728-pixel-x-90-2-learn
728-pixel-x-90
<< >>

സദാചാരത്തെ ഇറുകിപ്പുണര്‍ന്നു ’96

നവാഗതനായ പ്രേംകുമാറിന്റെ ’96 എന്ന ചിത്രം നേടുന്നത് അഭൂതപൂര്‍വമായ വിജയമാണ്.തമിഴിന്‍റെ പുത്തന്‍ സൂപ്പര്‍ താരോദയം വിജയ്‌ സേതുപതിയും നിത്യഹരിത നായികയായ തൃഷ കൃഷ്ണനും  ആദ്യമായി ഒന്നിച്ച ഈ ചിത്രം 1996 കാലഘട്ടത്തില്‍ തഞ്ചാവൂരിലെ ആള്‍സെയിന്‍റ്സ് മെട്രിക്കുലേഷന്‍ സ്കൂളില്‍ പത്താം ക്ലാസ് പഠിച്ച്‌ പിരിഞ്ഞു പോയ  കെ. രാമചന്ദ്രന്‍റെയും ജാനകി ദേവിയുടെയും  പ്രണയകഥയാണ്.പില്‍ക്കാലത്ത് ട്രാവല്‍ ഫോട്ടോഗ്രാഫറായ റാമിന്റെ ജീവിതം പകര്‍ത്തി വയ്ക്കുന്ന ഒരു ഗാനത്തിലൂടെയാണ് ചിത്രം ആരംഭിക്കുന്നത്. യാത്രയ്ക്കിടയില്‍ റാം താന്‍ പഠിച്ച തഞ്ചാവൂര്‍ മെട്രിക്കുലേഷന്‍ സ്കൂളില്‍ എത്തുന്നതോടെയാണ് സിനിമയിലെ പ്രണയകഥയുടെ ചുരുള്‍ നിവരുന്നത്.സ്കൂള്‍ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുന്ന റാം തന്റെ സുഹൃത്ത് മുരളിയെ കണ്ടെത്തുന്നതും തുടര്‍ന്ന് സംഘടിപ്പിക്കുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിലൂടെയുമാണ് ചിത്രം മുന്നോട്ട് പോകുന്നത്. തുടര്‍ന്ന് ജാനകിയുടെയും റാമിന്റെയും ബാല്യകാല പ്രണയത്തിലേക്ക് സംവിധായകന്‍ പ്രേക്ഷകരെ കൂട്ടിക്കൊണ്ട് പോകുന്നു.വിജയ്‌ സേതുപതിയുടെയും തൃഷയുടെയും ബാല്യകാലം അവതരിപ്പിച്ച ആദിത്യ ഭാസ്കറും ഗൗരി ജി. കൃഷ്ണനും പ്രേക്ഷകന്റെ മനസ്സില്‍ കൂട് കൂട്ടുന്നു. മുന്‍പിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമേയവുമായി ചേര്‍ത്തുവച്ച്‌ വായിക്കാവുന്ന 96നെ റിയലിസ്റ്റിക്കായ ഒരു പ്രണയ ചിത്രം എന്ന് തന്നെ വിശേഷിപ്പിക്കാം. വിജയ് സേതുപതിയുടെ അഭിനയ ജീവിതത്തിലെ വഴിത്തിരിവാകുകയാണ് 96. തൃഷയുടെ ജാനകിയെ വിണ്ണൈ താണ്ടി വരുവായ എന്ന ചിത്രത്തിലെ ജസ്‌നയുമായി ചേര്‍ത്തു വയ്ക്കാന്‍ തോന്നും.തൃഷയ്ക്ക് കരിയറില്‍ ഇനിയും കാതങ്ങളേറെ താണ്ടാനുണ്ടെന്നു അടിവരയിടുന്നു ജാനകി.

1996 ബാച്ചിലെ സ്‌ക്കൂള്‍ സഹപാഠികളുടെ വര്‍ഷങ്ങള്‍ക്ക് ശേഷമുളള കണ്ടുമുട്ടലും തുടര്‍ന്നുളള വര്‍ണ്ണാഭമായ  നിമിഷങ്ങളും മനോഹരമായാണ് സംവിധായകന്‍ സി.പ്രേം കുമാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഒരു ഇമോഷണല്‍ റൊമാന്റിക് ഡ്രാമയായ 96 ന്റെ ആദ്യ പകുതിയും രണ്ടാം പകുതിയയും ഒരുപോലെ  മികച്ച് നില്‍ക്കുന്നു.  പ്രണയം മനസില്‍ സൂക്ഷിക്കുന്നവരെയും പറയാന്‍ മടിച്ച പ്രണയത്തിന്റെ വേദനയുമായി ജീവിക്കുന്നവരെയും മനസില്‍ വേദനയായി കൊണ്ടു നടക്കുന്നവരെ ’96’ ഓര്‍മ്മകളിലേക്ക് കൂട്ടികൊണ്ടുപോയേക്കാം.ഒപ്പം സദാചാരബോധത്തെ മുറുകെപ്പിടിക്കുന്നുമുണ്ട് ചിത്രം.ഹൃദയം തുറക്കുന്നതിന് ബന്ധനമാകുന്ന സദാചാര ബോധം വലിച്ചെറിയാന്‍ സംവിധായകനോട് പ്രേക്ഷകന്‍ ആവശ്യപ്പെടാന്‍ തുടങ്ങുമ്പോഴേക്കും ഓര്‍മ്മകളുടെ വലിയ പെട്ടകത്തിലേക്ക് പ്രണയത്തിന്റെ തിരുശേഷിപ്പുകള്‍ അടക്കം ചെയ്യപ്പെടുന്നു.സാധ്യതകള്‍ പ്രേക്ഷകന്റെ മനോവ്യാപാരത്തിനു വിട്ടുകൊടുക്കുന്ന ഈ ക്ലൈമാക്സ് 96നെ മികവിലേക്ക് എടുത്തുയര്‍ത്തുന്നു.96-music-review-696x465

SANU SATHYAN  INDIANEWS24 MOVIE DESK

 

Leave a Reply