728-pixel-x-90-2-learn
728-pixel-x-90
<< >>

“സമരം വേണോ’: റെയില്‍വേയില്‍ ഹിത പരിശോധന

ബസ് ജീവനക്കാരുടെയും മറ്റും പണിമുടക്ക് കണ്ടുമടുത്ത ഇന്ത്യന്‍ ജനതയ്ക്ക് ഒരു വ്യത്യസ്തത സമ്മാനിക്കാന്‍ റെയില്‍വേയും ഒരുങ്ങുന്നു. ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേയില്‍ ഉടന്‍ പൊതുപണിമുടക്ക് ഉണ്ടാകുമെന്നാണ് അറിയുന്നത്. ഓള്‍ ഇന്ത്യ റെയില്‍വേ മെന്‍സ് ഫെഡറേഷന്‍ (എ.ഐ.ആര്‍.എഫ്.), സതേണ്‍ റെയില്‍വേ മസ്ദൂര്‍ യൂണിയന്‍ (എസ്.ആര്‍.എം.യു.) യൂണിയനുകളുടെ നേതൃത്വത്തിലാണ് ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കുന്നത്. ഏതായാലും വരുന്ന ക്രിസ്മസ്സ അവധിക്കാലം അവര്‍ സമരത്തിനു തെരഞ്ഞെടുത്താല്‍ ബഹു കേമം. ഏതു സമരവും വിജയിക്കുന്നത് സാധാരണക്കാരനെ ( ആം ആദ്മി !) ബുദ്ധിമുട്ടിക്കുമ്പോഴാണല്ലോ ? സമരം  നടത്തുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ അഭിപ്രായം അറിയുന്നതിനുള്ള ഹിതപരിശോധന വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. “ജനാധിപത്യപരമായി ” തന്നെ നീങ്ങാനാണ് റെയില്‍വേ ജീവനക്കാരുടെ നീക്കം. എന്തും ജനങ്ങളോട് ചോദിച്ചു ചെയ്യണമെന്നാണല്ലോ ഗുരു അരവിന്ദ് കേജ് രിവാള്‍  ജി പഠിപ്പിക്കുന്നത്‌.

രാജ്യത്തെ 17 റെയില്‍വേ സോണുകളിലും ജീവനക്കാര്‍ക്കിടയില്‍ രഹസ്യവോട്ടെടുപ്പുണ്ടാകും എന്നാണ് അറിയുന്നത്. “പോളിംഗ് ബൂത്തുകളായി ” നിശ്ചയിച്ചിരിക്കുന്നത് രാജ്യത്തെ  സര്‍വ്വമാന റെയില്‍വേ സ്റ്റേഷനുകളും റെയില്‍വേ ഡിപ്പോ ഓഫീസുകളുമാണ്. രണ്ടു ദിവസങ്ങളിലായിട്ടായിരിക്കും വോട്ടെടുപ്പ്. ഹിതപരിശോധനാ ഫലത്തെ അടിസ്ഥാനമാക്കി പൊതുപണിമുടക്ക് സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമത്രേ. വോട്ടെടുപ്പില്‍ മൂന്നില്‍ രണ്ട് വിഭാഗം ജീവനക്കാരും അനുകൂലമാണെങ്കില്‍ രണ്ട് മാസത്തിനുള്ളില്‍ പൊതുപണിമുടക്കുണ്ടാകുമെന്നാണ് എസ്.ആര്‍.എം.യു. നേതാക്കള്‍ അറിയിച്ചത്. ആ സൂചന ശരിയാണെങ്കില്‍ ക്രിസ്മസ്സ അവധിക്കാലം ” പ്രവാസി മലയാളിക്ക് ” തകര്‍ക്കാം !

ആവശ്യങ്ങള്‍ ഇപ്രകാരമാണ്

1. റെയില്‍വേ ജീവനക്കാരുടെ മക്കള്‍ക്ക് 20 ശതമാനം സംവരണം ( അത് ന്യായം , സിനിമയിലും രാഷ്ട്രീയത്തിലും മാത്രം പോരല്ലോ മക്കള്‍ വാഴ്ച)

2. പുതിയ പെന്‍ഷന്‍ നയം റദ്ദാക്കുക ( Old is gold, isn’t it ?)

