jio 800x100
jio 800x100
728-pixel-x-90
<< >>

ശശി’കല’ ചൂടിയ മെഹര്‍

ഇന്ത്യ വികസ്വരരാജ്യമല്ല, വികസിതരാജ്യമാണെന്നാണ് ശശി തരൂരിന്‍റെ അഭിപ്രായം. മൈക്ക് കിട്ടുമ്പോഴെല്ലാം അദ്ദേഹം ഇക്കാര്യം ഊന്നിയൂന്നി പറയാറുമുണ്ട്. പക്ഷേ, പറഞ്ഞിട്ടെന്ത് കാര്യം. വേറെ ആരും സമ്മതിക്കുന്നില്ല. ഇന്ത്യക്കാണെങ്കില്‍ വികസിക്കാനൊട്ട് താല്‍പര്യവുമില്ല. അതുകൊണ്ടാണ് ശശി സ്വയം വികസിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യക്കാരനാണെന്ന് കരുതി ശശിക്ക് വികസിക്കണ്ടേ?

അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് ട്വിറ്ററില്‍ മത്സരിച്ചുനോക്കി. ഏശിയില്ല. ഒബാമയ്ക്ക് നാല് കോടിയാണ് ഫോളോവര്‍മാര്‍. ശശിക്ക് കഷ്ടിച്ച് 20 ലക്ഷം സംഘടിപ്പിക്കാനെ പറ്റിയുള്ളൂ. ഇന്ത്യയില്‍ 130 കോടി ജനമുണ്ടെന്നു പറഞ്ഞിട്ടെന്താ കാര്യം. മഹാഭൂരിപക്ഷം വരുന്ന ദരിദ്രവാസികള്‍ക്കും ട്വിറ്റര്‍ പോയിട്ട് സ്വന്തമായി ഒരു സിസര്‍ പോലുമില്ല.

പക്ഷേ ചില കാര്യങ്ങളില്‍ ഈ അമേരിക്കയിലെയും ബ്രിട്ടനിലെയും ഫ്രാന്‍സിലെയുമൊക്കെ ഭരണാധികാരികള്‍ വെറ്റയും അടയ്ക്കയും വെച്ച് ശശിയെ തൊഴണം. അമേരിക്കന്‍ പ്രസിഡന്‍റ് ആയിരിക്കെ താന്‍ പറഞ്ഞാല്‍ ഇരിക്കാനും നില്‍ക്കാനും കിടക്കാനും വിധിക്കപ്പെട്ട മോണിക്ക ലെവിന്‍സ്കിയെ മാത്രമേ ബില്‍ ക്ലിന്റനു വളയ്ക്കാന്‍ കഴിഞ്ഞുള്ളു. നിലവിലെ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളാണ്ടെയ്ക്ക് ആകട്ടെ അവിടത്തെ കിന്നാരത്തുമ്പി പടക്കാരി ജൂലി ഗായെറ്റിന്‍റെ അടുത്താണ് ചിറ്റം. സംഗതി പുറത്തറിഞ്ഞതോടെ പ്രസിഡന്റിന്‍റെ ഭാര്യ കയ്യില്‍ കിട്ടിയ ഗുളികയൊക്കെ വാരിവിഴുങ്ങി ആശുപത്രിയിലുമായി.

അവിടെയാണ് ശശിയെ കണ്ടുപഠിക്കേണ്ടത്. നാട്ടിലെ കൂതറ പെണ്ണുങ്ങളെയൊക്കെ പൊക്കുന്നതില്‍ എന്താ ത്രില്ല്. അതുകൊണ്ട് അതിര്‍ത്തി വിട്ടാ ശശിയുടെ കളി. അതും പാക്കിസ്ഥാനില്‍നിന്ന്. അടിച്ചുതളിക്കാരിയൊന്നുമല്ല. അസല്‍ പത്രപ്രവര്‍ത്തക. സെക്സും വയലന്‍സുമൊക്കെ കൂടിക്കുഴഞ്ഞ് ഷാജി കൈലാസിന് പോലും സ്വപ്നം കാണാന്‍ കഴിയാത്ത ഒരു തിരക്കഥ. സിയാച്ചിനിലെ മഞ്ഞുമലകളില്‍ ശശിയും മെഹറും കൈകള്‍ കോര്‍ത്ത്‌ ഒരു യുഗ്മഗാനം പാടുക കൂടി ചെയ്താല്‍ സംഗതി ജോര്‍. അതിര്‍ത്തിയില്‍ വെടികൊണ്ട് മരിക്കുന്ന ഇന്ത്യയുടെയും പാകിസ്ഥാന്റെയും പട്ടാളക്കാരുടെ ശവങ്ങള്‍ പേറിയുള്ള വിലാപയാത്ര പശ്ചാത്തലത്തില്‍ കൊടുത്താല്‍ തിയറ്ററുകളില്‍ കണ്ണീര്‍പ്പുഴ ഒഴുകും.

