jio 800x100
jio 800x100
728-pixel-x-90
<< >>

ഷിക്കാഗോയിലും ആരിസോണയിലും ഓണാഘോഷം നടത്തി

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലും ആരിസോണയിലും ഈ വര്‍ഷത്തെ ഓണാഘോഷം വിപുലമായ പരിപാടികളോടെ നടത്തി. ഷിക്കാഗോ മലയാളി അസോസിയേഷന്‍ നടത്തിയ ഓണാഘോഷം ഉദ്ഘാടനം ചെയ്യാന്‍ മുന്‍ കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് എത്തി. ആരിസോണ മലയാളി അസോസിയേഷന്റെ ഓണാഘോഷങ്ങള്‍ക്ക് ഇക്കുറിയും അഭൂതപൂര്‍വ്വമായ തിരക്കേറിയത് വലിയ പ്രത്യേകതയായി.

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷത്തിന്റെ വിശിഷ്ടാതിഥി ആയിരുന്ന യു എസ് കോണ്‍ഗ്രസ് മാന്‍ രാജാ കൃഷ്ണമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രഷറര്‍ ഫിലിപ്പ് പുത്തന്‍പുരയില്‍, വൈസ് പ്രസിഡന്റ് ജോണ്‍സന്‍ കണ്ണൂക്കാടന്‍, ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന റീജിയണല്‍ വൈസ് പ്രസിഡന്റ് ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് എന്നിവര്‍ സംസാരിച്ചു.

ഓണസദ്യയും പൂക്കളവും തീര്‍ത്ത പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ആയിരത്തിലേറെ പേര്‍ കേരളത്തനിമയുള്ള വസ്ത്രങ്ങള്‍ കൂടി അണിഞ്ഞെത്തിയതോടെ ഷിക്കാഗോയിലെ താഫ്ട് ഹൈസ്‌കൂളും പരിസരങ്ങളും അക്ഷരാര്‍ത്ഥത്തില്‍ ഒരു മിനി കേരളമായിമാറി.

ആരിസോണ  മലയാളി അസോസിയേഷന്റെ ഈ വര്‍ഷത്തെ ആഘോഷം ഫീനിക്‌സിലെ ഇന്ത്യാ അമേരിക്കന്‍ സെന്ററില്‍ വര്‍ണപ്പൊലിമയാര്‍ന്ന പിപാടികളോടെ നടത്തപ്പെട്ടു. നര്‍ത്തകിയും അധ്യാപികയും ആരിസോണ നൃത്താലയ ആസ്റ്റിക് സൊസൈറ്റിയുടെ ഡയറക്ടറുമായ ശൈലാ ഗണേശന്‍ ഓണാഘോഷങ്ങളുടെ മുഖ്യാതിഥിയായിരുന്നു.

നൂറിലേറെ കലാകാരന്മാരും കലാകാരികളും വൈവിധ്യമാര്‍ന്ന പരിപാടികളുമായി സദസിനെ ആനന്ദഭരിതരാക്കി’ മോഹിനിയാട്ടം, ഭരതനാട്യം, കഥക്, ഒഡീസി, തിരുവാതിരക്കളി, തുടങ്ങി ഭാരതത്തിന്റെയും കേരളത്തിന്റെയും കലാപാരമ്പര്യം വിളിച്ചോതുന്ന നിരവധി നൃത്തരൂപങ്ങള്‍ അവതരിപ്പിച്ചു. ഫ്യൂഷന്‍ സിനിമാറ്റിക്ക് നൃത്തങ്ങള്‍ ആ ഘോഷങ്ങള്‍ക്ക് മാറ്റേകി. പഴയതും പുതിയതുമായ നിരവധിഗാനങ്ങള്‍ ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകളിലേക്ക് സദസ്യരെ എത്തിച്ചു.

ശ്രീകുമാര്‍ നമ്പ്യാറിന്റെയും ബൈജു തോമസിന്റെയും നേതൃത്വത്തില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആരിസോണ മലയാളികള്‍ ആസ്വദിച്ചു. അഭൂതപൂര്‍വമായ ജനപങ്കാളിത്തമാണ് ഈ ഓണാഘോഷത്തിനും ഇവിടെയുണ്ടായിരുന്നത്. ആരിസോണ മലയാളി അസോസിയേഷന്‍ സിക്രട്ടറി സജിത്ത് തൈവളപ്പില്‍ ആശംസ നേര്‍ന്നു.

INDIANEWS24.COM Chicago

Leave a Reply