jio 800x100
jio 800x100
728-pixel-x-90
<< >>

ശ്രീപത്മനാഭസ്വാമി ക്ഷേത്രം: രാജകുടുംബം പുറത്ത്

ന്യൂഡല്‍ഹി: തിരുവനന്തപുരം  ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണനിയന്ത്രണം തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് എടുത്തുമാറ്റി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്.  തിരുവനന്തപുരം ജില്ലാ ജഡ്ജിയുടെ അധ്യക്ഷതയില്‍ അഞ്ചംഗ താല്‍ക്കാലിക ഭരണസമിതിക്ക് സുപ്രീംകോടതി രൂപം നല്‍കി. ക്ഷേത്രസ്വത്ത് കവരുന്നതടക്കം ചൂണ്ടിക്കാട്ടി അമിക്കസ്ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം സമര്‍പ്പിച്ച സമഗ്രറിപ്പോര്‍ട്ട് പരിഗണിച്ചാണ് ജസ്റ്റിസുമാരായ ആര്‍ എം ലോധയും എ കെ പട്നായിക്കും ഉള്‍പ്പെടുന്ന ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ക്ഷേത്രഭരണം സംസ്ഥാനസര്‍ക്കാരിന് കൈമാറി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ രാജകുടുംബം സമര്‍പ്പിച്ച അപ്പീലിലാണ് വിധി. അന്തിമ വിധി വരുന്നതു വരെ മുന്‍ ഭരണ സമിതിയിലെ അംഗങ്ങള്‍ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കണമെന്നും കോടതി ഉത്തരവിട്ടു.

പുതിയ എക്സിക്യൂട്ടീവ് ഓഫീസറായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററായി പ്രവര്‍ത്തിച്ചിട്ടുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ കെ എന്‍ സതീഷിനെ ചുമതലപ്പെടുത്തി. രാജകുടുംബത്തിന്റെ പ്രതിനിധിക്ക് ട്രസ്റ്റി സ്ഥാനത്ത് തുടരാമെങ്കിലും ഭരണസമിതിയുടെയും എക്സിക്യൂട്ടീവ് ഓഫീസറുടെയും പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനാകില്ല. ക്ഷേത്രത്തിന്റെ ബാങ്ക് അക്കൗണ്ടുകളും കണക്കുകളും പരിശോധിച്ചു തിട്ടപ്പെടുത്താന്‍ മുന്‍ സിഎജി വിനോദ് റായിയെ കോടതി ചുമതലപ്പെടുത്തി.

ജില്ലാ ജഡ്ജി ഹിന്ദുവല്ലെങ്കില്‍ തൊട്ടടുത്ത സീനിയര്‍ ജഡ്ജിയാകും അധ്യക്ഷന്‍. ക്ഷേത്രത്തിലെ മൂന്ന് തന്ത്രിമാരില്‍ ഒരാള്‍, മുഖ്യനമ്പി എന്നിവര്‍ അംഗങ്ങളാകും. മറ്റ് രണ്ടംഗങ്ങളെ അധ്യക്ഷന്‍ തീരുമാനിക്കും. ഇതില്‍ ഒരാളെ സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചുവേണം തീരുമാനിക്കാന്‍ . രാജകുടുംബത്തില്‍ നിന്ന്‌ പ്രതിനിധിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. നിലവറകളുടെയും മറ്റും  താക്കോലുകള്‍ ഉടന്‍ പുതിയ അധ്യക്ഷന് കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply