കാസര്‍കോട്: ഇരട്ടക്കൊലപാതകത്തിന്റെ പേരില്‍ സംഘര്‍ഷം മൂര്‍ച്ചിച്ച പെരിയയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരാന്‍ സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നാളെ കാസര്‍കോട് സര്‍വ്വകക്ഷി യോഗം. റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് അധ്യക്ഷനായ യോഗമാണ് നാളെ നടക്കുക. യോഗത്തില്‍ ഇടതുപക്ഷ നേതാക്കളും പങ്കെടുക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാസര്‍കോട് സ്വദേശിയായ മന്ത്രി ഇ.ചന്ദ്രശേഖരന് കൊല്ലപ്പെട്ട രണ്ടുപേരുടെയും വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. മുഖ്യമന്ത്രി ഈ വീടുകള്‍ സന്ദര്‍ശിക്കാന്‍ താത്പര്യപ്പെട്ടെങ്കിലും ക്രമസമാധാനപ്രശ്നങ്ങള്‍ കണക്കിലെടുത്ത് സന്ദര്‍ശനം റദ്ദാക്കിയിരുന്നു.
എന്നാല്‍ ഡിസിസി നേതൃത്വം സര്‍വ്വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. യോഗത്തെക്കുറിച്ച് അറിയിപ്പ് കിട്ടിയിട്ടില്ലെന്നാണ് ഡിസിസി നിലപാട്.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ എസ്പി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടാവുകയും പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു. വിഷയം കോണ്‍ഗ്രസ് രാഷ്ട്രീയമായി മുതലെടുക്കുന്നുവെന്ന ആക്ഷേപം വന്നിട്ടുമുണ്ട്. നേരത്തെ അക്രമങ്ങള്‍ ഒഴിവാക്കണമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങളെ അപലപിക്കുന്നുവെന്ന് യെച്ചൂരിയും വ്യക്തമാക്കി.