728-pixel-x-90-2-learn
728-pixel-x-90
<< >>

സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

കോഴിക്കോട്:മലയാളത്തിലെ പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ അക്ബര്‍ കക്കട്ടില്‍(61) അന്തരിച്ചു.അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണമടഞ്ഞത്.

മലയാള സാഹിത്യലോകത്ത് നര്‍മ്മത്തില്‍ ചാലിച്ച വായനാനുഭവത്തിന് വഴിയൊരുക്കിയ അക്ബര്‍ കക്കട്ടില്‍ ശൈലിയെ ഏറെ മാധുര്യമുള്ളവയായാണ് വിലയിരുത്തപ്പെടുന്നത്.സ്‌കൂളുകള്‍ കേന്ദ്രസ്ഥാനമായി രചിച്ച അദ്ദേഹത്തിന്റെ കൃതികള്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.കൂടാതെ അധ്യാപകസര്‍വ്വീസ് സ്റ്റോറിയും രചിച്ചിട്ടുണ്ട്.1992ല്‍ സാഹിത്യത്തിന് കേന്ദ്ര സര്‍ക്കാര്‍ ഫെലോഷിപ് നല്‍കി.ഇതേ വര്‍ഷം തന്നെ സ്‌കൂള്‍ ഡയറി എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു.1991ല്‍ എസ് കെ പൊറ്റക്കാട് അവാര്‍ഡ്(മൃത്യുയോഗം-നോവല്‍) ലഭിച്ചു.സ്‌ത്രൈണം എന്ന നോവലിന് 1998ലെ ജോസഫ് മുണ്ടശ്ശേരി അവാര്‍ഡും നേടിയിട്ടുണ്ട്.ഇവ കൂടാതെ നിരവധി പുരസ്‌കാരങ്ങള്‍ അക്ബര്‍ കക്കട്ടിലിനെ തേടിയെത്തിയിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ കക്കട്ടില്‍ എന്ന സ്ഥലത്ത് 1954 ജൂലൈ ഏഴിന് പി കെ അബ്ദുള്ളയുടെയും കുഞ്ഞാമിനയുടെയും മകനായി ജനിച്ചു.കക്കട്ടില്‍ പാറയില്‍ എല്‍. പി വട്ടോളി സംസ്‌കൃതം സെക്കന്ററി എന്നീ സ്‌കൂളുകളില്‍ പഠിച്ചു. ഫറൂഖ് കോളേജ്, മടപ്പള്ളി ഗവ. കോളേജ്,തൃശ്ശൂര്‍ കേരളവര്‍മ്മ കോളജ്,തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം.ബ്രണ്ണനില്‍ നിന്ന് മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദം നേടിയ ശേഷം തലശ്ശേരി ഗവ. ട്രെയിനിംഗ് കോളേജില്‍ നിന്ന് വിദ്യാഭ്യാസത്തില്‍ ബിരുദം.വട്ടോളി നാഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മലയാളം അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ച അക്ബര്‍ കക്കട്ടില്‍ സര്‍വീസില്‍ നിന്നു പിരിയും വരെ അവിടെയായിരുന്നു.ഇതിനിടെ കൂത്താളി ഹൈസ്‌കൂളില്‍,കുറ്റിയാടി ഗവ.ഹൈസ്‌കൂള്‍,കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള പാഠപുസ്തക നിര്‍മ്മാണസമിതികളില്‍ ദീര്‍ഘകാലമായി അംഗമാണ്.

ബുധനാഴ്ച്ച രാവിലെ മുതല്‍ ഉച്ചവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം വൈകീട്ട് കക്കട്ടിലെ കണ്ടോത്ത് കുനി ജുമാമസ്ജിദില്‍ കബറടക്കും.ഭാര്യ: വി ജമീല,മക്കള്‍: സിതാര, സുഹാന.

INDIANEWS24.COM Kozhikode

Leave a Reply