണ്ഡലങ്ങളിലുമുണ്ടായ വോട്ട് ചോര്‍ച്ച ഇപ്രകാരം സംഭവിച്ചതാകാം എന്നദ്ദേഹം വിലയിരുത്തി.

ആം ആദ്മി പാര്‍ട്ടി ഉയര്‍ത്തിക്കൊണ്ട് വന്നു ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വീകാര്യത നേടിയ പല വിഷയങ്ങളും സി പി എം കാലങ്ങളായി പറയുന്നതണെങ്കിലും അവയ്ക്ക് ജനസ്വീകാര്യത നേടിയെടുക്കാന്‍ സി പി എമ്മിന് കഴിഞ്ഞില്ല എന്ന് തോമസ് ഐസക് വിലയിരുത്തി.ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതിനും സ്നേഹാദരങ്ങള്‍ നേടുന്നതിനും പാര്‍ട്ടിപ്രവര്‍ത്തകരുടെയും നേതാക്കളുടെയും സമീപനത്തില്‍ കാതലായ മാറ്റങ്ങളുണ്ടാകണമെന്ന് അദ്ദേഹം ഭംഗ്യന്തരേണ സൂചിപ്പിച്ചു.

ഇടതുപക്ഷ വോട്ടുകള്‍ ബി ജെ പി യിലേക്ക് പോകുന്ന ഒരു സാഹചര്യം ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ സംജാതമായതായി സി  പി എം യുവ നേതാവ് കെ എന്‍ ബാലഗോപാല്‍  റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു.ഇത് പരിശോധിച്ച് വേണ്ട നടപടികള്‍ അടിയന്തിരമായി സ്വീകരിക്കുമെന്നു അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ്‌ പല മണ്ഡലങ്ങളിലും സി പി എം വോട്ടുകള്‍ ബി ജെ പിയിലേക്ക് മറിഞ്ഞതായുള്ള യു ഡി എഫ് സ്ഥാനാര്‍ഥി ടി.സിദ്ദിഖിന്റെ ആരോപണം ഏറെക്കുറെ അദ്ദേഹം ശരി വച്ചു.

മുസ്ലീം ലീഗും കേരള കോണ്‍ഗ്രസും കേരള രാഷ്ട്രീയത്തില്‍ പിടിമുറുക്കുന്ന സാഹചര്യത്തില്‍ ഭൂരിപക്ഷസമുദായ വോട്ടുകള്‍ ബി ജെ പി യിലേക്ക് പോകുന്ന സാഹചര്യമുണ്ടാകും എന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍ ഇതിനോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.

കൊല്ലം മണ്ഡലത്തില്‍ നായര്‍ വോട്ടുകള്‍ ഏകദേശം പൂര്‍ണ്ണമായും എന്‍ കെ പ്രേമചന്ദ്രന് അനുകൂലമായി സമാഹാരിക്കപ്പെട്ടു,ബി ജെ പി തങ്ങളുടെ മുഖ്യ എതിരാളിയായ സി പി എമ്മിന്റെ സമുന്നത നേതാവിനെ തോല്‍പ്പിക്കാന്‍ പ്രേമചന്ദ്രന് വേണ്ട ഒത്താശ ചെയ്തു കൊടുത്തു  തുടങ്ങി ചാനല്‍  ചര്‍ച്ചകളില്‍ സി പി എം നേതാക്കള്‍ ഉന്നയിക്കുന്നത്‌  ഗുരുതരമായ ആരോപണങ്ങള്‍ തന്നെയാണ്.അതൊന്നും ജനാധിപത്യത്തിനു ഭൂഷണവുമല്ല. പക്ഷെ എന്ത് കൊണ്ട് സി പി എമ്മിന് പരമ്പരാഗത വോട്ടുകള്‍ നേടാനായില്ല എന്നതും പരിശോധിക്കപ്പെടെണ്ടാതാണ്.

