728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമലയില്‍ സ്ഥിതി ശാന്തം

പമ്പ:ചിത്തിര ആട്ട വിശേഷത്തിന് ശബരിമല നട തുറക്കാന്‍ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കേ സന്നിധാനത്തും പമ്പയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി ശാന്തമാണ്.ഒരിടങ്ങളിലും ഇതുവരെ  പ്രതിഷേധങ്ങളോ പ്രകടനങ്ങളോ ഉണ്ടായില്ല. രാത്രി എട്ടരയോടെ മാധ്യമപ്രവർത്തകരെ പമ്പയിലേക്ക് പ്രവേശിപ്പിച്ചു. ഇന്ന്  നട തുറക്കാനിരിക്കെ അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി ഇന്നലെ രാത്രിയോടെയാണ് മാധ്യമങ്ങളെ പൊലീസ് പമ്പയിലേക്ക് കടത്തിവിട്ടത്.നേരത്തെ മാധ്യമങ്ങളെ പമ്പയിലേക്ക് കടത്തി വിടുന്നില്ലെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് ഡിജിപിയും മന്ത്രി കടകംപള്ളി സുരേന്ദ്രനും മാധ്യമങ്ങള്‍ക്ക് വിലക്കില്ലെന്നും സുരക്ഷയൊരുക്കുന്നതിന്‍റെ ഭാഗമായ നടപടിമാത്രമാണ് നടക്കുന്നതെന്നും വിശദീകരിച്ചിരുന്നു.

സന്നിധാനത്തും പമ്പയിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രണ്ട് എഡിജിപിമാരുടെ നേതൃത്വത്തില്‍ 2300 പൊലീസുകാരെയാണ് ഇതുവരെ വിന്യസിച്ചിട്ടുള്ളത്. മരക്കൂട്ടം മുതല്‍ സന്നിധാനം വരെ 1200 ല്‍ അധികം പൊലീസുകാരുണ്ടാകും.സന്നിധാനത്ത് സ്ത്രീകളെ ഉപയോഗിച്ച് ബിജെപിയും പോഷക സംഘടനകളും പ്രശ്നങ്ങളുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വേണ്ടിവന്നാല്‍ സന്നിധാനത്ത് വനിതാ പൊലീസുകാരെ നിയോഗിക്കുമെന്നും പൊലീസ് അറിയിച്ചു. നിരോധനാജ്ഞ നിലവിൽ വന്ന ഇലവുങ്കൽ മുതൽ സന്നിധാനം വരെയുള്ള പ്രദേശങ്ങള്‍ പൂര്‍ണമായും ഇപ്പോള്‍തന്നെ പൊലീസ് നിയന്ത്രണത്തിലാണ്.ദര്‍ശനത്തിന് സുരക്ഷ തേടി സ്ത്രീകള്‍ സമീപിച്ചിട്ടില്ലെന്ന് പത്തനംതിട്ട എസ്.പി നേരത്തെ അറിയിച്ചിരുന്നു. ഒരുദിവസത്തിനായി നടതുറക്കുമ്പോള്‍ വലിയ വെല്ലുവിളികള്‍ ഉണ്ടാവില്ലെന്നാണ് പൊലീസ് കരുതുന്നത്.

INDIANEWS24 SABARIMALA DESK

Leave a Reply