തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ, സംസ്ഥാന പാതയോരത്തെ 110 വിദേശ മദ്യവില്പനശാലകളും മാറ്റി സ്ഥാപിക്കും. ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിക്ക് അനുകാലമായ നിലപാടെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് ബീവറേജസ് കോര്പ്പറേഷന് ഔട്ട്ലറ്റുകള് മാറ്റിസ്ഥാപിക്കുന്ന നടപടികള്‍ തുടങ്ങിയത്.
ദേശീയപാതയോരത്തെ മദ്യവില്‍പ്പനശാലകളും അനുബന്ധ പരസ്യ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യണമെന്ന് സുപ്രീംകോടതി നേരത്തെ വിധി പുറപ്പെടുവിച്ചിരുന്നു.ഇതിന്റെ ഭാഗമായി സംസ്ഥാന ബീവറേജസ് കോര്പ്പറേഷന് പാലക്കാട് കൊടുവായൂരിലെ ഔട്ട്ലറ്റ് എട്ടന്നൂരിലേക്ക് മാറ്റി.ഒരു മാസത്തിനകം എല്ലാ ഔട്ട്ലറ്റുകളും മാറ്റി സ്ഥാപിക്കുമെന്ന് ബീവറേജസ് കോര്പ്പറേഷന് എം ഡി. എച്ച് വെങ്കിടേഷ് അറിയിച്ചു.
സുപ്രീംകോടതി വിധി വന്ന സാഹചര്യത്തില്‍ മദ്യവില്‍പ്പനശാലകള്‍ മാറ്റിസ്ഥാപിക്കുന്ന നടപടി പ്രായോഗികമല്ലെന്നു കാട്ടി പുനപരിശോധനാ ഹര്ജിനല്കണമെന്നായിരുന്നു സംസ്ഥാന ബീവറേജസ് കോര്പറേഷന് നിലപാട്.കോര്‍പറേഷന്റെ 270 ഔട്ട്ലറ്റുകളില് 110 എണ്ണമാണ് ദേശീയ സംസ്ഥാന പാതയോരങ്ങളിലുള്ളത്. ഇതെല്ലാം മാറ്റി സ്ഥാപിക്കാന്‍ സംസ്ഥാനത്തെ അബ്കാരി ചട്ടം ഭേദഗതിചെയ്യേണ്ടിവരുമെന്ന് ചൂണ്ടിക്കാട്ടി സമ്മര്‍ദ്ദം ചെലുത്തണമെന്നായിരുന്നു കോര്പ്പറേഷന് സര്‍ക്കാരിന് നല്കിയ നിര്‍ദ്ദേശം.എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.സുപ്രീംകോടതിയുടെ വിധിപകര്‍പ്പ് സര്‍ക്കാര്‍ നിയമവകുപ്പിന് കൈമാറുകയും ചെയ്തിരുന്നു.നിലവില്‍ ദേശീയപാതയോരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്പന കേന്ദ്രങ്ങള്‍ മാറ്റിസ്ഥാപിക്കാനായി പകരം സ്ഥലം കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ക്കു കോര്പ്പറേഷന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ദേശീയ, സംസ്ഥാന പാതയോരത്തെ മദ്യശാലകള്‍ക്ക് അടുത്ത മാര്‍ച്ച് 31നു ശേഷം ലൈസന്‍സ് പുതുക്കിനല്കരുതെന്നാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ച് സംസ്ഥാനങ്ങളോട് വിധിയിലൂടെ നിര്‍ദ്ദേശിച്ചത്.ദേശീയ, സംസ്ഥാന പാതകളുടെ വശങ്ങളിലുള്ള മദ്യവില്പനശാലകള് നിര്‍ത്തലാക്കുന്നതു സംബന്ധിച്ചു ദേശീയപാതാ അതോറിറ്റി ഇറക്കിയ സര്‍ക്കുലറും വിവിധ ഹൈക്കോടതികളുടെ ഉത്തരവുകളും ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ പരിഗണിച്ചായിരുന്നു കോടതി നടപടി.
INDIANEWS24.COM T V P M