ഷാർജ:മലയാളി യുവതാരം സഞ്ജു സാംസൺ തൻ്റെ കരിയറിലെ സ്ഥിരതയുള്ള ഒരു തിരിച്ചു വരവിനു നാന്ദി കുറിച്ച് ഒമ്പത് സിക്സർ, ഒരു ബൗണ്ടറി 32 പന്തിൽ 74 റൺ നേടി ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നിറഞ്ഞാടി.മൈതാനത്തിന്റെ നാനാ വശങ്ങളിലേയ്ക്കും സഞ്ജു പന്തുകൾ പായിച്ചു .സഞ്ജുവിന്റെ അത്യുജ്ജല പ്രകടനത്തിൽ രാജസ്ഥാൻ റോയൽസ് മഹേന്ദ്രസിങ് ധോണിയുടെ ചെന്നൈയെ 16 റണ്ണിന് തകർത്തു.
രാജസ്ഥാൻ റോയൽസ് 7 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് നേടിയപ്പോൾ ചെന്നൈ ഇരുപതു ഓവർ അവസാനിക്കുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് നേടി.സഞ്ജുവിന് പുറമേ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും (47 പന്തിൽ 69) നേടി.അവസാന ഓവറിൽ ആഞ്ഞു വീശിയ ജോഫ്ര ആർച്ചെറും (8 പന്തിൽ 27) രാജസ്ഥാനെ ഈ സീസണിൽ ഇരുന്നൂറ് കടക്കുന്ന ആദ്യ ടീമാക്കി. രണ്ട് സ്റ്റമ്പിങ്ങും രണ്ട് ക്യാച്ചുമെടുത്ത് വിക്കറ്റിന് പിറകിലും സഞ്ജു മിന്നി.
ടോസ് നേടിയ ധോണി രാജസ്ഥാനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. സ്മിത്തിനൊപ്പം ഓപ്പണറായെത്തിയ അരങ്ങേറ്റക്കാരൻ യശ്വസി ജയ്സ്വാളിനെ (6) മടക്കി ദീപക് ചഹാർ ക്യാപ്റ്റന്റെ വിശ്വാസം കാത്തു. സ്കോർ 2.2 ഓവറിൽ രാജസ്ഥാൻ ഒന്നിന് 11. സഞ്ജു എത്തി. ആദ്യ പന്തുകൾ ക്ഷമയോടെ നേരിട്ടു. എന്നാൽ, അധികം കാത്തിരുന്നില്ല. ചഹാറിനെ സിക്സർ പറത്തി തുടക്കമിട്ടു. ധോണി പന്ത് സ്പിന്നർമാരെ ഏൽപ്പിച്ചു. ആദ്യമെത്തിയ രവീന്ദ്ര ജഡേജയെ സഞ്ജു വെറുതെ വിട്ടില്ല. തുടർച്ചയായി രണ്ടുതവണ പന്ത് പറന്നു. പിന്നാലെ പിയൂഷ് ചൗള എത്തി. സഞ്ജുവിന്റെ ചൂടറിഞ്ഞു ഈ സ്പിന്നറും. സഞ്ജു മൂന്നും സ്മിത്ത് ഒരു സിക്സറും കുറിച്ചു. ഈ ഓവറിൽ രാജസ്ഥാൻ നേടിയത് 28 റൺ. ഇതിനിടെ, 19 പന്തിൽ സഞ്ജു അരസെഞ്ചുറി തികച്ചു. കളിജീവിതത്തിലെ ഏറ്റവും വേഗതയേറിയത്. ഐപിഎലിലെ 11–-ാമത്. നേരിട്ടവരെയെല്ലാം സഞ്ജു തലങ്ങും വിലങ്ങും പായിച്ചു. രാജസ്ഥാൻ 10 ഓവറിൽ 100 കടന്നു. ലുങ്കി എൻഗിഡിയുടെ പന്തിൽ സിക്സറിന് ശ്രമിക്കവെ ചഹാറിന്റെ കൈകളിലായി സഞ്ജു മടങ്ങി.