jio 800x100
jio 800x100
728-pixel-x-90
<< >>

ശബരിമലയിൽ ക്യാമ്പ് ചെയ്‌ത്‌ സംഘർഷമുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല,ദര്‍ശനത്തിനു ഓണ്‍ലൈന്‍ സംവിധാനം :മുഖ്യമന്ത്രി

കൊല്ലം:ശബരിമല വിഷയത്തില്‍ കൂടുതല്‍ ശക്തവും വ്യക്തവുമായ നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.കൊല്ലത്ത് നടന്ന എല്‍ ഡി എഫിന്റെ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് വ്യക്തമാക്കിയിട്ടുള്ളതിനാൽ ഇനി പുനപരിശോധന ഹര്‍ജി നല്‍കുന്നത് അപഹാസ്യമായ നിലപാടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനുമുതിര്‍ന്നാല്‍  പറഞ്ഞ വാക്കിന് വിലയില്ലാത്തൊരു സര്‍ക്കാര്‍ എന്ന നില വരും. സ്ത്രീപ്രവേശന കാര്യത്തില്‍ സര്‍ക്കാര്‍ ഒരു പ്രത്യേക നിലപാട് എടുത്തിട്ടില്ലെന്നും രാഷ്‌ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. 

ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചിരുന്നതായാണ് കണ്ടത്. അവിടെ വെച്ച് ചോറൂണ് നല്‍കുന്ന പതിവുണ്ടായിരുന്നു. ഇപ്പോള്‍ 60‐70 വയസുള്ളവര്‍ അമ്മയുടെ മടിയിലുരുന്ന് ചോറുണ്ടതായി പറയുന്നത് നാം കേട്ടതാണ്. ഇത് അവസാനിക്കുന്നത് 1991ല്‍ ആണ്. സ്ത്രീകള്‍ പ്രവേശിക്കാന്‍ പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് വരുന്നത് ആ വര്‍ഷമാണ്.  ആ ഉത്തരവ് നടപ്പാക്കപ്പെട്ടു. 1996ലും  2006ലും  ഉണ്ടായിരുന്ന  എല്‍ഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്താനല്ല ശ്രമിച്ചത്. വിഷയത്തില്‍ സര്‍ക്കാര്‍ കോടതിയെ ചോദ്യം ചെയ്യാന്‍ പോയില്ല, പ്രത്യേക നിലപാട് എടുത്തില്ല; പിണറായി പറഞ്ഞു.ആരാധനാസ്വാതന്ത്ര്യം വേണം എന്നുപറഞ്ഞ് സുപ്രീം കോടതിയിലേക്ക് സ്ത്രീകള്‍ പോയി. അവര്‍ എല്‍ഡിഎഫിന്റെ  ഭാഗമായിരുന്നില്ല.ഈ കേസില്‍ ഒട്ടേറെ പ്രമുഖരായ സീനിയര്‍ അഭിഭാഷകര്‍ ഹാജരായി. ഭൂരിഭാഗം പേരും പ്രവേശനം പാടില്ലെന്ന് പറഞ്ഞു. വളരെ വിശദമായ വാദം നടന്നു. എല്‍ഡിഎഫ് മുന്നണി വിഷയത്തിലെ നിലപാട് വ്യക്തമാക്കി. സ്ത്രീയുടെ അവകാശത്തിന്റെ പ്രശ്നം വരുമ്പോള്‍ പുരുഷനോടോപ്പം സ്ത്രീക്കും അവകാശമുണ്ടെന്ന വാദമാണ്‌ എൽഡിഎഫ്‌ ഉയര്‍ത്തുന്നത്. പുരുഷനോടൊപ്പം സ്ത്രീക്കും  ആരാധനാ സ്വാതന്ത്ര്യമുണ്ടെന്നാണ് ഇടതുപക്ഷ നിലപാട്.എല്ലാ ക്ഷേത്രങ്ങളുടെ കാര്യത്തിലും സര്‍ക്കാരിന് കൃത്യമായ ധാരണയുണ്ട്. എല്ലാ വിശ്വാസികള്‍ക്കും സൗകര്യം ഒരുക്കുകയെന്നത് സര്‍ക്കാരിന്റെ കടമയാണ്. മതനിരപേക്ഷതയാണ് നാം അംഗീകരിച്ചത്. തന്റെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനും വിശ്വാസമില്ലാത്തവര്‍ക്ക് അങ്ങനെ ജീവിക്കാനും അനുവാദം നല്‍കുന്നതാണ് മതനിരപേക്ഷത. ഒരു കൂട്ടര്‍ മതിനിരപേക്ഷത തകര്‍ക്കാന്‍ ശ്രമിക്കുന്നു.  

