jio 800x100
jio 800x100
728-pixel-x-90
<< >>

ഷാജിയേട്ടന് ബീഫ് ഫ്രൈ, കുമ്മനത്തിന് ഒരു ഉള്ളിക്കറി

വരിന്‍…വന്ന് പള്ള നിറച്ച് ചൂട് പൊറോട്ടയും ബീഫും തട്ടി, കക്കൂസില്‍ കയറി അമക്കി അപ്പിയുമിട്ട് സന്തോഷമായി മടങ്ങിന്‍…കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ ഉത്തരേന്ത്യയില്‍നിന്ന് വന്ന സകല ഗോസാമികളോടും നല്ലവരായ മലയാളികള്‍ ഇതേ പറയാവൂ. അതിഥി ദേവോ ഭവ എന്നാണ് പ്രമാണം. വന്നുകയറുന്നത് മാടനാണെങ്കിലും മറുതായാണെങ്കിലും.
കുമ്മനംജിയെ കേരളത്തിലെ ബിജെപിയുടെ പ്രസിഡണ്ടാക്കിയപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല. വെടക്കാക്കി തനിക്കാക്കുക എന്ന് കേട്ടിട്ടുണ്ട്. വെടക്കാക്കാനായി കിടക്കുന്നിടത്ത് കാഷ്ടിക്കുന്ന ആ പുത്തൂരം അടവ് കുമ്മനത്തില്‍നിന്ന് പഠിക്കണം. ഇല്ലാക്കഥകള്‍ പറഞ്ഞ്    കേരളത്തെ  വെടക്കാക്കാന്‍ നോക്കുന്ന കുമ്മനത്തിനും സുരേന്ദ്രനുമൊക്കെ ഉള്ളിക്കറി വിളമ്പിയാല്‍ മതി.

അല്ല കുമ്മനം, ജീവിക്കാന്‍ ഇന്ത്യയില്‍  ഏറ്റവും മോശപ്പെട്ട സ്ഥലമാണ്‌ കേരളം എന്നാണല്ലോ താങ്കളും കൂട്ടരും പറയുന്നത്. അങ്ങനെയെങ്കില്‍ നിങ്ങളുടെ ഭാഷ കടമെടുത്ത് നിങ്ങള്‍ക്കില്ലാത്ത വിനയത്തോടെ ചോദിക്കട്ടെ. പോയ്ക്കൂടെ ഇവിടെനിന്ന്. മുംബൈയിലോ അഹമ്മദാബാദിലോ ബറോഡയിലോ ചെന്ന് റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റ് കോടീശ്വരനായി ആര്‍ഭാടത്തോടെ ജീവിച്ചുകൂടെ. എന്നിട്ട് ഒരു ദിവസം സ്വന്തം കാറില്‍ ക്ലിഫ്ഹൗസിന് മുന്നില്‍ വന്നിറങ്ങി പിണറായി വിജയന്‍റെ മുഖത്തേക്ക് പുക ഊതിവിട്ട് അരെ സാലെ മദ്രാസി … ഡയലോഗടിച്ച് വെല്ലുവിളിക്കുന്നതല്ലേ ഹീറോയിസം. അല്ലാതെ മൂന്നരക്കോടി മലയാളികളെ അക്രമികളും തീവ്രവാദികളുമൊക്കെയാക്കി നടത്തുന്ന ഈ പൊറാട്ടുനാടകമുണ്ടല്ലോ, അടുത്ത ജന്മത്തിലെ സുരേഷ് ഗോപിയുടെ ബ്രാഹ്മണശാപം കിട്ടും , തീര്‍ച്ച…

