728-pixel-x-90-2-learn
728-pixel-x-90
<< >>

ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ 2061 പേരെ അറസ്റ്റ് ചെയ്തു,1500 പേരെ ജാമ്യത്തില്‍ വിട്ടു

തിരുവനന്തപുരം:യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശബരിമലയിലുണ്ടായ അക്രമ സംഭവങ്ങളില്‍ ഇതുവരെ 2061 പേരെയാണ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി മാത്രം 700 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. 452 കേസുകളിലായിട്ടാണ് ഈ അറസ്റ്റുകള്‍ നടന്നിരിക്കുന്നത്. നിലവില്‍ 1500 പേരെ ജാമ്യത്തില്‍ വിട്ടു. 600 പേരോളം റിമാന്‍ഡില്‍ തുടരുന്നു. ഹര്‍ത്താല്‍, വഴിയതടയല്‍, സംഘര്‍ഷം, കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. അക്രമം അഴിച്ചുവിട്ടവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.അക്രമസംഭവത്തില്‍ ഉള്‍പ്പെട്ട 210 പേരുടെ ചിത്രങ്ങള്‍ നേരത്തേ പോലീസ് പുറത്തു വിട്ടിരുന്നു. പോലീസ് തയ്യാറാക്കിയ പട്ടികയിലുള്ള ഭൂരിഭാഗം പേരെയും പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ പറഞ്ഞു. ജില്ലാ പോലീസ് മേധാവികളുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അറസ്റ്റിന് നേതൃത്വം നല്‍കുന്നത്. ഫേസ്ബുക്കില്‍ വ്യജപ്രചരണം നടത്തിയ കുറ്റത്തിനും പോലീസ് നടപടി തുടരുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് അറസ്റ്റ് നടക്കുന്നത്. ഇന്നലെ വരെ അറസ്റ്റ് ചെയ്യപ്പെട്ടവരുടെ എണ്ണം 1407 ആയിരുന്നു.

അതെ സമയം ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം  തീരുമാനമെടുത്തു.സ്ത്രീപ്രവേശനത്തിനെതിരെ സംഘപരിവാറും ബിജെപിയും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി വ്യാപകവിശദീകരണയോഗങ്ങളും പ്രചാരണപരിപാടികളും നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.ഇതിനായി കാൽനടജാഥകളും പ്രചാരണയോഗങ്ങളും സംഘടിപ്പിയ്ക്കും. പാർട്ടിയുടെ ഏറ്റവും കീഴ്ഘടകങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാകും പ്രചാരണപരിപാടികൾ. കാൽനടജാഥകൾക്ക് മന്ത്രിമാരും എംഎൽഎമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും നേതൃത്വം നൽകും. കൂടുതൽ വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. നിലവിൽ ഒമ്പത് ജില്ലകളിലെ വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് തീരുമാനം. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നും കൃത്യമായ പ്രചാരണങ്ങളിലൂടെ പാർട്ടിയുടെയും സർക്കാരിന്‍റെയും നിലപാടും സുപ്രീംകോടതി വിധിയുടെ സാരാംശവും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

INDIANEWS24 TVPM DESK

Leave a Reply