2006 ല്‍ സര്‍ക്കാരിനോട് സത്യവാങ്മൂലം  സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു. അതില്‍ സര്‍ക്കാര്‍ വ്യക്തമായ നിലപാട് എടുത്തു. എന്നാല്‍ അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഒരു നിയമനിര്‍മാണം നടത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നും വ്യക്തമാക്കി. ഇത് വിശ്വാസവുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്‌. അതുകൊണ്ട് ഹിന്ദു ധര്‍മശാസ്ത്രത്തെകുറിച്ച് പണ്ഡിതന്‍മാരോട്  അഭിപ്രായം തേടുന്നത് ഉചിതമായിരിക്കും എന്നും വ്യക്തമാക്കി.  എന്നാല്‍  സുപ്രീംകോടതി വിധി എന്താണോ അത് സര്‍ക്കാര്‍ നടപ്പാക്കുമെന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ വ്യക്തമാക്കിയതാണ്. സര്‍ക്കാരിനെതിരായ നിലപാടാണ് സുപ്രീം കോടതി വിധിക്കുന്നതെങ്കില്‍ അതും സര്‍ക്കാര്‍ നടപ്പാക്കുമായിരുന്നുവെന്ന് പിണറായി പറഞ്ഞു. 2016 ല്‍ തെരഞ്ഞെടുപ്പിന്  മുന്നോടിയായി എല്‍ഡിഎഫ് നല്‍കിയ സത്യവാങ്മൂലം പാടേ മാറ്റി സ്ത്രീപ്രവേശം പാടില്ല എന്ന സത്യവാങ്മൂലം യുഡിഎഫ് സര്‍ക്കാര്‍ നല്‍കി. ഇതാണ് സുപ്രീം കോടതി വിധിയിലേക്ക് എത്തുന്നത്. വിധി നിയമമായിട്ടാണ് കണക്കാക്കുന്നത്. അത് അംഗീകരിക്കാനും നടപ്പാക്കാനും സര്‍ക്കാരിന്‌ ഉത്തരവാദിത്വമുണ്ട്. ഭരണഘടന അനുസരിച്ച് നടപ്പാക്കാനുള്ള ബാധ്യത ഏത് സര്‍ക്കാരായാലും അവര്‍ക്കുണ്ട്. അത് നടപ്പാക്കുന്നതിനാണ് എല്‍ഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. 

വിധി വന്ന ഉടനെ എല്ലാവരുടേയും പ്രതികരണങ്ങള്‍ വന്നു. കേസില്‍ കക്ഷി ചേരാത്തവരായിരുന്നു കോണ്‍ഗ്രസും ബിജെപിയും. എന്നാല്‍  ബിജെപിയുടെ നേതാക്കളില്‍ പലരും വിധിയെ  വിധിയെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസിന്റെ കേന്ദ്രനേതൃത്വവും വിധിയെ സ്വാഗതം ചെയ്തു.കേരളത്തിലെ കോണ്‍ഗ്രസിന്റെ നിലപാടിനെതിരെ കേന്ദ്ര നേതൃത്വം ഒരക്ഷരം സംസാരിച്ചതായി നാം കണ്ടില്ല. ബിജെപി നിലപാടിനു വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഉറഞ്ഞു തുള്ളി. ഇത് വല്ലാത്തൊരു  ദുര്‍ഗതിയാണ്. സാധാരണ കോണ്‍ഗ്രസില്‍ നിന്നും ശരിയായ ശബ്ദങ്ങള്‍ ഉയരാറുണ്ട്, എന്നാല്‍  കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന്  വേറിട്ടോരു ശബ്ദവും നാം ഇതുവരെയും കേട്ടില്ല. ബിജെപി നടത്തിയ ഈ പ്രക്ഷോഭത്തെ ആളെ കൂട്ടി സഹായിക്കാന്‍ കോണ്‍ഗ്രസ് നില്‍ക്കുന്നതാണ്‌ നാം കണ്ടത്‌. ഇപ്പോള്‍ കോണ്‍ഗ്രസുകാര്‍ ഇടത്താവളമായി ബിജെപിയുടെ സമരത്തെ കാണുന്നു. സര്‍ക്കാരിനെ ശത്രുപക്ഷത്ത് നിര്‍ത്തി ആക്രമിക്കാന്‍ തയ്യാറാവുകയാണ് അവർ. 

