728-pixel-x-90-2-learn
728-pixel-x-90
<< >>

സരിത ജയില്‍ മോചിതയായി : 46 കേസുകളിലും ജാമ്യം ലഭിച്ചു

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച സോളാര്‍ തട്ടിപ്പ് കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍ ജയില്‍ മോചിതയായി. തിരുവനന്തപുരത്തെ അട്ടക്കുളങ്ങര ജയിലില്‍നിന്നാണ് സരിത പുറത്തിറങ്ങിയത്. കഴിഞ്ഞ എട്ടു മാസങ്ങളായി സരിത തടവില്‍ കഴിയുകയായിരുന്നു.46 കേസുകളാണ് സരിതയ്‌ക്കെതിരെ വിവിധ കോടതികളിലായി ഉണ്ടായിരുന്നത്. എല്ലാ കേസുകളിലും ജാമ്യം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജയില്‍ മോചനം. സരിതയെ സ്വീകരിക്കാന്‍ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണനും അമ്മയും മക്കളും ജയിലിലെത്തിയിരുന്നു.അതേ സമയം ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ തടവിലാണ്.സോളാര്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ സരിതയെപ്പോലെ പഴുതുകള്‍ ബിജുവിനും ഉണ്ടായിരുന്നെങ്കിലും ഭാര്യ രശ്മി വധ കേസിലാണ് ബിജു കുടുങ്ങിയത്.

Saritha-and-Biju-Newskeralaസോളാര്‍ പവര്‍പ്ലാന്‍റുകളും തമിഴ്‌നാട്ടില്‍ വിന്‍ഡ്മില്‍ ഫാമുകളും നിര്‍മിച്ചുനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സ്ഥാപനങ്ങളേയും വ്യക്തികളേയും കബളിപ്പിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് കഴിഞ്ഞവര്‍ഷം സരിതയും ഭര്‍ത്താവ് ബിജു രാധാകൃഷ്ണനും അറസ്റ്റിലായത്. സരിതയും ബിജുവും എറണാകുളം ചിറ്റൂര്‍ റോഡില്‍ ‘ടീം സോളാര്‍ റിന്യൂവബിള്‍ എനര്‍ജി സൊലൂഷന്‍സ് പ്രൈവറ്റ്  ലിമിറ്റഡ്’ എന്ന കമ്പനി നടത്തിവരികയായിരുന്നു.

2012 സപ്തംബറില്‍ പെരുമ്പാവൂര്‍ സ്വദേശി സജ്ജാദിന് വിന്‍ഡ്മില്‍ ഫാമും സോളാര്‍പ്ലാന്‍റും നിര്‍മിച്ചു നല്‍കാമെന്ന് ധരിപ്പിച്ച് 40,50,000 രൂപ തട്ടിയെടുത്ത കേസിലാണ് സരിതയെ ആദ്യം അറസ്റ്റ്‌ചെയ്തത്. പിന്നീട് സംസ്ഥാനത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി 46 കേസുകള്‍ സരിതയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തു.കഴിഞ്ഞ വര്‍ഷം ജനവരി 16 ന് തിരുവനന്തപുരത്തുള്ള വാടകവീട്ടില്‍ നിന്നാണ് പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘം സരിതയെ പിടികൂടിയത്. പിന്നീട് കോയമ്പത്തൂരില്‍ വെച്ച് ബിജു രാധാകൃഷ്ണനും പിടികൂടിയതോടെ സോളാര്‍ തട്ടിപ്പ് രാഷ്ട്രീയകേന്ദ്രങ്ങളെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസും പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളും സംശയത്തിന്റെ നിഴലിലാകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫ് അംഗങ്ങളായ ടെനി ജോപ്പന്‍,ജിക്കു മോന്‍,ഗണ്‍ മാന്‍ സലിം രാജ് എന്നിവര്‍ക്ക് സരിതയുമായുണ്ടായിരുന്ന ബന്ധം ഏറെ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും ഗത്യന്തരമില്ലാതെ ജുഡിഷ്യല്‍ അന്വേഷണത്തിനു മുഖ്യമന്ത്രിക്ക് ഉത്തരവിടേണ്ടി വരികയും ചെയ്തു.

വരുന്ന രണ്ടു ദിനങ്ങള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കുമെന്നും ഇപ്പോള്‍ അപവാദങ്ങളെക്കുറിച്ച് പ്രതികരിക്കാനുള്ള മാനസികാവസ്ഥയിലല്ലെന്നും സരിത പറഞ്ഞു.മാധ്യമപ്രവര്‍ത്തകരോട് ചോദ്യങ്ങള്‍ തയ്യാറാക്കി വയ്ക്കാനും സരിത പറഞ്ഞു.

INDIANEWS24 TVPM

 

Leave a Reply