jio 800x100
jio 800x100
728-pixel-x-90
<< >>

വ്യക്തിത്വവും ചെറുപ്പവും ന്യൂനപക്ഷവും കേരളത്തില്‍ നിര്‍ണ്ണായകമായി

തിരുവനന്തപുരം:രാഷ്ട്രീയ സത്യസന്ധതയും ചെറുപ്പവും വ്യക്തി പ്രഭാവവും ന്യൂനപക്ഷ വോട്ടുകളുടെ സമാഹരണവും വര്‍ഗ്ഗീയ വോട്ടുകളുടെ ധ്രുവീകരണവും മാറ്റുരച്ച തെരഞ്ഞെടുപ്പില്‍ ഇടുക്കി പോലുള്ള അപൂര്‍വ്വം മണ്ഡലങ്ങള്‍ മാത്രമേ പ്രശ്നാധിഷ്ടിതമായി ചിന്തിച്ചിട്ടുള്ളൂ.

എം.ബി.രാജേഷ്‌,പി.കെ.ബിജു,സമ്പത്ത്,ജോസ് കെ മാണി,ജോയ്സ് ജോര്‍ജ് തുടങ്ങിയ ചെറുപ്പക്കാരുടെ വിജയം ശ്രദ്ധേയമാണ്.ടി സിദ്ദിഖ് പോലും കാസര്‍ഗോഡ്‌ പോലുള്ള ഒരു ഇടത് പക്ഷ മണ്ഡലത്തില്‍ നേരിയ  വ്യത്യാസത്തിലാണ് പരാജയപ്പെട്ടതെന്നോര്‍ക്കുക.

സംശുദ്ധമായ വ്യക്തിത്വങ്ങളെ എന്നും കേരളം അംഗീകരിട്ടുണ്ട്. സി.എന്‍.ജയദേവന്‍,പി.കരുണാകരന്‍,എംകെ രാഘവന്‍,മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരുടെ വിജയം ഈ വസ്തുത അരക്കിട്ടുറപ്പിക്കുന്നു.ഒ രാജഗോപാല്‍ തിരുവനന്തപുരത്ത് നടത്തിയ പോരാട്ടവും  ശ്രദ്ധേയമാണ്.

അത് പോലെ തന്നെ നിര്‍ണ്ണായകമായ ഒരു ഘടകമാണ് വര്‍ഗ്ഗീയ-ജാതീയ ധ്രുവീകരണവും ന്യൂനപക്ഷവോട്ടുകളുടെ സമാഹരണവും. ഇത് കൂലംകഷമായി ചര്‍ച്ച ചെയ്യേണ്ടതാണ്.ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,പത്തനംതിട്ട,എറണാകുളം,വയനാട്,മലപ്പുറം,പൊന്നാനി മണ്ഡലങ്ങളില്‍ പ്രതിഫലിച്ചിട്ടുണ്ട്.

നായര്‍ വോട്ടുകളുടെ ധ്രുവീകരണം തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ മണ്ഡലങ്ങളില്‍ ഉണ്ടായി എന്നത് ഒരു വസ്തുതയാണ്.മുസ്ലിം വോട്ടുകളുടെ വന്‍തോതിലുള്ള ധ്രുവീകരണം മിക്കവാറും എല്ലാ മണ്ഡലങ്ങളിലും യു ഡി എഫിന് അനുകൂലമായി വര്‍ത്തിച്ചിട്ടുണ്ട്.മുസ്ലീം വര്‍ഗ്ഗീയത അതിന്റെ പാരമ്യത്തിലെത്തിയത് മലപ്പുറം മണ്ഡലത്തിലാണ്‌.വടകരയില്‍ എല്‍ഡിഎഫും ഈ മുസ്ലീം പ്രീണനം നടത്തിയിട്ടുണ്ട്.

എറണാകുളത്തും പത്തനംതിട്ടയിലും കോട്ടയത്തും  ക്രിസ്ത്യന്‍ വോട്ടുകളുടെ വന്‍ തോതിലുള്ള ക്രോഡീകരണം ഉണ്ടായി.ഇടുക്കി മണ്ഡലത്തിലും ഇത് പ്രകടമാണ്.ഒരു പക്ഷെ ഇക്കുറി പതിവില്‍ നിന്നും വ്യത്യസ്തമായി അത് ഇടുക്കിയില്‍ യു ഡി എഫിനു പ്രതികൂലമായി എന്ന് മാത്രം.

പത്തനംതിട്ട,എറണാകുളം,പൊന്നാനി മണ്ഡലങ്ങളിലെ എല്‍ ഡി എഫിന്‍റെ സ്ഥാനാര്‍ഥി നിര്‍ണ്ണയം ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും നിര്‍ണ്ണായകമായ ഘടകങ്ങളില്‍ ഒന്നാണ്.മലബാറിലെ ഇടതുപക്ഷാനുകൂല മണ്ഡലങ്ങളില്‍പ്പോലും സി പി എം വളരെ ബുദ്ധിമുട്ടിയാണ് കടന്നു കൂടിയത്‌ എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കണം.കൊല്ലം,ആലപ്പുഴ പോലുള്ള മണ്ഡലങ്ങളിലും ഇത് ഇടതിനെ സാരമായി ബാധിച്ചു എന്നത് നിസ്തര്‍ക്കമാണ്.

