jio 800x100
jio 800x100
728-pixel-x-90
<< >>

ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി,കേരളത്തിന്റെ ഏക ഓപ്പൺ യൂണിവേഴ്സിറ്റി

ശ്രീ നാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയെ പല മാധ്യമങ്ങളിലും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലെ ആദ്യത്തെ ഓപ്പൺ യൂണിവേഴ്സിറ്റി എന്നാണ്. രണ്ടാമതൊരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ആവശ്യമില്ല. അതുകൊണ്ട് ഇത് കേരളത്തിന്റെ  ഏക ഓപ്പൺ യൂണിവേഴ്സിറ്റിയാണ്. ഇപ്പോൾ മറ്റു സർവ്വകലാശാലകളിൽ വിദൂരവിദ്യാഭ്യാസ വകുപ്പുണ്ട്. എന്നാൽ ഇങ്ങനെ റെഗുലർ കോഴ്സുകൾക്കൊപ്പം വിദൂരവിദ്യാഭ്യാസംകൂടി നടത്തണമെങ്കിൽ 3.4 ഗ്രേഡ് കൂടിയേതീരൂ എന്ന് യുജിസി നിഷ്കർഷിച്ചതോടുകൂടിയാണ് പ്രത്യേക ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിക്കുന്നത് അനിവാര്യമായിത്തീർന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ തൽക്കാലത്തേയ്ക്ക് വിദൂരവിദ്യാഭ്യാസം നടത്തുന്നതിന് ഇളവുകൾ നൽകിയിട്ടുണ്ടെങ്കിലും അധികം താമസിയാതെ ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിലേയ്ക്ക് അവയെല്ലാം മാറേണ്ടി വരും. തുടക്കത്തിൽ, സർവ്വകലാശാലയുടെ പ്രവർത്തനം ഓഫ് ലൈനും ഓൺ ലൈനും ആയിട്ടാവും നടക്കുകയെങ്കിലും കാലക്രമേണ ബോധനവും പരീക്ഷ നടത്തിപ്പും മൂല്യനിർണ്ണയവും ഉൾപ്പടെ കൂടുതൽ കൂടുതൽ കാര്യങ്ങൾ ഓൺലൈനിലേയ്ക്ക് മാറ്റേണ്ടിവരും. സെൽഫ് ലേണിംഗ് മെറ്റീരിയൽസ് ഉൾപ്പടെ നിലവാരമുള്ള പഠനസാമഗ്രികളും പുസ്തകങ്ങളും ബോധനവും പഠിതാക്കൾക്ക് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ ലഭ്യമാക്കുക എന്നതും സർവ്വകലാശാലയുടെ ഉദ്ദേശ്യലക്ഷ്യങ്ങളിൽപ്പെടുന്നു. മാത്രമല്ല, പ്രായവ്യത്യാസമില്ലാതെ ആർക്കും ഏത് കോഴ്സിനും ചേരാനുള്ള അവസരം ലഭിക്കുന്നു എന്നതും ഈ സ്ഥാപനത്തിന്റെ ഒരു സവിശേഷതയാണ്.

