728-pixel-x-90-2-learn
728-pixel-x-90
<< >>

പ്രതിസന്ധി തുടരുന്നതിനിടെ ഫെഫ്കയില്‍ നേതൃമാറ്റം

കൊച്ചി: മലയാള ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ തൊഴില്‍ സംഘടനയായ ഫെഫ്കയുടെ പ്രസിഡന്റായി സിബി മലയില്‍ തെരഞ്ഞെടുക്കപ്പെട്ടു.ബി ഉണ്ണികൃഷ്ണനാണ് പുതിയ ജനറല്‍ സെക്രട്ടറി.കമലും അരോമ മോഹനുമായിരുന്നു നിലവിലെ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും.

മലയാള ചലച്ചിത്രലോകം കണ്ട വലിയ ഒരു പ്രതിസന്ധി രൂക്ഷമാകുന്ന അവസരത്തില്‍ ഫെഫ്കയില്‍ പുതിയ നേതൃമാറ്റം ഉണ്ടായിരിക്കുന്നത് എല്ലാവരും ശ്രദ്ധയോടെയാണ് ഉറ്റുനോക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട വിവിധ സംഘടനാ നേതാക്കള്‍ മനസ്സുവെച്ചാല്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഒരു ഫോണ്‍കോളില്‍ തീരാവുന്നതേയുള്ളുവെന്ന് നിയുക്ത ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു.ചലച്ചിത്രമേഖലയ്ക്കായി റെഗുലേറ്ററി അതോറിറ്റി വേണമെന്ന ആവശ്യം സംഘടനകളുടെ സ്വാതന്ത്ര്യത്തെ ബാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ പ്രശ്‌നം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനെയും മറ്റ് സംഘടനകളെയും അറിയിച്ചിട്ടുണ്ടെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തിയേറ്റര്‍ ഉടമകളില്‍ നിന്നുള്ള ലാഭവിഹിതവും മള്‍ടിപ്ലക്‌സില്‍ നിന്നുള്ള ലാഭവിഹിതവും വ്യത്യസ്തമായി തുടരുന്നതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം.ഈ രണ്ട് വിഭാഗം പ്രദര്‍ശനങ്ങളില്‍ നിന്നുമുള്ള വരുമാന വിഹിതങ്ങള്‍ ഒന്നാക്കണമെന്നാണ് തിയേറ്റര്‍ ഉടമകളുടെ ആവശ്യം.ഇത് അംഗീകരിക്കാനാവില്ലെന്ന് ചലച്ചിത്ര വിതരണക്കാരും നിര്‍മ്മാതാക്കളും ഒരേ സ്വരത്തില്‍ പറഞ്ഞതോടെ പ്രതിസന്ധി രൂക്ഷമായി.സംഭവത്തെ തുടര്‍ന്ന് ക്രിസ്മസ് ചിത്രങ്ങള്‍ റിലീസ് ചെയ്യാതിരിക്കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി.

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെങ്കിലും പരിഹാരം കണ്ടെത്താനായില്ല.സര്‍ക്കാരിന് ഇതില്‍ ഒരു വിഭാഗവുമായും കക്ഷിചേരാനാകാത്തതിനാല്‍ പ്രശ്‌നം പഠിക്കാന്‍ കമ്മറ്റിയെ നിയോഗിക്കാമെന്ന് നിര്‍ദ്ദേശിച്ചു.കമ്മിഷന്‍ റിപ്പോര്‍ട്ട് വരുന്നതുവരെ നിലവിലെ ലാഭവിഹിത മാനദണ്ഡം തുടരണമെന്ന തീരുമാനം സര്‍ക്കാര്‍ മുന്നോട്ടുവച്ചെങ്കിലും തിയേറ്റര്‍ ഉടമകള്‍ അംഗീകരിച്ചിരുന്നില്ല.

INDIANEWS24.COM Kochi

Leave a Reply