സി പി എം നേതൃത്വം നേരിടുന്ന ഗുരുതരമായ ആരോപണം തിരുവനന്തപുരം,പത്തനംതിട്ട,എറണാകുളം,പൊന്നാനി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയമാണ്. തെരഞ്ഞെടുപ്പ് വിജയം നേടിയെങ്കിലും ഇടുക്കി മണ്ഡലത്തില്‍ വിജയം മാത്രം ലാക്കാക്കി സി പി എം പ്രവര്‍ത്തിച്ചു എന്നും ആരോപണമുണ്ട്.സംസ്ഥാനമൊട്ടാകെ സി പി എമ്മിനെ ഇത് മോശമായി ബാധിച്ചു എന്ന വിലയിരുത്തലാണുള്ളത്.

സി പി എം പോലൊരു പാര്‍ട്ടി മാത്രമാണ് ഇന്ന് കേരളത്തില്‍ മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്നത്.സി പി എമ്മിന്റെ തകര്‍ച്ച ബി ജെ പിയുടെയും പ്രാദേശിക ന്യൂനപക്ഷ സമുദായ പാര്‍ട്ടികളുടെയും വളര്‍ച്ചയ്ക്കായിരിക്കും  വളമാകുക എന്നത് നിസ്തര്‍ക്കമാണ്.കോണ്‍ഗ്രസ് പാര്‍ട്ടിയാകട്ടെ  ഭരണ നേട്ടത്തിനും ലോക്സഭ സീറ്റുകള്‍ നേടുന്നതിനുമായി  തങ്ങളുടെ മത നിരപേക്ഷത പണയം വെച്ചിട്ട് കാലങ്ങളായി.വിജയത്തിനായി ഏത് മത-സമുദായ നേതാവിനെയും കൂട്ട് പിടിക്കാനോ കാല് പിടിക്കാനോ കോണ്‍ഗ്രസ് യാതൊരു മടിയോ ഉളുപ്പോ കാണിക്കാറില്ല.മുസ്ലീം   ലീഗും കേരള കോണ്‍ഗ്രസുമാണ് ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസിനെ നില നിര്‍ത്തുന്നത് എന്ന വസ്തുത ഈ തെരഞ്ഞെടുപ്പോടെ കൂടുതല്‍ വെളിപ്പെട്ടിരിക്കുകയാണ്.സി പി എമ്മിന്റെ തകര്‍ച്ച കേരളത്തില്‍ കോണ്‍ഗ്രസിനെയും ബാധിക്കും എന്നുറപ്പാണ്.

സി പി എമ്മിനൊപ്പം കോണ്‍ഗ്രസും ഇക്കാര്യങ്ങള്‍ സ്വയം വിമര്‍ശനാത്മകമായി പരിശോധിക്കുകയും കേരളത്തിലെ മത നിരപേക്ഷത നില നിര്‍ത്താന്‍ ഒരുമിച്ചു പ്രവര്‍ത്തിക്കേണ്ട സാഹചര്യമാണോ നിലവിലുള്ളത് എന്ന് പരിശോധിക്കുകയും വേണം.

അതോടൊപ്പം ഇടതു പക്ഷ പാര്‍ട്ടികള്‍ എന്ന ലേബല്‍ പേറുന്ന കക്ഷികള്‍ തങ്ങളുടെ ചെറിയ നേട്ടങ്ങള്‍ക്കായി അസ്ഥിത്വം നഷ്ടമാക്കുന്ന നയങ്ങളില്‍ നിന്നും പിന്മാറണം.വീരേന്ദ്രകുമാറിന്റെ എസ് ജെ ഡി യെപ്പോലുള്ള കക്ഷികള്‍ക്കും ഈ തെരഞ്ഞെടുപ്പ് സമ്മാനിക്കുന്നത് യഥാര്‍ഥ്യബോധത്തിലേക്ക് തിരിച്ചു വരാനുള്ള ഒരവസരമാണ്.