ശബരിമലയില്‍ അക്രമശ്രമങ്ങള്‍ പലതും നടത്തി. പൊലീസിന്റെ സമചിത്തതയും സമയോചിത ഇടപെടലുമായണ് പ്രശ്നങ്ങള്‍ ഉണ്ടാക്കാതിരുന്നത്. സന്നിധാനത്തിന് അതിന്റേതായ ശാന്തതയുണ്ട്. അതൊരു കലാപഭൂമിയാക്കരുത്. ക്രിമിനലുകള്‍ക്കുള്ള കേന്ദ്രമല്ല, ഭക്തര്‍ക്കുള്ള കേന്ദ്രമാണ് ശബരിമല.ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന ആരെയും നിഷേധിക്കില്ല, ദര്‍ശനത്തിന്‌ ഓണ്‍ലൈന്‍ സംവിധാനം കാര്യക്ഷമമാക്കും. ശബരിമലയ്ക്ക് ഒരു ദിവസം താങ്ങാവുന്ന ആളുകള്‍ക്ക് ദര്‍ശനം നടത്താം, ബാക്കിയുള്ളവര്‍ക്ക് ബേസ് ക്യാമ്പില്‍ തങ്ങാം. ദര്‍ശനം നടത്തി പോകുക എന്നതാണ് പ്രധാനം. അതിനു വേണ്ട നടപടി ദേവസ്വം ബോര്‍ഡ് സ്വീകരിക്കും. എത്തുന്നര്‍ക്ക് സൗകര്യപ്രദമായി ദര്‍ശനം നടത്താന്‍ വേണ്ടിയൊരുക്കുന്ന സംവിധാനമാണ്. ക്യാമ്പ് ചെയ്തുകൊണ്ട് സംഘർഷാവസ്ഥയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ല. ഇതിനോട് എല്ലാവരും സഹകരിക്കുമെന്നുറപ്പാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ക്കും അതിനായുള്ള നിര്‍ദേശങ്ങള്‍ നല്‍കും. ഇതിനായി വിവിധ  സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കൂടാതെ ശബരിമലയില്‍ ക്യാമ്പ് ചെയ്യാന്‍ ആരെയും അനുവദിക്കില്ല.ഇരുപത്തിനാല് മണിക്കൂറിനപ്പുറം ആരെയും സന്നിധാനത്ത് താങ്ങുവാന്‍ അനുവദിക്കില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്നലെ പത്തനംതിട്ടയിലും രാഷ്ട്രീയ വിശദീകരണ യോഗം എല്‍ ഡി എഫ്  സംഘടിപ്പിച്ചിരുന്നു.പത്തനംതിട്ടയിലെ യോഗത്തില്‍  ശബരിമല വിഷയത്തിൽ ആശ്ചര്യകരമായ നിലപാടാണ് തന്ത്രി സ്വികരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഞാനിത് അടച്ചിട്ട് പൊയ്ക്കളയുമെന്നാണ് തന്ത്രി പറഞ്ഞത്. ശബരിമല അടയ്ക്കലും തുറക്കലും തന്ത്രിയുടെ അധികാരത്തിൽപ്പെട്ടതല്ല.ശബരിമല തന്ത്രിയുടെ സ്വത്തല്ല. ക്ഷേത്രങ്ങൾ ദേവസ്വംബോർഡിന്റെ സ്വത്താണ്. ഇത് മനസിലാക്കിയാൽ തന്ത്രിക്ക് നല്ലത്. ശബരിമലയും പ്രതിഷ്ഠയും മുമ്പേ ഉണ്ടായിരുന്നു. അടച്ചിട്ടിട്ടുപോയാൽ അമ്പലം നിന്നു പോകില്ലെന്ന് പഴയകാല അനുഭവങ്ങൾ ഓർത്താൽ നന്ന്.അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയാണല്ലോ. വടക്കേ ഇന്ത്യയിലൊക്കെ നൈഷ്ഠിക ബ്രഹ്മചാരികളായ ദൈവങ്ങൾക്ക് പൂജചെയ്യുന്നവരും നൈഷ്ഠിക ബ്രഹ്മചാരികളാണ്. അങ്ങനെ ആയാൽ തന്ത്രിമാർക്കും വിവാഹം കഴിക്കാനാവില്ല. ഇവിടത്തെ തന്ത്രിയുടെ ബ്രഹ്മചര്യം നമ്മൾക്ക് അറിയാമല്ലോ. ഗൃഹസ്ഥാശ്രമം വിട്ട് വ്യഭിചാരത്തിലേക്ക് പോയതൊന്നും മറന്നുപോകരുത്. ഇതൊന്നുമിട്ട് അലക്കാൻ ആഗ്രഹിക്കുന്നില്ല.

