തിരുവനന്തപുരം: സിബിഎസ്ഇ പത്താം ക്ലാസ് ഫലവും രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലവും ഇന്ന് ബുധനാഴ്ച പ്രഖ്യാപിക്കും. ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശന നടപടി ആരംഭിക്കുന്ന തീയതിയും പ്ലസ്ടു ഫലത്തിനൊപ്പം പ്രഖ്യാപിക്കും.
രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പകൽ രണ്ടിന് മന്ത്രി സി രവീന്ദ്രനാഥ് പ്രഖ്യാപിക്കും. തുടർന്ന് www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴിയും സഫലം 2020, പിആർഡി ലൈവ് എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലം ലഭ്യമാകും. ഒന്നാംവർഷ ഹയർ സെക്കൻഡറി (പ്ലസ് വൺ) ഫലം പിന്നീടേ ഉണ്ടാകൂ.
സിബിഎസ്ഇ പത്താം ക്ലാസ് ഫലം cbseresults.nic.in, results.nic.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. 25നകം പ്ലസ് വൺ പ്രവേശന വിജ്ഞാപനം ഉണ്ടായേക്കും.
സി ബി എസ് ഇ പ്ലസ് ടൂ പരീക്ഷാഫലം കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.സി ബി എസ് ഇ തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തിയിരുന്നു.രണ്ടാം സ്ഥാനത്ത് ബംഗളൂരും മൂന്നാമത് ചെന്നൈയും എത്തിയിരുന്നു.എൺപത്തിയെട്ടു ശതമാനത്തിൽപ്പരം വിജയം നേടി കഴിഞ്ഞ വർഷത്തേക്കാൾ നില മെച്ചപ്പെടുത്തിയിരുന്നു.അതെ സമയം തിരുവനന്തപുരം മേഖലയിലെ വിജയ ശതമാനം തൊണ്ണൂറ്റി ഏഴു ശതമാനത്തിനു മുകളിലായിരുന്നു .
കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (സിഐഎസ്സിഇ) നടത്തിയ ഐസിഎസ്ഇ (ക്ലാസ് 10), ഐഎസ്സി (ക്ലാസ് 12) പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോൾ കേരളം അതിലും മുന്നിൽ. സംസ്ഥാനത്ത് ഐസിഎസ്ഇയിൽ 99.96 ശതമാനം വിദ്യാർഥികളും ഐഎസ്സിയിൽ 99.48 ശതമാനം വിദ്യാർഥികളും ഉപരിപഠനയോഗ്യത നേടി. കേരളത്തിൽ 162 സ്കൂളിൽനിന്നായി 8014 പേരാണ് ഐസിഎസ്ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 8011 പേരും വിജയിച്ചു.
ഐഎസ്സി 66 സ്കൂളിൽനിന്നായി 2705 പേർ എഴുതിയതിൽ 2691 പേർ വിജയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പരീക്ഷ നടക്കാതിരുന്ന വിഷയങ്ങൾക്ക് ഇന്റേണൽ മാർക്കും മറ്റ് പരീക്ഷകളുടെ മാർക്കും അടിസ്ഥാനമാക്കിയാണ് മൂല്യനിർണയം നടത്തിയിട്ടുള്ളത്. അതിനാൽ ടോപ് സ്കോർ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല. പുനർ മൂല്യനിർണയത്തിന് അപേക്ഷിക്കേണ്ടവർക്ക് 16 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഫലമറിയാനും വിവരങ്ങൾക്കും വെബ്സൈറ്റ്: https://www.cisce.org
INDIANEWS24 EDUCATION DESK