സലിംരാജ് കേസില്‍ സര്‍ക്കാരിനു കോടതിയുടെ പ്രഹരം:
കൊച്ചി :സലിംരാജിന്റെ ഭൂമിയിടപാട് കേസില്‍ കേരള സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ഭൂമിയിടപാടില്‍ സലിംരാജ് നടത്തിയ ഫോണ്‍ കോളുകളുടെ രേഖകള്‍ പരിശോധിക്കാന്‍ ഉത്തരവിട്ട സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശത്തിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനുമടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരാമര്‍ശം.
അപ്പീലിനോടനുബന്ധിച്ച് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുള്ള രേഖകള്‍ അപക്വവും അപൂര്‍ണവുമാണെന്ന് കണ്ടെത്തിയാണ് കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ ഗവ. പ്ലീഡര്‍ ഗിരിജ ഗോപാലിനുമേല് കോടതി കയര്‍ത്തത്. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ചപ്പോള്‍ ന്യൂനതകള്‍ പരിഹരിക്കാനും ഭൂമി ഇടപാട് സംബന്ധിച്ച ആധാരത്തിന്റെ പകര്‍പ്പ് ഹാജരാക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇന്നലെ ഹര്‍ജി പരിഗണിക്കുമ്പോഴും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഇക്കാര്യത്തില്‍ നടപടിയുണ്ടായില്ല.
സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനുള്ള തടസമെന്തെന്ന് കോടതി ആരാഞ്ഞു. ഇത്തരം രേഖകള്‍ കോടതിയില്‍ എത്തിക്കുന്നതില്‍ എന്ത് നിസ്സഹായാവസ്ഥയാണ് സര്‍ക്കാരിനുള്ളതെന്ന് കോടതി ചോദിച്ചു. രജിസ്ട്രേഷന് വകുപ്പില്‍ നിന്നാണ് രേഖകള്‍ ലഭിക്കേണ്ടത്. ഭൂമി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ രണ്ട് പകര്‍പ്പ് രജിസ്ട്രാര്‍ ഓഫിസില്‍ ഉണ്ടായിരിക്കും. ഇക്കാര്യത്തിനായി സര്‍ക്കാര്‍ നേരിട്ട് സമീപിക്കുമ്പോള്‍ ഒരു മിനിറ്റുകൊണ്ട് ലഭ്യമാക്കാവുന്നതേയുള്ളൂ. സാധാരണക്കാര്‍ക്ക് ഇത്തരം സര്ട്ടിഫിക്കെറ്റുകള് ലഭിക്കുന്നതിന് താമസമുണ്ടായേക്കാം. എന്നാല്‍ ഹൈക്കോടതി പരിഗണിക്കുന്ന കേസില്‍ സര്‍ക്കാര്‍ ഓഫിസില്‍ നിന്ന് രേഖകള്‍ ഹാജരാക്കാനാവില്ലെന്ന് സര്‍ക്കാര്‍ തന്നെ പറയുന്നത് അംഗീകരിക്കാനാവില്ല.
സര്‍ക്കാര്‍ നല്കിയ അപ്പീലില്‍ മലയാളത്തിലുള്ള രേഖകളുടെ ഇംഗ്ലീഷ് വിവര്‍ത്തനവും നല്‍കിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കേസുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഇത്തരം സമീപനം നല്ലതല്ല. കേസ് അനിശ്ചിമായി നീട്ടാനാവില്ല. ഇതേത്തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഇന്ന് കോടതിയില്‍ ഹാജരാക്കാമെന്ന് ഗവ.പ്ലീഡര്‍ നല്കിയ ഉറപ്പില്‍ അപ്പീല്‍ ഇന്ന് പരിഗണിക്കാനായി മാറ്റി.
തൃക്കാക്കര നോര്‍ത്ത് വില്ലേജില്‍ ഉള്‍പ്പെട്ട 1.16 ഏക്കര്‍ ഭൂമി വ്യാജതണ്ടപ്പേരില്‍ തട്ടിയെടുക്കാന്‍ സലിംരാജ് അടക്കമുള്ളവര്‍ ശ്രമിച്ചെന്നാരോപിച്ച് തൃക്കാക്കര പത്തടിപ്പാലം സ്വദേശി ഷരീഫയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.