ഓട്ടവ: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കാനഡ സര്‍ക്കാര്‍ പ്രഖ്യാപിച്ച കാനഡ എമെര്‍ജന്‍സി റിലീഫ് ബെനെഫിറ്റ് [സിഇആര്‍ബി] പ്രകാരം അധികസഹായം ലഭിച്ച 213000 പേര് പണം തിരിച്ചടയ്ക്കേണ്ടിവരും. ഇക്കാര്യം അറിയിച്ച് കാനഡ റെവന്യൂ ഏജന്‍സി [സിആര്‍എ] വ്യക്തികള്‍ക്ക് കത്ത് അയച്ചുതുടങ്ങി. അതേസമയം 2 ലക്ഷം ഡോളറില്‍കൂടുതല്‍ വാര്‍ഷികവരുമാനം ഉള്ളവര്‍ ഉള്‍പ്പെടെ സിഇആര്‍ബി വഴി ധനസഹായം കൈപ്പറ്റിയിട്ടുണ്ട് എന്ന് രേഖകള്‍ വ്യക്തമാക്കുന്നു.
സിആര്‍എ, റെവന്യൂ കാനഡ എന്നിവയിലൂടെ ഒരേസമയം അപേക്ഷിക്കുകയും രണ്ടുതവണ പണം ലഭിക്കുകയും ചെയ്തവരാണ് അധികസഹായം ലഭിച്ച 213000 പേരില്‍ കൂടുതലുമെന്ന് സിആര്‍എ അറിയിച്ചു.
കോവിഡ് മഹാമാരിയെത്തുടര്‍ന്നുള്ള അടിയന്തരാവസ്ഥ കഴിഞ്ഞതിനു ശേഷം പണം തിരിച്ചടച്ചാല്‍ മതി. മനപൂര്‍വമല്ലാത്ത പിശകായാണ് രണ്ട് ഏജന്‍സികളില്‍ ഒരേസമയം അപേക്ഷ അയച്ചതിനെ കാണുന്നത്. അതിനാല്‍, പണം തിരിച്ചടയ്ക്കുക എന്നതല്ലാതെ മറ്റ് നടപടികളൊന്നും ഉണ്ടാകില്ല.
അതേസമയം 210000 ഡോളറില്‍ കൂടുതല്‍ വാര്‍ഷികവരുമാനമുള്ള 14021 പേര് സിഇആര്‍ബി സഹായം സ്വീകരിച്ചതായി രേഖകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ വരുമാനമുള്ള 114,620 പേര്‍ക്കും സിഇആര്‍ബി ലഭിച്ചു. തൊട്ടുമുമ്പുള്ള 12 മാസത്തില്‍ 5000 ഡോളര്‍ എങ്കിലും വരുമാനം ഉണ്ടായിരുന്ന, മഹാമാരി കാരണം വരുമാനം നിലച്ച ആര്‍ക്കും സിഇആര്ബിക്ക് അപേക്ഷിക്കമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഉയര്‍ന്ന വരുമാനപരിധി പ്രഖ്യാപിച്ചിരുന്നില്ല.