728-pixel-x-90-2-learn
728-pixel-x-90
<< >>

സംസ്ഥാനത്ത് കനത്ത മഴ :എറണാകുളത്ത് റെയില്‍ റോഡ്‌ ഗതാഗതം താറുമാറായി

തിരുവനന്തപുരം:കേരളത്തില്‍ കാലവര്‍ഷം ശക്തി പ്രാപിച്ചു.കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് എമ്പാടും മഴ തുടരുകയാണ്.കനത്ത മഴയെ തുടര്‍ന്നു കൊച്ചിയിലെ താഴ്ന്ന പ്രദേശങ്ങള്‍  വെള്ളത്തിനടിയിലായി.തിരുവനന്തപുരത്ത് 11 സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി.ന്യൂനമര്‍ദ്ദം വടക്കന്‍ കേരളത്തിലേക്ക് നീങ്ങുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചതിനെ തുടര്‍ന്ന്‍ സംസ്ഥാന സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇന്നലെ രാത്രിയോട്‌ കൂടി കൊച്ചിയിലെ റോഡ്‌ റെയില്‍ ഗതാഗതം താറുമാറായി.മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനവും ഏതാണ്ട് പൂര്‍ണ്ണമായി നിര്‍ത്തിവച്ചു.റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നു പാസഞ്ചര്‍ ട്രെയിനുകളും നിര്‍ത്തിയിട്ടിരിക്കുകയാണ്.പതിനാറ് തീവണ്ടികളുടെ സമയം മാറ്റി.എറണാകുളം സൗത്ത് റെയില്‍വെ സ്‌റ്റേഷനുകളിലെ ആറ് ട്രാക്കുകളും വെള്ളത്തിനടിയിലായി. ഇതുമൂലം കേരള എക്‌സ്പ്രസ് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍വഴി തിരിച്ചുവിടുമെന്ന് റെയില്‍വെ അറിയിച്ചു.

എറണാകുളം ജില്ലയുടെ നിരവധി പ്രദേശങ്ങളില്‍ വെള്ളംകയറി ജനജീവിതം ദുരിതത്തിലായി.ദുരിതം അനുഭവിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം മാധ്യമങ്ങളോട് പറഞ്ഞു.എറണാകുളം കളക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. നമ്പര്‍ : 0484 2423513.

വടക്കന്‍ കേരളത്തില്‍ നാളെയോട് കൂടി മഴ കനക്കും എന്നാണ് റിപ്പോര്‍ട്ട്.ഇപ്പോള്‍ തന്നെ കണ്ണൂരിന്റെ മലയോര മേഖലയില്‍ വൈദ്യുതി ബന്ധം നഷ്ടമായിട്ടുണ്ട്.കനത്ത മഴ മൂലം തൃശ്ശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ട് മാറ്റി വെച്ചു.തിരുവനന്തപുരത്ത് മണ്ണിടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ചു. നെല്ലിമൂടിന് സമീപം കുഴിപ്പള്ളം സ്വദേശി ഓമനയാണ് മരിച്ചത്.

JP-INDIANEWS24 KOCHI

 

Leave a Reply