ടെക്സസ്: അമേരിക്കയില്‍ കാണാതായ മലയാളി ദമ്പതികളുടെ വളര്‍ത്തുമകളായ മൂന്നുവയസ്സുകാരിയെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചതാണെന്ന് വെസ്ലി മാത്യൂസ് പോലീസിനോട് പറഞ്ഞു. എറണാകുളം സ്വദേശിയായ വെസ്ലി മാത്യൂസ് ആണ് കുട്ടിയുടെ വളര്ത്തച്ഛന്. ഒക്ടോബര്‍ ഏഴ് മുതല്‍ കാണാതായ ഷെറിന് മാത്യൂസിന്റെ മൃതദേഹം കേസ് അന്വേഷിക്കുന്ന റിച്ചാഡ്സണ് പോലീസ് ഞായറാഴ്ച്ച കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നുള്ള ചോദ്യംചെയ്യലിലാണ് വെസ്ലി മാത്യൂസ് പോലീസിനോട് വിവരങ്ങള്‍ പറഞ്ഞതെന്ന് അറിയുന്നു.
ഷെറിന് മാത്യൂസിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണത്തില്‍ പോലീസ് പുറത്തുവിട്ട ഏറ്റവും പുതിയ വിവരണം ഇങ്ങനെയാണ്: പാല് കുടിക്കാതിരുന്ന ഷെറിനെ വെസ്ലി നിര്‍ബന്ധിച്ച് ബലംപ്രയോഗിച്ച് പാല് കുടിപ്പിക്കുമ്പോള്‍ കുട്ടിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ചുമച്ച് ശ്വാസമെടുക്കുന്നത് പതുക്കെയായതോടെ പള്‍സ് പിടിച്ചുനോക്കിയപ്പോള്‍ മരിച്ചെന്നു കരുതി. തുടര്‍ന്ന് വീടന് കുറച്ചകലെ മാറി കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴിന് പുലര്‍ച്ചെ മൂന്ന് മുതല്‍ കാണാതായെന്നാണ് അന്ന് രാവിലെയോടെ പോലീസില്‍ നല്കിയ പരാതിയില്‍ വെസ്ലി മാത്യൂസ് പറഞ്ഞിരിക്കുന്നത്. പാല് കുടിക്കാതിരുന്നതിന് ശിക്ഷയായി വീടിന് പുറത്ത് തനിച്ചു നിര്‍ത്തി 15 മിനിറ്റിന് ശേഷം നോക്കിയപ്പോള്‍ കാണാതായെന്നായിരുന്നു പരാതി. ഇത് പോലീസ് വിശ്വാസത്തിലെടുത്തില്ലെന്ന് മാത്രമല്ല കുട്ടിയെ ബോധപൂര്‍വ്വം ഉപേക്ഷിച്ചെന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരു ദിവസത്തിന് ശേഷം രണ്ടര ലക്ഷം അമേരിക്കന്‍ ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
അന്വേഷണം ഊര്‍ജിതമാക്കി വരുന്നതിനിടെ ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് ടെക്സസിലെ വെസ്ലിയുടെ വീടിന് ഒരു കിലോമീറ്ററോളം അകലെയുള്ള കലുങ്കിനടിയില്‍ നിന്നും മൂന്ന് വയസ്സ് പ്രായംതോന്നിക്കുന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത് പിന്നീട് ഷെറിന് മാത്യൂസിന്റേതാണെന്ന് ഉറപ്പായെങ്കിലും മരണകാരണം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. മൃതദേഹത്തിന്റെ മെഡിക്കല്‍ പരിശോധനകള്‍ സംബന്ധിച്ച വിവരങ്ങളൊന്നും പോലീസ് പുറത്തുവിട്ടിട്ടുമില്ല. ഈ സാഹചര്യത്തിലാണ് വളര്ത്തച്ഛന് വെസ്ലി മൊഴി നല്‍കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിഹാറിലെ അനാഥാലയത്തില്‍ നിന്നാണ് വെസ്ലി മാത്യൂസും കുടുംബവും കുട്ടിയെ ദത്തെടുക്കുന്നത്. പോഷകാഹാരക്കുറവുമൂലമുള്ള അസുഖവും സംസാരത്തിന് വൈകല്യവുമുള്ള കുട്ടിയായിരുന്നു ഷെറിന് മാത്യൂസ്.
INDIANEWS24.COM Texas