jio 800x100
jio 800x100
728-pixel-x-90
<< >>

സച്ചിന്‍, ചരിത്രം നിന്നെ കുറ്റവാളി എന്ന് വിധിക്കും

സച്ചിന്‍, നിന്നെ കുറ്റവാളിയെന്നു വിളിക്കാതിരിക്കാന്‍ ആകില്ല. ഒരു ഏകാധിപതിയെപ്പോലെ ഒരു രാജ്യത്തിന്‍റെ കാല്‍ നൂറ്റാണ്ടാണ്‌ നീ നിന്‍റെ പാഡിന്‍റെ സ്ട്രാപ്പിനോപ്പം കൂട്ടിക്കെട്ടിയത്. ബാഗ്പൈപ്പറുടെ വൈഭവത്തോടെ, വില്ലോത്തടികൊണ്ട് കാട്ടിയ മായാജാലത്തില്‍ ഒരു ജനതയെ മുഴുവന്‍ നീ നിന്നോടൊപ്പം കൊണ്ടുപോയില്ലേ.
പട്ടിണിയുടെ, പരാധീനതകളുടെ പതംപറച്ചിലുകളില്‍ നട്ടംതിരിയുന്ന ഇന്ത്യ. പക്ഷേ, ഒരു നൊടിയിടയില്‍ ആയിരം അസ്ത്രങ്ങള്‍ കുലയ്ക്കുന്ന അര്‍ജുനനായി നീ ക്രീസില്‍ നിന്നപ്പോഴെല്ലാം ഞങ്ങളുടെ ഫാക്ടറികളിലെ യന്ത്രങ്ങള്‍ നിശ്ചലമായി. തെരുവുകള്‍ വിജനമായി. ഓഹരിവിപണിയിലെ കയറ്റിറക്കങ്ങളുടെ സൂചിപോലും നിന്റെ കവര്‍ ഡ്രൈവുകളും സ്ക്വയര്‍ കട്ടുകളും കാണാന്‍ ഗാലറികളിലേക്ക് കണ്ണയച്ചു. എത്രയെത്ര മനുഷ്യശക്തിയാണ് നിനക്കായി ഞങ്ങള്‍ ഹോമിച്ചത്.
ഫാക്ടറികള്‍ മാത്രമല്ല, ഞങ്ങളുടെ അന്തപ്പുരങ്ങളും നിന്‍റെ ബാറ്റിന്‍റെ തലയണമന്ത്രത്തില്‍ മതിമറന്നുപോയില്ലേ. നീ ബാറ്റ് ചെയ്യുമ്പോള്‍ ഞങ്ങളുടെ കിടപ്പറകള്‍ ഇണപ്പിണച്ചിലില്ലാതെ ചത്ത പിച്ചുകളായി. ഞങ്ങളുടെ ഭാര്യമാര്‍ രതിയേക്കാള്‍ ഇഷ്ടപ്പെട്ടത് ക്രീസില്‍ നീയാടുന്ന മദനമഹോത്സവങ്ങള്‍ കാണാനാണ്. പകലന്തിയോളം പണിയെടുത്ത പണവുമായി നിന്‍റെ കളിക്കളങ്ങളില്‍ ഇരിപ്പിടങ്ങള്‍ തരപ്പെടുത്തിയപ്പോള്‍ എത്രയോ രാവുകളില്‍ ഞങ്ങളുടെ കുഞ്ഞുങ്ങള്‍ വിശന്നുകിടന്ന്‍ ഉറങ്ങിയിട്ടുണ്ടാകും.
സ്വന്തം മക്കള്‍ അച്ഛനെപ്പോലെയാകണമെന്ന ഞങ്ങളുടെ മോഹവും നീ തകര്‍ത്തു. നിന്നെപ്പോലെ  ആകുകയായിരുന്നു  ഞങ്ങളുടെ കുഞ്ഞുങ്ങളുടെ സ്വപ്നം. നീയായിരുന്നു മാതൃകാപുരുഷന്‍. വഖാര്‍ യൂനിസിന്റെയും ഷോഹൈബ് അക്തറിന്റെയും ഷെയ്ന്‍ വോണിന്‍റെയും പന്തുകള്‍ നീ നേരിടുന്ന അതേ ലാഘവത്തോടെയാണ് ഞങ്ങളുടെ കല്‍പനകള്‍ കൂസാതെ അവര്‍ ബാറ്റും സ്റ്റമ്പുമേന്തി കളിക്കളങ്ങളിലേക്ക് കുതിച്ചത്. ക്രിക്കറ്റിന്റെ അധിനിവേശത്തില്‍ ഞങ്ങളുടെ മൈതാനങ്ങളില്‍നിന്ന് ഫുട്ബോളും വോളിബോളും കബഡിയും ഖോ-ഖോയുമൊക്കെ പടിയിറങ്ങിപ്പോയതും നീ കാരണം കൊണ്ടുതന്നെ.
എന്തിനേറെ, ഞങ്ങളുടെ ദൈവങ്ങള്‍ക്കും നിന്നെ ഇഷ്ടമല്ല. അവരുടെ പദവിയും നീ അപഹരിച്ചുവല്ലോ. നീ കാരണം അനാഥരായ ദൈവങ്ങളുടെ നാടാണ് ഇന്ന് ഇന്ത്യ. ആളൊഴിഞ്ഞ ആല്‍ത്തറകള്‍ക്കപ്പുറം ഒരു നെയ്ത്തിരിയുടെ വെളിച്ചം പോലുമില്ലാത്ത കോവിലുകളില്‍ ഏകരായിപ്പോയ ഞങ്ങളുടെ ദൈവങ്ങള്‍ എത്രയോ രാത്രികള്‍ പേടിച്ചു നിലവിളിച്ചിട്ടുണ്ടെന്നോ. നിനക്ക് വേണ്ടി ഞങ്ങള്‍ മാറ്റിവെച്ച കുര്‍ബനകള്‍ക്കും കുമ്പസാരങ്ങള്‍ക്കും ആയിരം അള്‍ത്താരകള്‍ സാക്ഷി. നിന്‍റെ വര്‍ണചിത്രങ്ങള്‍ തൂങ്ങുന്ന പൂജാമുറികളില്‍നിന്ന് കുടിയിറക്കപ്പെട്ട കൃഷ്ണനും ക്രിസ്തുവുമൊക്കെ ഇന്നും ഞങ്ങളുടെ മച്ചകങ്ങളില്‍ മോക്ഷം കിട്ടാതെ പൊടിപിടിച്ച് കഴിയുന്നുണ്ട്.
പക്ഷേ ഇതൊക്കെയാണെങ്കിലും സച്ചിന്‍, നിന്നെ ഞങ്ങള്‍ സ്നേഹിക്കുന്നു. എന്തിനേക്കാളും ഉപരി. അതുകൊണ്ടാണല്ലോ വാംഖഡേ സ്റ്റേഡിയത്തിന്‍റെ പവലിയനിലേക്ക് നീ നടന്നുമറഞ്ഞപ്പോള്‍ ഞങ്ങള്‍ മിഴികള്‍ തുടച്ചതും ടെലിവിഷനുകള്‍ ഓഫ് ചെയ്ത് ക്രിക്കറ്റ് മതിയായി എന്ന് ഞങ്ങളോടുതന്നെ വിളിച്ചുപറഞ്ഞതും.

