കൊച്ചി:സോളാര്‍ക്കേസ് പ്രതി സരിത എസ് നായര്‍ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് സന്ദര്‍ശക രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തിയെന്നത് വ്യക്തമായി.കേസ് പരിഗണിക്കുന്ന സോളാര്‍ കമ്മിഷന് രജിസ്റ്ററിന്റെ കാര്യത്തില്‍ അതൃപ്തി രേഖപ്പെടുത്തി.
അട്ടക്കുളങ്ങര ജയിലിലെ സന്ദര്‍ശക രജിസ്റ്ററിലാണ് തിരുത്തല്‍ കണ്ടത്.2013 ജൂലൈ 28നായിരുന്നു സരിതാ നായര്‍ ഉന്നതരുടെ പേരുകള്‍ ഒഴിവാക്കി കൊച്ചിയിലെ കോടതിയില്‍ മൂന്നരപേജുളള കത്ത് എഴുതി നല്‍കിയത്.ഇതിന് തൊട്ടുതലേന്ന് സരിതാ നായരുടെ അമ്മയും ബന്ധുവായ ആദര്‍ശും ജയിലിലെത്തിയതായി രജിസ്റ്ററിലുണ്ട് എന്നാല്‍ ഇവരുടെ സന്ദര്‍ശന സമയം വെട്ടിത്തിരുത്തിയിട്ടുണ്ട്.ആദര്‍ശിന്റെ തിരിച്ചറിയല്‍ രേഖകളും വാങ്ങിയിരുന്നില്ല. സരിതയുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണനും മറ്റൊരഭഭിഷകനായ ബാഹുലേയനും ജയിലിലെത്തി സരിതയെ കണ്ടെങ്കിലും അക്കാര്യം വൈറ്റ്നര് ഉപയോഗിച്ച് രജിസ്റ്ററില്‍ നിന്ന് മായിക്കാന്‍ ശ്രമിച്ചിട്ടുണ്ട്.ഇതേ ദിവസം തന്നെ ജയില്‍ ഡിഐജി അട്ടക്കുളങ്ങരിയിലെത്തിയതായി വ്യക്തമായിട്ടുണ്ട്.ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ സന്ദര്‍ശനത്തിന് മുന്നോടിയായിട്ടാണെന്നായിരുന്നു വിശദീകരണം.എന്നാല്‍ അത്തരം ഒരു സന്ദര്‍ശനം നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്.
ജയിലിലെ സമയക്രമത്തിന് മുമ്പും ശേഷവും സരിതാ നായരെ കാണാന്‍ പുറത്തുനിന്നുളളവരെ അനുവദിച്ചതായി രേഖകളിലുണ്ട്.സരിതാ നായരുടെ മൊഴി മാറ്റത്തിന് മുമ്പുളള ഒരു ദിവസത്തെ പേജ് രജിസ്റ്ററില്‍ നിന്ന് ഇളക്കിമാറ്റിയിട്ടുമുണ്ട്.ഉന്നതരുടെ പേരുകള്‍ സരിത പുറത്തുവിടുന്നത് ഒഴിവാക്കാന്‍ സമ്മര്‍ദ്ദമുണ്ടായി എന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് തിരുത്തിയ ജയില്‍ രേഖ കൂടുതല്‍ സംശയമുണര്‍ത്തുന്നത്.
INDIANEWS24.COM Kochi