കൊച്ചി: മാദകരംഗങ്ങളിലൂടെ ഒരിക്കല്‍ പലരുടെയും ഉറക്കംകെടുത്തിയ നടിയാണ് ഷക്കീല. ഇപ്പോള്‍ ഷക്കീല മനസ്സ് തുറക്കുമ്പോള്‍ വീണ്ടും പലരുടെയും ഉറക്കം നഷ്ടമാകുന്നു. എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളിലൂടെ ഏറെക്കാലം മലയാളസിനിമയെ തന്റെ സാരിത്തുമ്പില്‍ കെട്ടിയിട്ട ഷക്കീലയുടെ ആത്മകഥ ഉടന്‍തന്നെ പുറത്തിറങ്ങുമെന്ന് റിപ്പോര്‍ട്ട്.
മുപ്പത്തൊമ്പതുകാരിയായ ഷക്കീല മനസ്സ് തുറക്കുമ്പോള്‍ പല പകല്മാന്യന്മാരുടെയും മുഖംമൂടി അഴിഞ്ഞുവീഴുമെന്നാണ് സൂചന.ഇതില്‍ സിനിമാരംഗത്ത് ഉള്ളവര്‍ മാത്രമല്ല, പല പ്രമുഖ രാഷ്ട്രീയക്കാരും ഉള്‍പ്പെടുമത്രെ.
മലയാളത്തിലും തമിഴിലും കന്നടയിലും തെലുങ്കിലും ഹിന്ദിയിലും ഒറിയയിലും ഉള്‍പ്പെടെ നൂറിലേറെ സിനിമകളില്‍ ഷക്കീല അഭിനയിച്ചിട്ടുണ്ട്. സില്‍ക്ക് സ്മിത നായികയായ “പ്ലേ ഗേള്‍സ്” എന്ന തമിഴ് സിനിമയില്‍ സഹനടിയായി അരങ്ങേറുമ്പോള്‍ പ്രായം ഇരുപത്. 2000ല്‍ പുറത്തിറങ്ങിയ “കിന്നാരത്തുമ്പികള്‍” എന്ന ബി ഗ്രേഡ് പടമാണ് ഷക്കീലയെ മലയാളസിനിമയുടെ മാദകറാണിയാക്കിയത്.
കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയായിരുന്ന മലയാളസിനിമയെ അന്ന് താങ്ങിനിര്‍ത്തിയത് “ഷക്കീല തരംഗ”മായിരുന്നു എന്ന് പറയാം. സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളെക്കാള്‍ നിര്‍മാതാവിന് ഗാരണ്ടി നല്‍കിയിരുന്നത് അന്ന് ഷക്കീല ചിത്രങ്ങളാണ്.
പിന്നീട് കുറേക്കാലം സിനിമാരംഗത്തുനിന്ന് വിട്ടുനിന്ന ഷക്കീല തിരിച്ചുവരവില്‍ നല്ല വേഷങ്ങളാണ് കൈകാര്യം ചെയ്യുന്നത്. മലയാളത്തിലും തമിഴിലും കന്നടയിലും കുടുംബചിത്രങ്ങളിലൂടെ പുതിയൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണ് അവര്‍. ഇതിനിടെ ഒരു സിനിമ സംവിധാനം ചെയ്തു.
മുമ്പ് സിനിമയില്‍ താനൊരു സ്ത്രീശരീരം മാത്രമായാണ് ജീവിച്ചതെന്ന് ഷക്കീല പറയുന്നു. കുട്ടികളും പ്രായമായവരും പോലും എന്നെ അങ്ങനെയാണ് കണ്ടത്. ഞാന്‍ അഭിനയിച്ച വേഷങ്ങള്‍തന്നെയാണ് അതിന് കാരണമെന്നും ഷക്കീല പറയുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഷക്കീല ആത്മകഥ എഴുതാന്‍ ആലോചിച്ചിരുന്നതാണ്. എന്നാല്‍ പല കോണുകളിലും നിന്നുള്ള സമ്മര്‍ദത്തെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നത്രേ. ഇത്തവണയും ഇതുതന്നെ സംഭവിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.