മുംബൈ: വിടവാങ്ങല്‍ മത്സരം കളിക്കുന്ന ഇതിഹാസതാരം സച്ചിന് ടെണ്ടുല്‍ക്കര്‍ 38 റണ്‍ നേടി പുറത്താകാതെ നില്ക്കവേ വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യ തുടക്കത്തിലെ പിടിമുറുക്കി. മുംബൈ വാംഖടെ സ്റ്റേഡിയത്തില്‍ ഒന്നാംദിനം കളി നിര്‍ത്തുമ്പോള്‍ വിന്‍ഡീസിനെ 182ല്‍ എറിഞ്ഞിട്ട ഇന്ത്യ മറുപടിബാറ്റിങ്ങില്‍ 2-157 എന്ന നിലയിലാണ്.
സച്ചിന്റെ വിടവാങ്ങലിന്റെ എല്ലാ വൈകാരികതയും നിറഞ്ഞുനില്‍ക്കുകയാണ് വംഖടെയില്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്ടന് മഹേന്ദ്രസിംഗ് ധോണി ഫീല്‍ഡിംഗ് തെരഞ്ഞെടുത്തപ്പോള്‍ നിരാശരായ കാണികള്‍ക്ക് പക്ഷേ , ആദ്യദിനം തന്നെ സച്ചിന്റെ ബാറ്റിംഗ് കാണാനായി. 14-ആം ഓവറില്‍ മുരളി വിജയ് [43] പുറത്തായപ്പോഴായിരുന്നു സച്ചിന്റെ വരവ്. വിജയിന്റെ വിക്കറ്റ് വീണപ്പോള്‍ വംഖടെയിലെ കാണികള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ത്തിരമ്പുകയായിരുന്നു. സച്ചിനെ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് വിന്‍ഡീസ് ടീം വരവേറ്റത്.
വിടവാങ്ങല്‍ മത്സരത്തിന്റെ സമ്മര്‍ദത്തെ അതിജീവിച്ച് 73 പന്തില്‍ ആറു ബൌണ്ടറികളുടെ അകമ്പടിയോടെയാണ് സച്ചിന് 38ലെത്തിയത്. 16000 റണ്‍ എന്ന മറ്റൊരു ചരിത്രനേട്ടത്തിന് 115 റണ്‍ മാത്രം അകലെയാണ് ഇപ്പോള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍.
നേരത്തെ , അഞ്ച് വിക്കറ്റ് നേടിയ പ്രഗ്യാന്‍ ഓജയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആശ്വിനും ചേര്‍ന്നാണ് വിന്‍ഡീസിനെ കരക്കിവീഴ്ത്തിയത്. 48 റണ്‍ നേടിയ കെയ്റന് പവല്‍ മാത്രമേ സന്ദര്‍ശകരില്‍ പിടിച്ചുനിന്നുള്ളൂ.