കോഴിക്കോട്:സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഈടാക്കുന്ന പിഴത്തുക വലിയ തോതില്‍ വര്‍ദ്ധിപ്പിച്ചുവെന്ന വാര്‍ത്ത ശരിയല്ലെന്ന് ഉത്തരമേഖലാ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ രാജീവ് പുത്തലത്ത് അറിയിച്ചു.സോഷ്യല്‍ മീഡിയകളിലും മറ്റ് ചില മാധ്യമങ്ങളിലും മോട്ടോര്‍ വാഹന വകുപ്പ് ഈടാക്കുന്ന പിഴ കൂട്ടിയെന്ന പ്രചാരണം വന്നിരുന്നു.ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ടവര്‍ തന്നെ വിശദീകരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്.
കാര്‍ യാത്രക്ക് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ആയിരം രൂപ,ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ പതിനായിരം രൂപ,ഏതെങ്കിലും രേഖകള്‍ കൈവശം ഇല്ലെങ്കില്‍ അയ്യായിരം രൂപയും ജപ്തിയും തുടങ്ങിയ രീതിയിലാണ് ചില മാധ്യമങ്ങളിലൂടെ പ്രചരിക്കപ്പെടുന്നത്.മൂന്ന് കേസുകളില്‍ പിടിക്കപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന ഭീഷണിസ്വരത്തിലുള്ള ഉത്തരവുകള്‍ ശനിയാഴ്ച്ച മുതല്‍ നടപ്പാക്കി തുടങ്ങുമെന്നും പറയുന്നു.സമൂഹ മാധ്യമങ്ങള്‍ക്ക് പുറമെ ചില മാധ്യമങ്ങള്‍ കൂടി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത് ആളുകളില്‍ കടുത്ത ആശങ്ക പരത്തി.ഇതേ തുടര്‍ന്നാണ് വാര്‍ത്ത വ്യാജമാണെന്ന് അധികൃതരുടെ ഭാഗത്ത് നിന്നു തന്നെ തീര്‍പ്പുണ്ടായിരിക്കുന്നത്.
അതേ സമയം പിഴത്തുക വര്‍ദ്ധിപ്പിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ആലോചനയുണ്ടെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉത്തരമേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍ സൂചിപ്പിച്ചു.എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതുപോലെ വലിയ തുകയാകില്ലെന്ന് അദ്ദേഹം അറിയിച്ചു.കേന്ദ്രസര്‍ക്കാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ സമ്പൂര്‍ണ നവീകരണം ഉറപ്പാക്കുന്ന തരത്തില്‍ ബില്ല് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.പ്രസ്തുത ബില്ലില്‍ പിഴത്തുക വര്‍ധിപ്പിക്കാന്‍ നിര്‍ദേശമുണ്ടെങ്കിലും നടപ്പാകാന്‍ ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും എടുക്കുമെന്നും അദ്ദേഹം അറിയിച്ചു.മോട്ടോര്‍ വാഹനങ്ങള്‍ കൈകാര്യം ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കുമായി കേന്ദ്രത്തിന് കീഴില്‍ ഏകീകരണ സംവിധാനം കൊണ്ടുവന്നേക്കുമെന്ന് നേരത്ത വാര്‍ത്തയുണ്ടായിരുന്നു.
INDIANEWS24.COM KOZHIKODE