728-pixel-x-90-2-learn
728-pixel-x-90
<< >>

സിറിയയില്‍ നിന്ന് തീവ്രവാദികള്‍ മടങ്ങുന്നു; ബ്രിട്ടനില്‍ ജാഗ്രത

ലണ്ടന്‍: സിറിയയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന 250 തീവ്രവാദികള്‍ ബ്രിട്ടനിലേക്ക് മടങ്ങിയതായും നാട്ടില്‍ ആക്രമണങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കുന്നതായും രഹസ്യാന്വേഷണവിഭാഗമായ എംഐ5ന്‍റെ മുന്നറിയിപ്പ്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും പ്രവര്‍ത്തിച്ചിരുന്ന കൊടുംതീവ്രവാദികളും ഇതില്‍പെടും. ലണ്ടന്‍ നഗരത്തില്‍ ആക്രമണം നടത്താന്‍ ഈ തീവ്രവാദികള്‍ ആസൂത്രണം ചെയ്ത പദ്ധതി തങ്ങള്‍ തകര്‍ത്തതായി രഹസ്യാന്വേഷണവിഭാഗവും പോലീസും പറയുന്നു.

യൂറോപ്പില്‍ നിന്നുള്ള രണ്ടായിരത്തോളം തീവ്രവാദികള്‍ സിറിയയിലെ വിമതര്‍ക്കൊപ്പം ഉണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ നൂറുകണക്കിന് പേര്‍ ബ്രിട്ടനില്‍ നിന്നാണ്. യുകെയിലും വിദേശരാജ്യങ്ങളിലും ചാവേര്‍ ആക്രമണങ്ങള്‍ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ മടങ്ങിവരവെന്ന് രഹസ്യാന്വേഷണവിഭാഗം പറയുന്നു. മുംബൈയില്‍ നടന്ന തീവ്രവാദി ആക്രമണത്തിന്‍റെ മാതൃകയില്‍ യുകെയിലെ തിരക്കേറിയ ഒരു നഗരത്തില്‍ ആക്രമണം നടത്താന്‍ തീവ്രവാദികള്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ലണ്ടന്‍ നഗരമാണ് ഇവര്‍ ഉന്നമിട്ടിരുന്നതെന്നാണ് സൂചന. ഈ പദ്ധതി തകര്‍ക്കാന്‍ കഴിഞ്ഞതായി അവകാശപ്പെട്ട എംഐ5 വരും നാളുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് തീവ്രവാദിവിരുദ്ധ സ്ക്വാഡുകള്‍ക്ക് നിര്‍ദേശം നല്‍കി.

സിറിയയിലെ അലെപ്പോയില്‍ ഈ മാസമാദ്യം നടന്ന ചാവേര്‍ ആക്രമണം നടത്തിയത് ഇംഗ്ലണ്ടിലെ വെസ്റ്റ്‌ സസക്സില്‍ നിന്നുള്ള അബ്ദുല്‍ വജീദ് മഹീദ് എന്ന നാല്‍പത്തൊന്നുകാരനാണ്. ആക്രമണം നടത്തുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് ഇയാള്‍ മറ്റ് തീവ്രവാദികള്‍ക്കൊപ്പം പുഞ്ചിരിയോടെ നില്‍ക്കുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ യുട്യൂബിലും മറ്റും പ്രചരിക്കുന്നുണ്ട്. ഇത്തരം വീഡിയോകള്‍ തടയുന്നതിന് ഇന്റര്‍നെറ്റ്‌ കമ്പനികളുടെ സഹായം തേടിയിരിക്കയാണ് ബ്രിട്ടീഷ് സുരക്ഷാ ഉദ്യോഗസ്ഥര്‍.

Leave a Reply