ദേവസ്വം ബോർഡിന്റെ കീഴിലുള്ള ജീവനക്കാരാണ് തന്ത്രിയും മറ്റുള്ളവരും. ദേവസ്വം ബോർഡ് വിളിച്ച അവലോകന യോഗത്തിൽ പങ്കെടുത്തവരുടെ തിരിച്ചറിയൽ കാർഡ് ചില ഉദ്യോഗസ്ഥർ പരിശോധിച്ചതായി കണ്ടു.  ഈ ഉദ്യോഗസ്ഥർക്കെതിരെ ദേവസ്വംബോർഡ് നടപടി എടുക്കണം അഴിഞ്ഞാട്ടക്കാരായ ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ കഴിയണം. നവോത്ഥാന പാരമ്പര്യം ശരിയായ നിലയിൽ ഉള്ളതുകൊണ്ടാണ് കേരളത്തിന് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ മാറ്റം ഉള്ളത്. ഈ മാറ്റം ഉൾക്കൊള്ളാനാവാത്തവരുണ്ട്. അവർ കേരളത്തെ പിന്നോട്ടടിക്കാൻ ശ്രമിക്കുകയാണ്. ഈ നീക്കം ശക്തമായി തടഞ്ഞേ മതിയാകൂ.സാമൂഹ്യ പരിഷ്കരണത്തെ എപ്പോഴും യാഥാസ്ഥിതിക വിഭാഗം എതിർത്തിട്ടുണ്ട്. ശബരിമലയിലെത്തുന്ന സ്ത്രീകളെ പരിശോധിക്കാൻ ആരാണ് ഇവർക്ക് അധികാരം കൊടുത്തതെന്നും അദ്ദേഹം ചോദിച്ചു.കോൺഗ്രസിൽ പലരുടെയും ശരീരം ഇപ്പുറത്തും മനസ് അപ്പുറത്തുമാണ്. ബിജെപി സമരത്തെ ഇടത്താവളമായാണ് കോൺഗ്രസ് കാണുന്നത്. അതിന്റെ ഭാഗമാണ് കൊടിയില്ലാതെ സമരത്തിൽ പങ്കെടുക്കാമെന്ന് പറയുന്നത്.

ശബരിമലയുടെ പ്രത്യേക കാര്യം പരിഗണിച്ചുകൊണ്ടു മാത്രമായ വിധിയല്ലിത്. ഭരണഘടന ഉയർത്തിപിടിക്കുന്ന മൗലികാവകാശം ഉൾക്കൊള്ളുന്ന വിധിയാണ്. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്താണ് സർക്കാർ അധികാരമേൽക്കുന്നത്. ഭരണഘടന പറയുന്നത് ചെയ്യുകയെന്നത് ഏതു സർക്കാരും പാലിക്കേണ്ട ബാധ്യതയാണ്. അതുകൊണ്ട് ഈ വിധിയെ ദുർബലപ്പെടുത്തുന്നതൊന്നും സർക്കാർ ചെയ്യില്ല. വരുന്ന ഒക്ടോബര്‍ 29ന് ഏറണാകുളം കലൂര്‍ അന്താരാഷ്ട്ര സ്റ്റേഡിയത്തിലും രാഷ്ട്രീയ വിശദീകരണ യോഗം എല്‍ ഡി എഫ് സംഘടിപ്പിക്കുന്നുണ്ട്.

INDIANEWS24 KOLLAM DESK

Leave a Reply