സിറിയയില്‍ യുഎസ്സിനെതിരെ റഷ്യന്‍ നീക്കം:
സിറിയയില്‍ സൈനിക ഇടപെടലിന് യു എന്‍ അനുമതിതേടാനുള്ള പാശ്ചാത്യനീക്കത്തെ റഷ്യയും ചൈനയും പരാജയപ്പെടുത്തിയതിനു പുറമേ സൈനിക നീക്കവും നടത്തുന്നു. പശ്ചമേഷ്യയിലാകെ യുദ്ധഭീതി പടര്‍ത്തവെ കിഴക്കന്‍ മധ്യധരണ്യാഴിയിലേക്ക് റഷ്യ യുദ്ധക്കപ്പലുകളയച്ചു.
ഇതിനിടക്ക് സിറിയക്കെതിരായ യു എസ് സൈനിക നടപടിയില്‍ പങ്കെടുക്കുന്നതില്‍ നിന്നും ബ്രിട്ടീഷ് ഗവണ്മെന്റിനെ പാര്‍ലമെന്റ് തടഞ്ഞു. പാര്‍ലമെന്റിന്റെ അനുമതിതേടുന്നതിനുള്ള വോട്ടെടുപ്പ് പിന്നീട് നടക്കും. ഗവണ്മെന്റിന്റെ നീക്കത്തിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ന്നു.
സിറിയയില്‍ രാസായുധപ്രയോഗത്തെക്കുറിച്ച് അന്വേഷിച്ച വിദഗ്ധസംഘം ശനിയാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. സംഘത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച പൂര്‍ത്തിയാകും.
രാസാക്രമണത്തിനു പിന്നില്‍ പ്രസിഡന്റ് അസ്സദിന്റെ ഗവണ്മെന്റ്തന്നെയാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്ന യു എസ്, കോണ്‍ഗ്രസ് അംഗങ്ങളെ വിശ്വാസത്തിലെടുക്കാനുള്ള ശ്രമത്തിലാണ്. അതേസമയം ആക്രമണത്തിന് പ്രസിഡന്റ് ഒബാമയുടെ അനുമതി ഇനിയും ലഭിച്ചിട്ടില്ല. താന്‍ ഒരു തീരുമാനത്തിലെത്തിച്ചേര്ന്നിട്ടില്ലെന്ന് ഒബാമ അറിയിച്ചു. യു എസ് ലക്ഷ്യമിടുന്ന പരിമിതമായ ആക്രമണംകൊണ്ട് സിവിലിയന്മാരുടെ ജീവഹാനി തടയാനാകില്ലെന്ന് ഒബാമ സമ്മതിച്ചു. വിദേശ രാഷ്ട്രങ്ങളിലെ സൈനിക ഇടപെടലുകളെ പൊതുവില്‍ എതിര്‍ത്തിരുന്ന ഒബാമ പുതിയൊരു ആക്രമണത്തിന് അനുമതി നല്‍കില്ലെന്നാണ് സൂചന. എന്നാല്‍ അദ്ദേഹത്തിനുമേല്‍ സമ്മര്‍ദ്ദം ശക്തമാണ്.
സിറിയയിലെ സൈനിക ഇടപെടല്‍ അസ്സദ് ഗവണ്മെന്റിനെ പുറത്താക്കുന്നതിന് വേണ്ടിയായിരിക്കണമെന്നാണ് പാശ്ചാത്യ പിന്തുണയുള്ള സിറിയന്‍ വിമതസഖ്യത്തിന്റെ ആവശ്യം.