ടി പി വധം,സരിത-സോളാര്‍ വിഷയങ്ങള്‍ അത്ര കണ്ടു എശിയില്ല.സരിത ഫാക്ടര്‍ നേരിട്ട് ബാധിക്കുമെന്ന് കരുതപ്പെട്ട കൊടിക്കുന്നില്‍ സുരേഷിനും കെ സി വേണുഗോപാലിനും അത് അതിജീവിക്കാനായി.കെ സി വേണുഗോപാലിനെ അമൃതാനന്ദമയിയും കൂട്ടരും ഏറെ സഹായിക്കുകയും ചെയ്തു.അമൃതാനന്ദമയിയുടെ ഗുണം പ്രേമചന്ദ്രനും ലഭിച്ചു.

ചേര്‍ത്ത് വായിക്കേണ്ട ചില കാര്യങ്ങളിലൊന്ന് രാജ്യമൊട്ടാകെ തൂത്തെറിയപ്പെട്ട കോണ്‍ഗ്രസ് എങ്ങനെ കേരളത്തില്‍ പിടിച്ചു നിന്ന് എന്നതാണ്.അതും അഞ്ചു കേന്ദ്രമന്ത്രിമാരും വിജയിച്ചു കയറുകയും ചെയ്തു.അതേ സമയം സി പി എമ്മിന്‍റെ പി ബി മെമ്പര്‍ എം എ ബേബി,കേന്ദ്ര കമ്മിറ്റിയംഗം വി എസ് വിജയരാഘവന്‍,ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബു എന്നിവര്‍ അനുകൂല സാഹചര്യങ്ങളിലും പരാജയപ്പെട്ടു.കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി കരുണാകരനും പി കെ ശ്രീമതിയുമൊക്കെ വളരെ കഷ്ടിച്ച് കടന്നു കൂടുകയായിരുന്നു.സുധാകരനെപ്പോലെ സര്‍വ്വാത്മനാ പരാജിതനായ ഒരു എം പി യെ തോല്‍പ്പിക്കാന്‍ സി പി എം നേതൃത്വം ഏറെ വിയര്‍പ്പൊഴുക്കി.ഇതു ഉമ്മന്‍ചാണ്ടിയുടെ ഭരണനേട്ടം കൊണ്ടാണെന്ന് ഉമ്മന്‍ ചാണ്ടി പോലും പറയില്ല.മറ്റൊരു വസ്തുത സമ്പത്ത്,പി കെ ബിജു,എം ബി രാജേഷ് എന്നീ യുവ സി പി എം നേതാക്കള്‍ ഇതിനിടയിലും മിന്നുന്ന വിജയം നേടുകുകയും ചെയ്തു.ഇവരെല്ലാം സിറ്റിംഗ് എം പി മാരുമായിരുന്നു.

ഇതില്‍ നിന്ന് സി പി എം നേതൃത്വം ചില ഗുണപാഠങ്ങള്‍ പഠിക്കും എന്ന് ആശിക്കാനേ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കും മതേതര വാദികള്‍ക്കും കഴിയുകയുള്ളൂ.സി പി എം വളരെ ആലോചിച്ചു നയപരമായ തീരുമാനങ്ങളെടുക്കേണ്ടിയിരിക്കുന്നു.പാര്ട്ടിക്ക് ഭാരമായ ചില നേതാക്കളെ കേന്ദ്ര-സംസ്ഥാന കമ്മിറ്റികളില്‍ നിന്നും ഒഴിവാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സി പി എം നടപ്പിലാകക്കേണ്ടിയിരിക്കുന്നു.അത്തരം നേതാക്കള്‍ എത്ര കണ്ടു പാരമ്പര്യവും ത്യാഗോജ്ജ്വലമായ പ്രവര്‍ത്തന ചരിത്രവുമുള്ളവരാണെങ്കിലും കേരള ജനതയ്ക്ക് അവരെ താല്പ്പര്യമില്ലെന്നും അവരെ ചുമക്കുന്നവരെയും ഭാവിയില്‍ താല്പ്പര്യമുണ്ടാകില്ല എന്നുമുള്ള ഈ ജനവിധി സി പി എം മനസിലാക്കണം.പുതു തലമുറയിലെ ജനസ്വീകാര്യരും സംശുദ്ധരുമായ ധാര്ഷ്ട്യമില്ലാത്ത ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ സി പി എം തയ്യാറാകണം.

സി പി എമ്മിന് കേരളത്തില്‍ ഇന്നത്തെ പ്രത്യക സാഹചര്യത്തില്‍ ഒരു പാട് സാധ്യതകളും ഉത്തരവാദിത്തവും ഉണ്ട്,ഒപ്പം കോണ്‍ഗ്രസിനും.വി എം സുധീരനും പിണറായി വിജയനും വി എസ് അച്യുതാന്ദനുമൊക്കെ ഒരുമിച്ചിരുന്നു ശുദ്ധീകരണ പ്രക്രിയകള്‍ക്ക് നേതൃത്വം കൊടുക്കേണ്ടിയിരിക്കുന്നു.അല്ലെങ്കില്‍ കേരളം താമസിയാതെ ഒരു മത ഭ്രാന്താലയമായി മാറും.

INDIANEWS SPECIAL CORRESPONDENT

 

Leave a Reply