jio 800x100
jio 800x100
728-pixel-x-90
<< >>

പുടിന്‍ യു എസ്സി നെ വെല്ലു വിളിക്കുന്നു:

Russia :സിറിയന്‍ ഗവണ്‍മെന്റ് സേന രാസായുധം പ്രയോഗിച്ചുവെന്ന യു എസ് ആരോപണം ‘ശുദ്ധവിവരക്കേടാണെന്ന് റഷ്യന്‍ പ്രസിടണ്ട് വ്ലാഡമിര്‍ -പുടിന്‍ . ഇത് സാമാന്യ ബുദ്ധിക്ക് നിരക്കുന്നതല്ലെന്നും എന്നും അദ്ദേഹം പറഞ്ഞു .കഴിഞ്ഞ ദിവസം യുഎസ് ഇടപിടലിനെ തടയാന്‍ ലക്ഷ്യം വച്ചുള്ള റഷ്യന്‍ സേനാ നീക്കത്തിനു പിന്നാലെയാണ് ഗുരുതരമായ ആരോപണങ്ങളുമായി പുടിന്‍ രംഗത്ത് വന്നിരിക്കുന്നത്.
സിറിയയില്‍ ഗവണ്‍മെന്റ് സേന രാസായുധ പ്രയോഗം നടത്തിയെന്നതിന് തെളിവുകള്‍ ഹാജരാക്കാന്‍ റഷ്യന്‍ പ്രസിഡന്റ് യു എസിനെ വെല്ലുവിളിച്ചു. സിറിയന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളില്‍ സഹകരിക്കാന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമയോട് പുടിന്‍ ആവശ്യപ്പെട്ടു.
ഓഗസ്റ്റ് 21 ന് സിറിയയിലുണ്ടായ രാസാക്രമണത്തിനുശേഷം ഇതാദ്യമായി വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു പുടിന്‍. സിറിയക്കെതിരെ ശേഖരിച്ച തെളിവുകളുടെയടിസ്ഥാനത്തില്‍ സൈനിക ഇടപെടലിന് യു എസ് ആലോചിക്കുന്ന വേളയില്‍ത്തന്നെയാണ് പുടിന്‍ രംഗത്ത് വന്നിട്ടുള്ളത്.
ഓഗസ്റ്റ് 21നു ശേഷം പ്രസിഡന്റ് ഒബാമയും താനും തമ്മില്‍ സംസാരിച്ചിട്ടില്ലെന്ന് പുടിന്‍ അറിയിച്ചു. വിമതര്‍ക്കെതിരെ ഗവണ്‍മെന്റ് സേന മുന്നേറ്റം നടത്തുകയാണ്. വിമതര്‍ രാസായുധം പ്രയോഗിച്ചുവെന്നതാണ് വസ്തുത. സൈനിക ഇടപെടലിന് അന്താരാഷ്ട്രസമൂഹത്തെ പ്രകോപിപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
സിറിയന്‍ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങള്‍ക്ക് അടുത്തയാഴ്ച സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ നടക്കുന്ന ജി – 20 ഉച്ചക്കോടിയുടെ വേദി ഉപയോഗിക്കണമെന്ന് പുടിന്‍ ആവശ്യപ്പെട്ടു. ബ്രിട്ടനിലെ പാര്‍ലമെന്റിന്റെ തീരുമാനത്തില്‍ സന്തോഷം പ്രകടിപ്പിച്ച പുടിന്‍, അത് തന്നെ അല്‍ഭുതപ്പെടുത്തിയെന്ന് പറഞ്ഞു.
അതേസമയം ‘പരിമിതമായ സൈനിക ആക്രമണം’ എന്ന തീരുമാനത്തില്‍ യു എസ് പ്രസിഡന്റ് ഉറച്ചു നില്‍ക്കുന്നതായാണ് സൂചന. സിറിയയില്‍ രാസായുധപ്രയോഗത്തില്‍ 426 കുട്ടികളുള്‍പ്പടെ 1429പേര്‍ കൊല്ലപ്പെട്ടുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി യു എസ് അവകാശപ്പെട്ടു. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പച്ചക്കള്ളമാണെന്ന് സിറിയ പറഞ്ഞു.എന്നാല്‍ സൈനിക ആക്രമണത്തിനുത്തരവിടുന്നതില്‍ നിന്നും ഒബാമയെ പിന്തിരിപ്പിക്കുന്ന പല ഘടകങ്ങളുമുണ്ട്. മുന്‍ പ്രസിഡന്റ് ബുഷിന്റെ യുദ്ധ വെറിയന്‍ സമീപനങ്ങളെ എതിര്‍ത്തു കൊണ്ടാണ് ഒബാമ അധികാരമേറ്റത്. സൈനിക ഇടപെടലിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരം ലഭിക്കാത്തതും രാജ്യത്തിനുള്ളിലും സഖ്യരാഷ്ട്രങ്ങളിലും വളര്‍ന്നു വന്നിട്ടുള്ള ശക്തമായ യുദ്ധവിരുദ്ധവികാരവുമാണ് മറ്റൊരു ഘടകം.
സൈനിക ഇടപെടല്‍ ഗുരുതരമായ ഭവിഷ്യത്തുകള്‍ ഉളവാക്കുമെന്ന് സിറിയയിലും ലെബനോനിലും യു എസ് അംബാസിഡറായിരുന്ന റിയാള്‍ സി ക്രോക്കര്‍ ഉള്‍പ്പടെയുള്ള നയതന്ത്രവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സിറിയന്‍ പ്രസിഡന്റ് അസ്സദ് കൂടുതല്‍ കരുത്തനാകുന്നതുള്‍പ്പടെയുള്ള വിപരീതഫലങ്ങളായിരിക്കും ഉളവാകുക. യുദ്ധം ഇസ്രയേലിന്റെ കൂടി രംഗപ്രവേശനത്തിന് വഴിയൊരുക്കുന്നതോടെ പശ്ചിമേഷ്യയില്‍ യു എസിന് ഇപ്പോഴുള്ള സഖ്യശക്തികളെ നഷ്ടപ്പെടുന്നതിനും റഷ്യന്‍ സ്വാധീനം വര്‍ധിക്കുന്നതിനുമിടയാക്കും. അല്‍ഖായിദ ഭീകരസംഘടനശക്തിപ്പെടുന്നതിനും ഷിയാവിഭാഗത്തിലെ തീവ്രവാദികളുമായി സഖ്യം രൂപപ്പെടുന്നതിനും വഴിതെളിക്കും തുടങ്ങിയ മുന്നറിയിപ്പുകളാണ് വിദഗ്ധര്‍ നല്‍കുന്നത്. പരിമിതമായ യുദ്ധം എന്നതുകൊണ്ട് എന്താണര്‍ഥമാക്കുന്നതെന്നതില്‍ തികഞ്ഞ ആശയക്കുഴപ്പമുണ്ട്. സിറിയയിലെ ജനങ്ങളിലും സൈനിക ഇടപെടല്‍ ആശങ്ക വളര്‍ത്തിയിരിക്കുകയാണ്.
അതേസമയം രാസായുധആക്രമണത്തെക്കുറിച്ച് പഠിക്കാനെത്തിയ യു എന്‍ അന്വേഷണസംഘം നാല് ദിവസത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി ലെബനോന്‍ വഴി നെതര്‍ലാന്റ്‌സിലേക്ക് മടങ്ങി. അന്വേഷണത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് സംഘം യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണിനു കൈമാറും

Leave a Reply