ജോലിയിൽ നിന്ന് വിരമിച്ചവർ, തൊഴിലാളികൾ, വീട്ടമ്മമാർ, വൃദ്ധജനങ്ങൾ, ഔപചാരിക വിദ്യാഭ്യാസം ലഭിച്ചിട്ടില്ലാത്തവർ എന്നിവർക്കൊക്കെ (വീണ്ടും) പഠിക്കാനും ഡിഗ്രി സമ്പാദിക്കാനുമുള്ള സാധ്യതകൾ ഇവിടെ ഏറെയാണ്. ഇത്തരക്കാർക്കുള്ളതാണ് ഓപ്പൺ സ്ട്രീം. കാലാകാലങ്ങളിൽ തൊഴിൽ മേഖലയ്ക്കാവശ്യമായ സ്കിൽ ഡെവലപ്മെന്റ്/ റീസ്കില്ലിംങ് കോഴ്സുകൾ തുടങ്ങാനും മുഴുവൻ ആവശ്യക്കാരിൽ അത് എത്തിക്കാനും ആവശ്യമായ അതിവിപുലമായ സംവീധാനം സർവ്വകലാശാലയിൽ ഉണ്ടാകണം. പഠനം നിർത്തി തൊഴിലിനു പോകാനും തൊഴിൽ നിർത്തി പഠനത്തിലേക്ക് മടങ്ങാനും പഠനവും തൊഴിലും സമാന്തരമായി കൊണ്ടുപോകുവാനും ഇവിടെ സാധ്യമാവുന്നു. ഇതിനോടൊപ്പം പരമ്പരാഗത കോഴ്സുകൾ പഠിക്കാനും അനുവദനീയമായ എല്ലാ മേഖലകളിലും ആഴത്തിലുള്ള ഗവേഷണം നടത്താനുമുള്ള സൗകര്യങ്ങൾക്ക് യാതൊരു കുറവുമുണ്ടാകരുത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പരമ്പരാഗത കോഴ്സുകൾക്കൊപ്പം നൈപുണ്യ വികസനം ഉൾപ്പടെ തൊഴിൽ മേഖലയ്ക്ക് ആവശ്യമായ സ്റ്റേറ്റ് ഒഫ് ദി ആർട്ട് കോഴ്സുകൾ പഠിക്കാനുള്ള അവസരം സർവ്വകലാശാല ഒരുക്കണം. ഡേറ്റ സയൻസ്, മെഷീൻ ലേണിംഗ്, റി ഇ ഇൻഫോഴ്സ്ക്കാമെന്റ്നും ലേണിംഗ്, ബ്ലോക്ക് ചെയിൻ ടെക്ക്നോളജി, മെഡിക്കൽ ജൂറിസ്പ്രൂഡൻസ് & ഫോറൻസിക്ക് സയൻസ് ഡിസാസ്റ്റർ മാനെജ്മെന്റ്, ഇന്റലക്ച്വൽ പ്രോപ്പർട്ടിക റൈറ്റ്സ് & കോർപറേറ്റ് ഗവേണൻസ്, സൈബർ ലാ, ലാ ഒഫ് നാച്ചുറൽ റിസോഴ്സസ് തുടങ്ങിയ മേഖലകളിൽ ഡിപ്ലോമ/ സെർട്ടിഫിക്കറ്റ് കോഴ്സുകൾ ആരംഭിക്കുന്നതിനുള്ള സാധ്യതയും ഏറെയാണ്.

മറുവശത്ത് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും ചെറുകിട – പരമ്പരാഗത വ്യവസായങ്ങളും കുടുംബശ്രീ തുടങ്ങിയ സ്വയം സഹായ സംഘങ്ങളുമായും സഹകരിച്ച് മുന്നോട്ടു പോകുന്നതും ആലോചിക്കേണ്ടിയിരിക്കുന്നു. വിദൂര ഓപ്പൺ വിദ്യാഭ്യാസത്തിനു കേന്ദ്രീകൃത സ്വഭാവം നൽകുന്നതോടൊപ്പം റീജിയണൽ കേന്ദ്രങ്ങളും, ആവശ്യാനുസരണം പ്രാദേശിക പഠന കേന്ദ്രങ്ങളും സ്ഥാപിച്ചാൽ കേന്ദ്രീകരണത്തിന്റെ ദൂഷ്യവശങ്ങൾ വിദ്യാർത്ഥിസമൂഹം അനുഭവിക്കേണ്ടിയും വരുന്നില്ല. ലാബും മറ്റും വേണ്ടിവരുന്ന ശാസ്ത്രകോഴ്സുകളുടെ പഠനത്തിന് ഇത്തരം കേന്ദ്രങ്ങൾ ആവശ്യമാണ്. പക്ഷെ, ഇതിനായി പുതിയ കെട്ടിടങ്ങളും സംവിധാനങ്ങളും ഉണ്ടാക്കുന്നതിനു പകരം ആർട്സ് ആന്റ് സയൻസ് കോളേജിലെ പഠന സമയത്തിനു വരുന്ന മാറ്റം കണക്കിലെടുത്ത് അവിടങ്ങളിലെ ലാബും ലൈബ്രറിയും മറ്റും ഉപയോഗപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായിരിക്കും നന്ന്. ശ്രീ നാരായണ ഗുരുവിന്റെ നാമദേയത്തിൽ ആരംഭിക്കുന്ന സർവ്വകലാശാലയെന്ന നിലയിൽ മതനിരപേക്ഷ കേരളം ജാതിരഹിത കേരളം എന്ന ആദർശത്തെ പരിപോഷിപ്പിക്കുന്ന ഒന്നാവണം ഈ സർവ്വകലാശാല. ഈ ആദർശം എല്ലാ തലങ്ങളിലും എല്ലാ കാര്യങ്ങളിലും പ്രതിഫലിക്കണം.

ഡോ.തോമസ് ഐസക് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ചത്.

INDIANEWS24 EDUCATION DESK 

Leave a Reply