കേരളത്തിലെ ജനങ്ങളെ രക്ഷിക്കാന്‍ വന്ന സമാധാനത്തിന്‍റെ മാടപ്രാവുകളെല്ലാം ചിറകടിച്ച് പറക്കുന്ന കാഴ്ച നയനാനന്ദകരംതന്നെ. കാലന്‍റെ കമ്പനിയുടെ ഫ്രാഞ്ചൈസി സ്വന്തമായുള്ള ആളാണെന്നൊക്കെ എതിരാളികള്‍ വെറുതെ പരദൂഷണം പറയുന്നുണ്ടെങ്കിലും ഷാജിയേട്ടന്‍ പഞ്ചപാവമാണെന്ന് ഇപ്പോഴല്ലേ മലയാളികള്‍ അറിഞ്ഞത്. പഴത്തിന്‍റെ തൊലിയുരിച്ചാല്‍ പഴത്തിന് വേദനിക്കുമോ എന്ന് കരുതി പഴം തോലിയോടെ കഴിക്കുന്ന സാത്വികനാണ് ഷാജിയേട്ടന്‍ എന്ന് ചരിത്രം രേഖപ്പെടുത്തും.
ഭഗവല്‍ചൈതന്യം കുടിയിരിക്കുന്ന യോഗി ആദിത്യനാഥിനെക്കുറിച്ച് എന്തൊക്കെ കല്ലുവെച്ച നുണകളാണ് അന്തംകമ്മികള്‍ ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. ഒരു ഹിന്ദുവിനെ കൊന്നാല്‍ നൂറു മുസ്ലീങ്ങളെ കൊല്ലണമെന്നും ഒരു ഹിന്ദു പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്താല്‍ നൂറു മുസ്ലീം പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്യണമെന്നും സ്വാമി പ്രസംഗിച്ചുപോലും. ഇതൊക്കെ കേട്ട് യോഗി ഒരു കൊടുംഭീകരനാണ് എന്ന് തെറ്റിദ്ധരിച്ചത് നമ്മള്‍ മലയാളികളുടെ പോഴത്തരം. യോഗി കരുണാമയനാണെന്ന് മാത്രമല്ല പരമ രസികനുമാണ്. വാ തുറന്നാല്‍ തമാശ. കൂടെയിരിക്കുന്നവര്‍ക്ക് ചിരിക്കാനെ സമയം കാണൂ. കേരളത്തിലെ ആശുപത്രികളുടെ നിലവാരം ഉയര്‍ത്താന്‍ ഉത്തര്‍പ്രദേശില്‍ വന്ന് പഠിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകണമെന്ന ആ വിറ്റുണ്ടല്ലോ. ചിരിച്ചുചിരിച്ച്‌ വയറിലെ മസിലുളുക്കി ഷാജിയേട്ടന് രണ്ട് ദിവസം യാത്രയില്‍ പങ്കെടുക്കാന്‍പോലും കഴിഞ്ഞില്ല. കാല്‍വെള്ളയില്‍ ചൊറിഞ്ഞാല്‍ പോലും ചിരിക്കാത്ത പിണറായി ഉറക്കത്തില്‍പോലും എഴുന്നേറ്റിരുന്ന് ചിരിക്കുകയായിരുന്നു എന്നാണ് ക്ലിഫ്ഹൗസിലെ വര്‍ത്തമാനം. പണ്ടത്തെ കാലമായിരുന്നെങ്കില്‍ അന്ത ഹന്തയ്ക്ക് ഇന്ത പട്ട് എന്ന മട്ടില്‍ എന്തെങ്കിലും തരമായേനേ.
സാക്ഷി മഹാരാജും സാധ്വി പ്രാചിയും എപ്പോളാണാവോ വരുന്നത്. ഇവര്‍ രണ്ടുപേരും ആദ്യംതൊട്ട് അവസാനംവരെ ഉണ്ടായിരുന്നെങ്കില്‍ ജനരക്ഷായാത്ര പൊളിച്ചേനേ. ശശികലടീച്ചറിന്റെ മാനവസ്നേഹ പ്രഭാഷണങ്ങള്‍ കേട്ടിട്ടൊന്നും നന്നാകാത്ത മലയാളികള്‍ക്ക് സാക്ഷിയും പ്രാചിയുംതന്നെയാണ് ഉത്തമം.
ഒറ്റ കാര്യത്തിലേ ഞങ്ങള്‍ക്ക് പരാതിയുള്ളൂ. ഈ ഉത്തരേന്ത്യയില്‍നിന്ന് വരുന്നവരൊക്കെ എന്തിനാണ് വിമാനത്തില്‍ വന്നുപോകുന്നത്. വന്നത് എങ്ങനെയാണെങ്കിലും തിരിച്ചുപോക്ക് തീവണ്ടിമാര്‍ഗേണ ആക്കിക്കൂടെ. അതാകുമ്പോള്‍ കേരളത്തിന്‍റെ പ്രകൃതിഭംഗി കുറേക്കൂടി ആസ്വദിക്കാം. പിന്നെ, എപ്പോഴെങ്കിലും ബോറടിക്കുമ്പോള്‍ A/C കൂപ്പെയില്‍ നിന്നിറങ്ങി പുറകോട്ട് നടക്കണം. തേര്‍ഡ് ക്ലാസ്സില്‍ എത്തുമ്പോള്‍ അവിടെ ഗുജറാത്തില്‍നിന്നും മധ്യപ്രദേശില്‍നിന്നും ഒറീസയില്‍നിന്നും ജാര്‍ഖണ്ടില്‍നിന്നുമൊക്കെ ഇവിടെ വന്ന് പോകുന്ന ചില സാധാരണക്കാരെ , നിങ്ങളുടെ നാട്ടുകാരെ കാണാം. മൂന്നുംനാലും മാസം ഇവിടെ താമസിച്ച് പണിയെടുത്ത്, ചെയ്ത ജോലിക്ക് മാന്യമായ കൂലിയും മേടിച്ച് നാട്ടിലുള്ള കുടുംബത്തെ കാണാന്‍ അഭിമാനത്തോടെ പോകുന്നവരാണവര്‍. സമയം കിട്ടുകയാണെങ്കില്‍ അവരോട് ചോദിക്കണം എന്താണ് കേരളത്തെക്കുറിച്ച്അവര്‍ക്കുള്ള അഭിപ്രായമെന്ന്. ചോദിക്കുമ്പോള്‍ കയ്യകലം മാറിനില്‍ക്കണം കേട്ടോ. അതിഥി ദേവോ ഭവ…..

Leave a Reply