3. കരാര്‍ സമ്പ്രദായം അവസാനിപ്പിക്കുക ( അത് ശരിയാണ്, ബാധ്യത സര്‍ക്കാര്‍ വഹിച്ചോട്ടെ, നമ്മുടെ മക്കള്‍ക്ക്‌ ജോലി റെയില്‍വേയില്‍ തന്നെ കിട്ടണം)

4. പുതിയ ശമ്പളക്കമ്മീഷന്‍ തീരുമാനം നടപ്പാക്കുക ( കുറച്ചു കൂടി കൂട്ടി കിട്ടുമോ എന്ന് കൂടി നോക്കണം)

തുടങ്ങി 36 ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് ചരിത്രത്തിലെ നാലാമത്തെ പണിമുടക്കിനു  റെയില്‍വേ ജീവനക്കാര്‍ ഒരുങ്ങുന്നതു. ഇന്ത്യ മഹാരാജ്യത്ത് ഇതൊരു അന്തസ് കെട്ട ഇടപാടാണ്. സ്വാതന്ത്ര്യത്തിനു മുമ്പേ തുടങ്ങിയ റെയില്‍വേ പണിയാണ്. ഇത് വരെ വെറും മൂന്ന് പണിമുടക്ക് മാത്രം. ഹാ! കഷ്ടം.

ഇപ്പോള്‍ കിട്ടിയത് : “റെയിലുരുളലിന് ” ഇനി കേവലം 899 ദിവസങ്ങള്‍ മാത്രം അവശേഷിക്കുന്ന കൊച്ചി മെട്രോയില്‍ മിന്നല്‍ പണിമുടക്ക്‌ നടത്തുന്നതെങ്ങനെ ( കൊച്ചി മെട്രോയില്‍ ഡ്രൈവര്‍ ഇല്ല എന്നാണറിയുന്നത് , അതെങ്ങനെ അതിജീവിക്കും എന്നതാണ് വെല്ലുവിളി ) എന്ന വിഷയത്തില്‍ പ്രത്യക സെമിനാര്‍ സംഘടിപ്പിക്കും എന്നറിയുന്നു.

സമരങ്ങള്‍ക്ക് എന്നും ഒരേയൊരു മുഖം മതിയോ എന്ന് നമ്മള്‍ ആലോചിക്കേണ്ടിയിരിക്കുന്നു. അടുത്തിടെ കേരള സര്‍വ്വകലാശാലയില്‍ നടന്ന ” വായന സമരം” എത്ര ശക്തവും പ്രതീകാത്മകവുമായിരുന്നു. ഒരു സര്‍ക്കാര്‍ വാഹനവും തള്ളിപ്പൊളിക്കാതെ വിജയിച്ച ആ സമരം ഒരു മാതൃകയും ചൂണ്ടു പലകയുമാണ്. ചിലതെല്ലാം നമുക്ക് വിദ്യാര്‍ഥികളില്‍ നിന്നും കുട്ടികളില്‍ നിന്നും മാത്രമേ പഠിക്കുവാന്‍ സാധിക്കുകയുള്ളൂ.

സമരം ആവശ്യമാണ്‌, ചില ഘട്ടങ്ങളില്‍ അധികാര കേന്ദ്രങ്ങള്‍ മുഖം തിരിക്കുമ്പോള്‍ , അഴിമതി വീരന്മാര്‍ രാജി വച്ചോഴിയാതിരിക്കുമ്പോള്‍ പൊതു ജനത്തിനു വേറെ മാര്‍ഗ്ഗമില്ല. പക്ഷെ എന്നോ കണ്ടു മടുത്ത, ജന ജീവിതം ദുസ്സഹമാക്കുന്ന സമര രീതികളില്‍ നിന്നും മാറി ചിന്തിച്ചേ തീരു. ക്രിയാത്മകവും ഉല്‍പ്പാദനപരവുമായ  സമര രീതികള്‍ രാഷ്ട്രീയ പാര്‍ട്ടികളും, എന്‍ ജി ഒ കളും, ഇതര സംഘടനകളും ആവിഷ്കരിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നിരത്തുകളും റെയില്‍വേ – ബസ് – വിമാന സര്‍വീസുകള്‍ , ആശുപത്രി , വിദ്യാലയങ്ങള്‍ എന്നിവയും ആരുടേയും സ്വകാര്യ സ്വത്തല്ല. ഒരു ഹര്‍ത്താലിനും വീട്ടിലിരുന്നു കളയാനുള്ളതല്ല നമ്മുടെ ഉല്‍പ്പാദന ക്ഷമത. ആവശ്യത്തിലധികം പൊതു അവധികളുള്ള നമ്മുടെ രാജ്യത്ത് വെറുതെ കളയാന്‍ ഒരു മണിക്കൂര്‍ പോലും നമുക്കില്ല. നമ്മുടെ സമ്പദ് വ്യവസ്ഥ അതിനൊന്നും അനുവദിക്കുന്നുമില്ല എന്ന സത്യം ഇനിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട് .