4 Responses to സച്ചിന്‍, ചരിത്രം നിന്നെ കുറ്റവാളി എന്ന് വിധിക്കും

 1. hari Reply

  November 19, 2013 at 3:16 PM

  Really writer has some talent. I liked the way he has presented in this article.

  • Sanjay Reply

   November 20, 2013 at 9:55 AM

   Sachin is great while india sports and athletics is big zero, every one is after Sachin. Please see the scenario in China lakhs of sports are sacrificing their life for Olympics here Indian fools wasting time in poojas and stuthi of one great man Sachin. My indian brothers always give pujas to known people they will never remember the Bhagat Singh Raja Guru Sukhdev Subhash chandra bose The Great Patel and all other patriots only Nehru and Gandhiji they knows and respect. Cricket is killing every other sports here its a reality….

 2. Jishnu Reply

  November 22, 2013 at 6:05 AM

  Kshamikanam..lokam muzhuvan aadarikunna orale ingane vilichadu sariyayilla..
  Oru rajyathinte kaal nootandu kalam Sachin pad kettiyenkil aa kaal nootandilum aa sportsinu uyarcha mathrame undayittullu..24u varshathil orikal polum adheham india maharajyathe mosamayi parayiipichittilla..
  Pattiniyude paradheenathakalil oru aswasavum ananthavum aayi aa kalikal..adheham veetil irunnirunnu enkil marichonnum undavilla..cricketine valarthiyathiloode orupad perk nerittum allatheyum oru varumanamargam labichu ennadum marakaruth..
  Rathrikalil aa manushyante kali kanan vendi urakamilaykunna aalkar aanu , thankal paranja vibhagam barthakanmarekal adikam ennum thonnunnu..adum azhchayil 7divasavum kali illalllo…:P
  Visakunna kunjungalk bakshanam vangikodukathe arum kali kanan tiocket vangum enn thonnunnilla..karanam sachinte batting kanan aanenkil ethenkilum tv shopinte frontilo busstandilo railwaystationte frontilo poyalum madi…stadiuthinte athe aravathil kanam..
  Laalithyavum kazhivum orupole ulla adhehathe pole avan kuttikal agrahichenkil adine eth arthathil kutam parayan patum?
  Footballum vollyballum kabadiyum padiyirangi ennu thankalk thonnunnundenkil avayil onnum Sachinmaar avatharikathadukondaanu..allathe ccricket daiwathinte kuzhapamalla..
  Avasanamayi onnu koodi…manushyanekal mathangale snehicha kalaghattathil ninn CRICKET IS MY RELIGION SACHIN IS MY GOD enn parayipikan aa cheriya valiya manushyanu aayi enkil , adaanu enne etavum adikam adhehathilek aakarshichadu..

  Thankal idoru negative meaningil alla ezhudiyath enn njan chindiykatte,,pakshe e paranjadinodonnum yojikan enik aavunnilla..kshamikanam..karanam njanum parayarund CRICKET IS MY RELIGION..SACHIN IS MY GOD..:)
  with all respect to the reporter..:)

 3. suvi Reply

  December 24, 2013 at 8:10 AM

  very good article.

Leave a Reply