jio horizontal
728-pixel-x-90
<< >>

ശ്രീനാരായണഗുരു ഈഴവ ഗുരുവല്ല : വി എസ്

വര്‍ക്കല-ശിവഗിരി : ശിവഗിരി തീര്‍ത്ഥാടന സമാപന  സമ്മേളനത്തില്‍  പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്‍ ജാതീയതക്കെതിരെ ശക്തമായി പ്രതികരിച്ചു.ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ  സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വി. എസ്. ശ്രീനാരായണഗുരു എതിര്‍ത്തുതോല്പിക്കാന്‍ ശ്രമിച്ച ജാതിചിന്തയെയും മദ്യാസക്തിയെയും പുനഃപ്രതിഷ്ഠിക്കാന്‍ തീവ്ര ശ്രമങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നതായി വി എസ്  ശിവഗിരിയില്‍ പ്രസ്താവിച്ചു.

സമൂഹത്തെ അടിമുടി മാറ്റിമറിക്കുന്ന നവോത്ഥാനദൗത്യത്തിനാണ് ശ്രീനാരായണഗുരു നേതൃത്വം നല്‍കിയതെന്നു വി എസ് ഓര്‍മ്മിപ്പിച്ചു. ഗുരുവിനെ ഹിന്ദു സന്യാസിയായി ചിത്രീകരിക്കാനും ഈഴവഗുരുവായി ചുരുക്കാനുമുള്ള ശ്രമങ്ങളെ ഗൗരവമായി കാണണം. വ്യാജ ഗുരുവിനെയല്ല യഥാര്‍ത്ഥ ഗുരുവിനെയാണ് നാം സമൂഹത്തിന് പരിചയപ്പെടുത്തിക്കൊടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  ഗുരുവിനെ മനസ്സിലാക്കാനും വിലയിരുത്താനും പ്രാപ്തിയില്ലാത്തവര്‍ ഗുരുവിനെ കൊണ്ടുനടക്കുമ്പോള്‍ ശിവഗിരി നിസ്സംഗതയോടെ നില്‍ക്കാതെ ക്രിയാത്മകമായി പ്രതികരിക്കണം എന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു.

തീര്‍ത്തും സ്വകാര്യമായ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി  ജാതിയെ സമ്മര്‍ദ ഉപാധിയാക്കുന്ന ജാതിനേതാക്കന്മാരും രാഷ്ട്രീയമോഹങ്ങള്‍ക്ക് വേണ്ടി ജാതിനേതാക്കളെ പ്രലോഭിപ്പിക്കുന്ന രാഷ്ട്രീയനേതൃത്വവും ഒരുപോലെ അപകടകരമാണ്. സങ്കുചിത സ്വാര്‍ത്ഥതാല്പര്യങ്ങളെ താലോലിക്കുന്നവര്‍ക്ക് ശ്രീനാരായണഗുരു ധര്‍മ്മപ്രചാരകരാകാന്‍ കഴിയില്ലെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തീര്‍ഥാടന സമാപന സമ്മേളനത്തില്‍   മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കെ. സി. ജോസഫ്, രാജ്യസഭ  ഉപാധ്യക്ഷന്‍ പി. ജെ. കുര്യന്‍,  എ. സമ്പത്ത് എം. പി, ബി. സത്യന്‍ എം. എല്‍. എ, ആനത്തലവട്ടം ആനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാമി സാന്ദ്രാനന്ദ സ്വാഗതവും സ്വാമി വിശാലാനന്ദ നന്ദിയും രേഖപ്പെടുത്തി.

ഇക്കുറി അഭൂതപൂര്‍വമായ ജനത്തിരക്കാണ് ശിവഗിരി  തീര്‍ത്ഥാടനവേളയില്‍ ശിവഗിരി ദര്‍ശിച്ചത്. സമാപന സമ്മേളനത്തെ തുടര്‍ന്ന് നടന്ന കലാപരിപാടികളോടെ ശിവഗിരി തീര്‍ത്ഥാടനത്തിനു സമാപനമായി.

INDIANEWS24 SIVAGIRI

 

Leave a Reply