ഒരു പരിഭവുമില്ലാതെ 10 മുതല്‍ 12 മണിക്കൂര്‍ വരെ ചെറിയ വേതനം കൈപ്പറ്റി കഠിനാധ്വനം ചെയ്യുന്ന ഭൂരിഭാഗം “ജീവനക്കാരാണ്” ഇന്ത്യയെ മുന്നോട്ട് നയിക്കുന്നത്. അതില്‍ സ്വകാര്യ ജീവനക്കാരും സ്വയം തൊഴില്‍ കണ്ടെത്തുന്നവരും വ്യവസായികളും ഗാര്‍ഹിക ജോലികള്‍ ( വേതനത്തിനും അല്ലാതെയും ) ചെയ്യുന്നവരും കുടുംബത്തെ പൊറ്റാന്‍ വിദേശത്ത് പ്രവാസികളായി ജീവിക്കുന്നവരും ഒക്കെയുണ്ട്.ഒരു ന്യൂനപക്ഷമായ THE PRIVILEGED INDIAN SERVANTS- STATE & CENTRALനു കൂടുതലായി നല്‍കാന്‍ ഇനി ഒരു ചില്ലിക്കാശു പോലും ട്രഷറിയിലില്ല എന്ന് ഉറക്കെപ്പറയാന്‍ അധികാരികള്‍ ആര്‍ജ്ജവം കാണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കേരള സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ ശക്തമായി നേരിട്ട് തകര്‍ത്ത എ കെ ആന്റണിയെ ഓര്‍ത്തു പോകുന്നു.തൊഴിലാളികള്‍ ഒരുമിച്ച് ബിസിനസ്  ചെയ്തു, മുതലാളികളാകാതെ, മറിച്ചു മെച്ചപ്പെട്ട  സാഹചര്യമുള്ള തൊഴിലാളികളാകണമെന്നു നമ്മെ INDIAN COFFEE HOUSE എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തി മാതൃക കാണിച്ച എ കെ ജി യെ യും ഇത്തരുണത്തില്‍ നാം ഓര്‍ക്കേണ്ടിയിരിക്കുന്നു. കലാ പ്രവര്‍ത്തനം ഒരു സമര മാര്‍ഗ്ഗമാക്കിയ KPAC എത്ര നല്ല മാതൃകയായിരുന്നു. ഇന്ന് നമ്മുടെ വൈകുന്നേരങ്ങള്‍ “നശിപ്പിക്കനെത്തുന്ന” ചാനല്‍ നിരങ്ങികളുടെ ( ചര്‍ച്ചക്കാര്‍) അതൊക്കെ ഒന്ന് ഓര്‍ക്കുന്നത് നന്നാകും.

ഏതായാലും “സമരങ്ങളെ” പൊളിച്ചെഴുതാന്‍ ഒരു സമരം ഉണ്ടാകേണ്ടിയിരിക്കുന്നു. സമരങ്ങളില്‍ കുരുത്ത സഖാക്കളും ഗാന്ധിയന്‍ സമരത്തിന്റെ അനുയായികളും ഇക്കാര്യത്തില്‍ ഒരുമിച്ചു നീങ്ങി പുതിയ രീതികള്‍ അവലംബിക്കേണ്ടിയിരിക്കുന്നു. ഇനി ഒരു ” ജനദ്രോഹ സമരവും ” ഉണ്ടാകാന്‍ അനുവദിക്കരുത്. റെയില്‍വേ സമര നേതാക്കളുടെ ഹിത പരിശോധന ഒരു നല്ല മാര്‍ഗ്ഗമാണ്…. “നമുക്കിത്  വേണ്ട”എന്ന് ഉറക്കെ പറയാന്‍ കിട്ടുന്ന ഒരു പക്ഷെ ആദ്യ അവസരം. അതുപയോഗിക്കുക തന്നെ വേണം. 

SANU INDIA NEWS

 

 

 

One Response to “സമരം വേണോ’: റെയില്‍വേയില്‍ ഹിത പരിശോധന

  1. രാഷ്ട്രീയ വാദി Reply

    December 20, 2013 at 11:23 AM

    നാളേ ഓൺലൈൻ ന്യൂസ് സൈറ്റുകൾ അടച്ചുപൂട്ടൂമെന്നോ.. സെൻസറിങ്ങേർപ്പെടുത്തുമെന്നോ സർക്കാർ തീരുമാനിച്ചാൽ അതിനെതിരെ പ്രതിഷേധിക്കുന്നതിനു മുൻപും ഹിതപരിശോധന നടത്തണേ സാർ…

Leave a Reply