728-pixel-x-90-2-learn
728-pixel-x-90
<< >>

ശ്രീദേവിയുടെ വിയോഗം: ഞെട്ടിത്തരിച്ച് ഇന്ത്യന്‍ സിനിമാലോകം

ദുബായ്: ചലച്ചിത്രതാരം ശ്രീദേവിയുടെ അപ്രതീക്ഷിത നിര്യാണത്തില്‍ സിനിമാലോകം ഞെട്ടലില്‍. മലയാളം ഉള്‍പ്പെടെ ഇന്ത്യന്‍ സിനിമകളില്‍ എല്ലായിടത്തും സാന്നിധ്യമറിയിച്ച നടിയാണ് കഴിഞ്ഞ രാത്രിയില്‍ ദുബായിലെ റാസല്‍ഖൈമയില്‍ വച്ച് ഹൃദയാഘാതം മൂലം മരിച്ചത്. 54 വയസ്സായിരുന്നു. ബോളിവുഡ് നടന്‍ മോഹിത് മര്‍വയുടെ വിവാഹത്തില്‍ പങ്കെടുക്കാനായാണ് ശ്രീദേവിയും കുടുംബവും ദുബായിലെത്തിയത്.

സംസ്‌കാരം നാളെ ജുഹുവില്‍ നടക്കുമെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ ഇന്ത്യയിലെത്തിക്കുന്ന മൃതദേഹം മുംബൈയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. എവിടെയാണ് പൊതുദര്‍ശനമെന്നത് സംബന്ധിച്ചും ഇതുവരെ വ്യക്തമായിട്ടില്ല. മുബൈയിലെ ശ്രീദേവിയുടെ ഫ്‌ളാറ്റില്‍ ബന്ധുക്കളുള്‍പ്പടെയുള്ളവര്‍ എത്തിയിട്ടുണ്ട്. ഭര്‍ത്താവ് ബോണി കപൂറും മകള്‍ ഖുഷിയും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. മരണ സമയത്തും ഇരുവരും ഒപ്പമുണ്ടായിരുന്നു. ജാഹ്നവിയാണ് മക്കളില്‍ മറ്റൊരാള്‍.

രാഷ്ട്രപതി, പ്രധാനമന്ത്രി എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. അമിതാഭ് ബച്ചന്‍, രജനികാന്ത്, കമല്‍ഹാസന്‍, മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി പ്രമുഖതാരങ്ങളും തങ്ങളുടെ നടുക്കവും അനുശോചനവും രേഖപ്പെടുത്തി.

1963 ഓഗസ്റ്റ് 13 ന് തമിഴ്‌നാട്ടിലെ ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛന്‍ അയ്യപ്പന്‍ അഭിഭാഷകനായിരുന്നു. രാജേശ്വരിയാണ് അമ്മ. തുണൈവന്‍ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ ബാലതാരമായി സിനിമാരംഗത്തെത്തി. പൂമ്പാറ്റ’യിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ.ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പം നായികയായി അരങ്ങേറി. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളിലഭിനയിച്ച ശ്രീദേവി ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാര്‍ എന്നാണ് അറിയപ്പട്ടത്. 1981ല്‍ മൂന്നാംപിറയിെല അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചു. 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു.
ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഷാരൂഖ് ഖാന്‍ ചിത്രമായ സീറോയില്‍ അതിഥി താരമായി എത്തുന്നുണ്ട്. മൂത്തമകള്‍ ജാഹ്നവിയുടെ ബോളിവുഡ് പ്രവേശനം സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ശ്രീദേവിയുടെ വിടവാങ്ങല്‍.

INDIANEWS24.COM Movies

Leave a Reply