ബ്ലാക്ക്ബറിയായും വൈറ്റ്ബറിയായുമൊക്കെ പുരോഗമിച്ച പ്രണയം പക്ഷേ റിലീസാകാതെ പോയത് ശശിയുടെ ഭാര്യ സുനന്ദ കാരണമാണ്. കൂടെ കിടക്കുന്നവള്‍ക്കല്ലേ രാപ്പനി അറിയാവുന്നത്. ഷഷ്ടിപൂര്‍ത്തിയാകാറായിട്ടും ശശിച്ചേട്ടനെ വിട്ടുമാറാത്ത  അസുഖവും അതിനുള്ള ചികിത്സയും സുനന്ദക്കൊച്ചിനു നന്നായറിയാം. ഒന്നില്‍ പിഴച്ചാല്‍ മൂന്നിലും പിഴയ്ക്കും എന്നാണല്ലോ പ്രമാണം. ശശിയുടെ മൂന്നാം പൊണ്ടാട്ടിയായ സുനന്ദ മുക്കണ്ണ്‍ തുറന്നു. ഭാര്യ അത്ര പോര എന്ന് ഇനി ശശിക്ക് തോന്നാന്‍ ഇടയില്ല.

സത്യത്തില്‍ കൈകൊടുക്കേണ്ടത് പ്രശസ്ത സംവിധായിക മീരാ നായര്‍ക്കാണ്. ഷെക്സ്പിയറിന്റെ ആന്റണി ആന്‍ഡ്‌ ക്ലിയോപാട്രയുടെ നാടകാവിഷ്കാരത്തില്‍ മാര്‍ക് ആന്റണിയായി മീര വേഷം കെട്ടിക്കുമ്പോള്‍ ശശി സ്കൂളില്‍ പഠിക്കുന്നതെ ഉള്ളൂ. ക്ലിയോപാട്രയുടെ സൌന്ദര്യത്തില്‍ മതിമറന്ന് റോമ സാമ്രാജ്യത്തെ മറന്നുപോകുന്ന മാര്‍ക് ആന്റണിയുടെ വേഷം ചെയ്യാന്‍ ശശിയെക്കാളും കേമന്‍ വേറെ ആരുണ്ട്.

ശശിയും സുനന്ദയും അനുരാഗവിലോചിതരും അതിലേറെ മോഹിതരുമായി ഫെയ്സ്ബുക്കില്‍ സംയുക്തപ്രസ്താവന പോസ്റ്റിയതോടെ പ്രണയകാവ്യത്തിന്റെ ഈ കാണ്ഠം കഴിഞ്ഞു. പാകിസ്ഥാനി പ്രണയിനിയും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്തായാലും ശശിയെ സമ്മതിക്കണം. ട്വിറ്ററില്‍ ചീറിവിളിച്ചുകൊണ്ടിരുന്ന രണ്ട് പെണ്‍പുലികള്‍ എത്രപെട്ടെന്നാണ് ആട്ടിന്‍കുട്ടികളായി മാറി ശശിക്ക് സ്തുതി പാടിയത്. പണ്ട് യുഎന്‍ സെക്രട്ടറി സ്ഥാനത്തേക്ക് ബാന്‍ കി മൂണിന് പകരം ശശിയെ ജയിപ്പിചിരുന്നെങ്കില്‍ ബരാക് ഒബാമയും ബിന്‍ ലാദനും ഇപ്പോള്‍ ഒരുമിച്ചിരുന്ന് ഗുലാന്‍പെരിശ് കളിച്ചേനേ.

പക്ഷേ, ക്ഷിപ്രകോപത്തില്‍ സുനന്ദ വിളിച്ചുപറഞ്ഞ കാര്യങ്ങള്‍ ശശിയെ വീഴ്ത്തിയിരിക്കുന്ന കെണി ചെറുതല്ല. മെഹര്‍ പാക്കിസ്ഥാന്‍ ചാരയാണെന്നാണ് സുനന്ദ പറയുന്നത്. ശശിയെ മാത്രമല്ല കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയെയും മെഹര്‍ വലവീശുന്നുണ്ടത്രെ. എന്നാല്‍ മന്ത്രി”മാമന്‍” ആയ ശശി പറഞ്ഞിട്ടാണ് മെഹറിന് താന്‍ അഭിമുഖം നല്‍കിയതെന്ന് ഒമര്‍ അബ്ദുള്ള പറയുന്നു. ഇക്കാര്യത്തിലെങ്കിലും ശശി സോഷ്യലിസ്റ്റ് ആണെന്ന് സമ്മതിക്കാതെ വയ്യ. ഐപിഎല്‍ കേസില്‍ ശശിയുടെ പാപഭാരം താന്‍ ഏറ്റെടുക്കുകയായിരുന്നു എന്ന സുനന്ദയുടെ കുമ്പസാര രഹസ്യവും പുറത്തുവന്നിട്ടുണ്ട്.

പ്രണയവും വിവാഹവും ട്വിറ്ററിലെ കെട്ടിമറിയലുമൊക്കെ തങ്ങളുടെ സ്വകാര്യത ആണെന്നാണ് ശശിയുടെ വാദം. അത് ശരിയുമാണ്‌. സുനന്ദയ്ക്കും മെഹറിനും സുഖമെങ്കില്‍ പിന്നെ പോസ്റ്റ്‌മാന് സൂക്കേട് ഉണ്ടാകേണ്ട കാര്യമില്ല. പക്ഷേ, അതിന് മുമ്പ് തിരുവനന്തപുരത്തെ വോട്ടര്‍മാര്‍ ചിലത് ചെയ്യേണ്ടതുണ്ട്. അതിന് അരവിന്ദ് കേജ്രിവാളിന്റെ ചൂല് വേണ്ട. അടുക്കളയിലെ ചൂല് മതി. കുറച്ച് ചാണകവെള്ളവും.

Leave a Reply