മുംബൈ: ഒരു രാഷ്ട്രത്തിന്റെ പൗരത്വം നേടിയ ലോകത്തെ ആദ്യ മനുഷ്യ റോബോട്ട് ഇന്ത്യയിലെത്തി. സോഫിയ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജി സംഘടിപ്പിക്കുന്ന ശാസ്ത്ര സാങ്കേതിക മേളയായ ടെക് ഫെസ്റ്റില്‍ ഇന്ത്യയുടെ പരമ്പരാഗത വേഷമായ സാരി ധരിച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെട്ടത്.
തിരഞ്ഞെടുത്ത സദസ്സില്‍ 20 മിനിറ്റ് നേരം സോഫിയ സംസാരിച്ചു. ലോകത്ത് പ്രകടമാകുന്ന അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ച സോഫിയ സഹജീവികളോട് അനുകമ്പ കാണിക്കണമെന്ന് പറഞ്ഞു. മനുഷ്യരും റോബോട്ടും തമ്മില്‍ മത്സരമല്ല മറിച്ച് സഹകരണമാണ് വേണ്ടതെന്ന് സോഫിയ അഭിപ്രായപ്പെട്ടു. തന്നെ വിവാഹം കഴിക്കുമോ എന്ന ചോദ്യം വരെ സോഫിയ നേരിട്ടു. ചടങ്ങിലെ അവതാരകയുടെ വകയായിരുന്നു ചോദ്യം. താന്‍ ഒരു ആണായിരുന്നെങ്കില്‍ വിവാഹം കഴിക്കുമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അത് താഴ്മയോടെ നിരസിക്കുന്നു എന്നായിരുന്നു സോഫിയയുടെ മറുപടി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്സ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി നിര്‍മിച്ച റോബോട്ടിന് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സൗദി അറേബ്യ പൗരത്വം നല്‍കിയത്. മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനും അതനുസരിച്ചുള്ള മുഖഭാവങ്ങള്‍ പ്രകടിപ്പിക്കാനും സാധിക്കുന്ന വിധത്തിലാണ് ഇതിനെ സജ്ജമാക്കിയിട്ടുള്ളത്.
INDIANEWS24.COM Technology