jio 800x100
jio 800x100
728-pixel-x-90
<< >>

സിസ്‌റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ട ജീവപര്യന്തം,സിസ്‌റ്റർ സെഫിക്ക്‌ ജീവപര്യന്തം

തിരുവനന്തപുരം:സിസ്‌റ്റർ അഭയവധക്കേസിൽ പ്രതികളായ ഫാദർ തോമസ്‌ കോട്ടൂരിന്‌ ഇരട്ടജീവപര്യന്തവും സിസ്‌റ്റർ സെഫിക്ക്‌ ജീവപര്യന്തം ശിക്ഷയും വിധിച്ചു. സിബിഐ തിരുവനന്തപുരം പ്രത്യേക കോടതി ജഡ്‌ജി കെ സനിൽകുമാർ ആണ്‌ ശിക്ഷ വിധിച്ചത്‌. ഇതിന്‌ പുറമെ 5 ലക്ഷം രൂപ വീതം പിഴയും തെളിവ്‌ നശിപ്പിക്കലിന്‌ 7 വർഷം ശിക്ഷയും വിധിച്ചിട്ടുണ്ട്‌. ശിക്ഷ ഒരുമിച്ച്‌ അനുഭവിച്ചാൽ മതി.രണ്ടാം പ്രതി ഫാദർ ജോസ്‌ പുതൃക്കലിനെ കോടതി നേരത്തേ വെറുതെ വിട്ടു. കോവിഡ്‌ പരിശോധനയ്‌ക്കുശേഷം ഫാദർ തോമസ്‌ കോട്ടൂരിനെ പൂജപ്പുര സെൻട്രൽ ജയിലിലും സിസ്‌റ്റർ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലും അടച്ചിരുന്നു.

ഇരുപത്തിയെട്ട്‌ വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ്‌   സിസ്‌റ്റർ അഭയ വധക്കേസിൽ വിധിവരുന്നത്‌.  മൊഴിമാറ്റിയും തെളിവുനശിപ്പിച്ചും‌ നിയമവ്യവസ്ഥയെ അപഹസിച്ച അഭയ കൊലപാതക കേസിൽ ഒന്നാം പ്രതി ഫാദർ തോമസ്‌ കോട്ടൂർ, മൂന്നാം പ്രതി സിസ്‌റ്റർ സെഫി എന്നിവർ കുറ്റക്കാരെന്ന്‌ കോടതി ഇന്നലെ വിധിച്ചിരുന്നു.

രാവിലെ 11ന്‌ കേസിന്റെ ശിക്ഷാവിധിയിൽ വാദം കേട്ടു . തുടർന്ന്‌ ശിക്ഷ വിധിക്കുകയായിരുന്നു. പ്രതികൾക്ക്‌ പരമാവധി ശിക്ഷ നൽകണമെന്ന്‌ പ്രോസിക്യൂഷൻ വാദിച്ചു. പ്രായവും കാൻസർ രോഗവും പരിഗണിച്ച്‌ പരമാവധി ശിക്ഷ കുറച്ചു തരണമെന്ന്‌ തോമസ്‌ കോട്ടൂരും വൃക്ക, പ്രമേഹ രോഗങ്ങൾ ഉണ്ടെന്നും നിരപരാധിയാണെന്നും സെഫിയും കോടതിയെ അറിയിച്ചു. ശിക്ഷാവിധി കേൾക്കാൻ പ്രതികളെ രാവിലെ ജയിലിൽനിന്ന്‌ കോടതിയിലെത്തിച്ചിരുന്നു.

1992 മാർച്ച് 27നാണ്‌ അഭയയെ ദുരൂഹസാഹചര്യത്തിൽ പയസ്കോ‌ ടെൻത്‌ കോൺ‌വന്റിലെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടത്‌. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും സിബിഐയും അന്വേഷിച്ചെങ്കിലും ആത്മഹത്യയെന്ന്‌ റിപ്പോർട്ട്‌ നൽകി. കോടതിയുടെ രൂക്ഷവിമർശനത്തെ തുടർന്ന്‌ മൂന്നാം തവണയാണ്‌‌ സിബിഐ  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്‌. സിബിഐ പ്രതികളെ അറസ്‌റ്റ്‌ ചെയ്‌തു. തോമസ്‌ കോട്ടൂരിനും ജോസ്‌ പുതൃക്കലിനും സിസ്‌റ്റർ സെഫിയുമായുള്ള അവിഹിതബന്ധം അഭയ കണ്ടതാണ്‌ കൊലയ്‌ക്ക്‌ കാരണമെന്ന്‌ സിബിഐ കണ്ടെത്തി. 2019 ആഗസ്ത്‌ 26ന്‌‌ തിരുവനന്തപുരം സിബിഐ കോടതിയിൽ വിചാരണ ആരംഭിച്ചു‌.   133 പ്രോസിക്യൂഷൻ സാക്ഷികളിൽ 49 പേരെ വിസ്തരിച്ചു.  പത്തുപേർ മൊഴി മാറ്റി.  സംഭവം നേരിൽക്കണ്ട മോഷ്‌ടാവായിരുന്ന  രാജുവിന്റെയും സെഫി  കൃത്രിമമായി കന്യകാചർമംവച്ചുപിടിപ്പിച്ചുവെന്ന ഡോക്ടർമാരുടെയും മൊഴികൾ നിർണായകമായി. പ്രോസിക്യൂഷനു‌വേണ്ടി സിബിഐ പ്രോസിക്യൂട്ടർ എം നവാസ്‌ ഹാജരായി.അഭയയെ കൈക്കോടാലിയുടെ പിടികൊണ്ട്‌ തലയ്‌ക്കടിച്ച്‌ അബോധാവസ്ഥയിലാക്കി കിണറ്റിൽ തള്ളിയെന്നും കുറ്റപത്രത്തിൽ പറഞ്ഞു. 2009 ജൂലൈ 17ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട്‌ കോടതിയിലാണ്‌   സിബിഐ കൊച്ചി യൂണിറ്റ്‌ ഡിവൈഎസ്‌പി നന്ദകുമാർനായർ കുറ്റപത്രം സമർപ്പിച്ചത്‌.

INDIANEWS24 LAW DESK

I

Leave a Reply