കൊച്ചി:കൊച്ചി നഗരത്തിലെ ഗതാഗത കുരുക്കിന് ശമനമേകാന്‍ രണ്ട് ഫ്ളൈ ഓവറുകള്‍ കൂടി പൂര്‍ത്തിയാകുന്നു. വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകളാണ് 2020-മാര്‍ച്ചില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത്.ഇരു ഫ്ലൈ ഓവറുകളുടെയും പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തി. എത്രയും പെട്ടെന്ന് പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്കി.
ആറു വരി പാതകളിലായി 717 മീറ്ററാണ് വൈറ്റില ഫ്ളൈ ഓവറിന്റെ നീളം. 78.37 കോടി രൂപ ആണ് ചെലവ്. ദേശീയ പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനായ വൈറ്റില പല ഭാഗത്തുനിന്നും വരുന്ന നിരവധി റോഡുകള്‍ സംഗമിക്കുന്ന സ്ഥലമാണ്. 2017 ഡിസംബര്‍ 11-നാണ് മുഖ്യമന്ത്രി പിണറായി വിജയന് പാലത്തിന്റെ നിര്‍മാണോദ്ഘാടനം നടത്തിയത്. ഇപ്പോള്‍ 75 ശതമാനം പണി പൂര്‍ത്തിയായി. 2020 മാര്‍ച്ചോടെ ഫ്ളൈ ഓവര്‍ ഗതാഗതയോഗ്യമാക്കാനാകും
750 മീറ്റര്‍ നീളമുള്ള കുണ്ടന്നൂര്‍ ഫ്ളൈ ഓവറിന് 74.45 കോടി രൂപയാണ് ചെലവ്. 68 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. ദേശീയ പാതയിലെ തിരക്കേറിയ മറ്റൊരു കവലയാണിത്. രണ്ട് മേല്‍പ്പാലങ്ങള്‍ വരുന്നതോടെ തിരക്ക് ഗണ്യമായി കുറയ്ക്കാനാകും. രണ്ട് പാലവും കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചാണ് ചെയ്യേണ്ടതെങ്കിലും കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യാമെന്ന് സമ്മതപത്രം നല്കിയതിനാല് കേന്ദ്രം ജോലി ഏറ്റെടുത്തില്ല. അതുകൊണ്ട് മുഴുവന്‍ ചെലവും സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടി വന്നു.
പാലാരിവട്ടം പാലത്തിന്റെ പൊളിച്ചു പണിയല്‍ കൂടി പൂര്‍ത്തിയാക്കിയാല്‍ എറണാകുളം നഗരത്തിലെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമാകും.അതിനുള്ള നടപടികള്‍ സത്വരം പുരോഗമിക്കുന്നുണ്ടെങ്കിലും ഹൈക്കോടതിയുടെ താല്‍ക്കാലിക വിലക്ക് തുടര്‍ നിയമനടപടികളിലൂടെ മറികടക്കേണ്ടതുണ്ട്.കൊച്ചി മെട്രോയുടെ തൈക്കൂടം വരെയുള്ള പണി പൂര്‍ത്തിയായതും കൊച്ചി നഗരത്തിനു പകരുന്ന ആശ്വാസം ചെറുതല്ല,2020 കൊച്ചി നഗരത്തിന്റെ ദശകങ്ങള്‍ പഴക്കമുള്ള ഗതാഗത പ്രശ്നങ്ങള്‍ക്കു നിതാന്ത പരിഹാരം കുറിക്കുന്ന വര്‍ഷമായി മാറുകയാണ്.
INDIANEWS24 KOCHI DESK
Read more: https://www.deshabhimani.com/news/kerala/vyttila-kundannoor-flyover/827082