728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്:സ്‌ക്രീനിങ് തുടങ്ങി

തിരുവനന്തപുരം:ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയത്തിനുള്ള സ്‌ക്രീനിങ് തുടങ്ങി.2014ലെ 70 ചിത്രങ്ങളാണ് ജോണ്‍ പോള്‍ അധ്യക്ഷനായ ജൂറി വിലയിരുത്തുന്നത്.ആഗസ്റ്റ് ആദ്യ ആഴ്ച്ചയില്‍ അവാര്‍ഡ് പ്രഖ്യാപിച്ചേക്കും.

മാസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് സ്‌ക്രീനിംഗ് തുടങ്ങിയത്.അവാര്‍ഡ് തുക കൂട്ടാനുള്ള ഭേദഗതി നിര്‍ദ്ദേശത്തിന് ധനവകുപ്പിന്റെ അംഗീകാരം കിട്ടാന്‍ വൈകിയതാണ് സ്‌ക്രീനിംഗ് നീണ്ടു പോകാന്‍ കാരണം.

ഒരു പാട് മാറ്റങ്ങളുമായാണ് ഇത്തവണത്തെ അവാര്‍ഡ് നിര്‍ണയം.പത്തംഗ ജൂറി മൂന്നായി തിരിഞ്ഞ് കൊണ്ട് സിനിമകള്‍ ആദ്യ റൗണ്ടില്‍ പരിശോധിക്കും.മൂന്ന് കമ്മിറ്റികളും നിര്‍ദ്ദേശിക്കുന്ന സിനിമകള്‍ അവസാന റൗണ്ടില്‍ എല്ലാ അംഗങ്ങളും ചേര്‍ന്ന് വിലയിരുത്തും.ആദ്യ റൗണ്ടില്‍ പിന്തള്ളപ്പെട്ട സിനിമകള്‍ വേണമെങ്കില്‍ അവസാന റൗണ്ടില്‍ അധ്യക്ഷന് വിളിച്ചുവരുത്താം.ഓരോ കമ്മിറ്റിയിലും ഒരു സംവിധായകനും ഒരു സാങ്കേതികവിദഗ്ധനും ഉണ്ടായിരിക്കും.കഴിഞ്ഞ തവണ ജൂറി ചെയര്‍മാന്‍ ഭാരതി രാജ മുഴുവന്‍ ചിത്രങ്ങളും കണ്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് സ്‌ക്രീനിംഗില്‍ മാറ്റം വരുത്തിയത്.

സംവിധായകരായ ഭദ്രന്‍, സുരേഷ് ഉണ്ണിത്താന്‍, ബാലുകിരിയത്ത്, സംഗീതസംവിധായകന്‍ രാജാമണി, എഡിറ്റര്‍ ജി.മുരളി, സൗണ്ട് റെക്കോര്‍ഡിസ്റ്റ് രഞ്ജിത്ത്, ഛായാഗ്രാഹകന്‍ സണ്ണി ജോസഫ്, നിര്‍മ്മാതാവ് എംഎം ഹംസ എന്നിവരുള്‍പ്പെട്ടതാണ് ജൂറി.അക്കാദമി സെക്രട്ടറി രാജേന്ദ്രന്‍ നായര്‍ മെമ്പര്‍ സെക്രട്ടറിയായി ജൂറിയില്‍ ഉണ്ടാകും.ചലച്ചിത്രസംബന്ധമായ രചനകള്‍ വിലയിരുത്തുന്നത് സതീഷ് ബാബു പയ്യന്നൂര്‍ അധ്യക്ഷനായ സമിതിയാണ്.

INDIANEWS24.COM Movies

Leave a Reply