728-pixel-x-90-2-learn
728-pixel-x-90
<< >>

വ്യാജ ഇമെയിലുകള്‍ സൂക്ഷിക്കുക; വിസ കാനഡയുടെ മുന്നറിയിപ്പ്

ടൊറന്റോ: ഓണ്‍ലൈന്‍ തട്ടിപ്പ് [ഫിഷിംഗ് സ്കാം] കാനഡയില്‍ വ്യാപകമാകുന്നതായി വിസ കാനഡ നടത്തിയ സര്‍വേയില്‍ കണ്ടെത്തി. 35 വയസിനു താഴെയുള്ളവരെയാണ് തട്ടിപ്പുകാര്‍ കൂടുതലും ലക്ഷ്യമിടുന്നത്. ഒരാളുടെ വ്യക്തിപരമായ വിവരങ്ങളും മറ്റും സാമ്പത്തികത്തട്ടിപ്പിനായി ചോര്‍ത്തിയെടുക്കുന്ന മാഫിയകള്‍ സജീവമാണെന്നാണ് റിപ്പോര്‍ട്ട്.

തട്ടിപ്പ് സംഘങ്ങളില്‍ നിന്നുള്ള ഇമെയിലുകളോ, എസ്എംഎസുകളോ, ഫോണ്‍ കോളുകളോ ലഭിച്ചിട്ടുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത യുവാക്കളില്‍ 92 ശതമാനവും വെളിപ്പെടുത്തി. ബാങ്ക് അക്കൗണ്ട്, പാസ്സ് വേര്‍ഡ്, കാര്‍ഡ്  നമ്പര്‍, സിന്‍ നമ്പര്‍ ഇവ ചോദിച്ചുകൊണ്ട് ബാങ്കുകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, വ്യാപാരസ്ഥാപനങ്ങള്‍, ക്രെഡിറ്റ്കാര്‍ഡ് കമ്പനികള്‍  എന്നിവയുടെ പേരില്‍ വ്യാജ ഇമെയിലുകള്‍ അയയ്ക്കുകയാണ് ഒരു രീതി. നിങ്ങള്‍ക്ക് ലോട്ടറി അടിച്ചെന്നോ,നിങ്ങളുടെ അക്കൗണ്ട് ഉടന്‍ റദ്ദാക്കപ്പെടുമെന്നോ ഒക്കെയുള്ള സന്ദേശങ്ങളാകും ഇമെയിലില്‍ ഉള്ളത്.

ബാങ്കുകള്‍ ഒരിക്കലും ഇമെയില്‍ വഴി ഇത്തരം വിവരങ്ങള്‍ ചോദിക്കില്ലെന്ന് വിസ കാനഡയുടെ റിസ്ക്‌ സര്‍വീസസ് വിഭാഗം തലവന്‍ ഗോര്‍ഡ് ജാമിസന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇത്തരം ഇമെയിലുകള്‍ക്ക് മറുപടി അയയ്ക്കരുത്. ഇത്തരം സന്ദേശങ്ങളിലെ സ്പെല്ലിംഗും വ്യാകരണവും പലപ്പോഴും തെറ്റായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ തട്ടിപ്പുകാര്‍ ഇപ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ജാമിസന്‍ പറയുന്നു.

ലൈംഗികബന്ധത്തിന് താല്‍പര്യം പ്രകടിപ്പിച്ച് യുവതികളുടെ പേരില്‍ ഉള്ളതാകും മറ്റ് ചില ഇമെയിലുകള്‍. മറുപടി അയയ്ക്കേണ്ട മെയില്‍ ഐഡി ഉള്‍പ്പെടെയായിരിക്കും സന്ദേശം.

ഇത്തരത്തിലുള്ള ഇമെയിലുകള്‍ തുറക്കരുതെന്ന് ജാമിസന്‍ മുന്നറിയിപ്പ് നല്‍കി.  തുറന്നാല്‍ കംപ്യൂട്ടറിനെ അപകടത്തിലാക്കുന്ന ചില പ്രോഗ്രാമുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടാം. ഓണ്‍ലൈന്‍ ബാങ്കിങ്ങും മറ്റും നടത്തുന്ന അവസരത്തില്‍ പാസ് വേര്‍ഡ് ചോര്‍ത്തിയെടുക്കാന്‍ തട്ടിപ്പ് സംഘത്തിന് കഴിയും. ഇത്തരം മെയിലുകള്‍ തുറക്കാതെ info@antifraudcentre.ca; Visa’s phishing@visa.com or reportphishing@apwg.org തുടങ്ങിയ ഐഡികളിലേക്ക് ഫോര്‍വേഡ്ചെയ്യുകയും തുടര്‍ന്ന് ഡിലീറ്റ് ചെയ്യുകയുമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

ഫെയ്സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലും ഇത്തരം വ്യാജസന്ദേശങ്ങള്‍ ലഭിക്കാം.

പ്രായമുള്ള ആള്‍ക്കാരെ വീട്ടിലേക്കു നേരിട്ട് ഫോണില്‍ വിളിച്ച് തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്ന സംഭവങ്ങളും വര്‍ധിച്ചുവരുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 84 ശതമാനം പേരും ഏതെങ്കിലും വിധത്തില്‍ ലക്ഷ്യമിടപ്പെട്ടിട്ടുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തുന്നു.

Leave a Reply