സി പി എം -സി പി ഐ കക്ഷികള്‍ ഇനിയും എന്തിനാണ് ഭിന്നിച്ച് നില്‍ക്കുന്നത് എന്നത്‌ തീര്‍ത്തും ഉത്തരം കിട്ടാത്ത ഒരു സമസ്യയാണ്.സി പി ഐ യുടെ രാജ്യത്തെ  ഏക എം പിയായ സി എന്‍ ജയദേവന്‍ ഇന്ന് ഇക്കാര്യം വീണ്ടും ഇരു പാര്‍ട്ടികളെയും ഓര്‍മ്മിപ്പിച്ചു.ഹിറ്റ്‌ലര്‍ സംബന്ധിയായ ഒരു ചരിത്ര മണ്ടത്തരം അദ്ദേഹം ഓര്‍മ്മിപ്പിച്ചു.ഹിറ്റ്ലര്‍ ജൂതന്മാരെ പിടികൂടിയപ്പോള്‍ സോഷ്യലിസ്റ്റുകളും ഡെമോക്രാറ്റുകളും സന്തോഷിച്ചു.പിന്നീട് ഹിറ്റ്ലര്‍ സോഷ്യലിസ്റ്റുകളെ പിടികൂടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ പ്രതികരിച്ചില്ല.ഒടുവില്‍ ഡെമോക്രാറ്റുകളും ജയിലിലായി. മൂന്നു കൂട്ടരും ജയിലിലായപ്പോള്‍ അവര്‍ ഒരുമിച്ചു നിന്നിരുന്നെങ്കില്‍ ഇപ്രകാരം സംഭവിക്കില്ലായിരുന്നു എന്ന് “ഒരുമിച്ചു ചിന്തിച്ചു”.ചിന്തനീയമാണ് ജയദേവന്റെ വാക്കുകള്‍.പക്ഷെ ഇത് പതിക്കുന്നത് ബധിരകര്‍ണ്ണങ്ങളിലാണ് എന്നതാണ് ഇന്ന് ഇടതു പക്ഷം നേരിടുന്ന വെല്ലുവിളി.

വാല്‍ക്കഷണം:എറണാകുളത്തെ ഒരു പ്രമുഖ സി പി എം സഹയാത്രികന്‍ ഇപ്രകാരം പറഞ്ഞു ,കാലങ്ങള്‍ക്ക് ശേഷം സി പി എമ്മില്‍ ഒരു ആശയ സമരം മണക്കുന്നു. വി എസ് – പിണറായി പോര് ഒരിക്കലും ആശയപരമായിരുന്നില്ല.ആശയ സമരങ്ങള്‍ എന്നും പാര്‍ട്ടിയെ വളര്‍ത്തിയിട്ടേ ഉള്ളൂ.ബേബിയുടെ കൊല്ലം തോല്‍വിയെത്തുടര്‍ന്നുള്ള “ധാര്‍മ്മിക രാജി ഭീഷണിയും” തോമസ്‌ ഐസക്കിന്റെയും ബാലഗോപാലിന്റെയും കുമ്പസ്സാരങ്ങളും യുവ എം പി മാരുടെ വന്‍ വിജയവും ഒക്കെ ഒരു ചേരിയില്‍ ആരൊക്കെ അണിനിരക്കും എന്ന് സുവ്യക്തമാക്കുന്നു.മറു ചേരിയില്‍ ആരൊക്കെയായിരിക്കും എന്നത് ചിന്തനീയമാണ്.ഇന്നത്തെ സാഹചര്യത്തില്‍ “മറു ചേരി” നിഷ്പ്രഭമാകാനാണ് സാധ്യത.ഇതില്‍ വി എസ്സും പിണറായിയും ഏത് ഭാഗത്തായിരിക്കും നില കൊള്ളുക? ഏതായാലും ഈ ആശയ സമര പ്പോരില്‍ ഇരുവര്‍ക്കും നേതൃ സ്ഥാനം ഉണ്ടാകാനിടയില്ല. പക്ഷെ ഇരുവരും പി ബി നേതൃ നിരയിലുണ്ടാകും എന്നുറപ്പിക്കാം.മറ്റ് ചില പി ബി അംഗങ്ങള്‍ക്ക് ഒരു പക്ഷെ പി ബി സ്ഥാനം നഷ്ടമായേക്കാം”.

സി പി എമ്മിന്റെ നവ വസന്തമാണ് ആ സഖാവിന്റെ കണ്ണുകളില്‍ ഇത് പറയവേ കണ്ടത്. സി പി എം യഥാര്‍ഥ്യത്തിലേക്ക് ചുവട് വെയ്ക്കുകാണോ ?

SJP INDIANEWS24

 

Leave a Reply