728-pixel-x-90-2-learn
728-pixel-x-90
<< >>

വൈകാരികതയുടെ വിശ്വരൂപവുമായി കമല്‍

കമല്‍ഹാസന്റെ വിശ്വരൂപത്തിന്റെ രണ്ടാം ഭാഗം വൈകാരികതയ്ക്കാണ് ഊന്നല്‍ നല്‍കുന്നത്.ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയോ അതിന്റെ മുന്‍ഭാഗമോ എന്ന് പ്രേക്ഷകന് പിടികൊടുക്കാത്ത കഥാ ഘടനയാണ് കമല്‍ സ്വീകരിച്ചിരിക്കുന്നത്.വിസാം കാശ്മീരി എന്ന റോ എജന്റിന്റെ ഭൂതകാലത്തിനും നിരുപമ എന്ന പൂജാ കുമാര്‍ അവതരിപ്പിക്കുന്ന ഭാര്യാ കഥാപാത്രത്തിനും മറവി രോഗം ബാധിച്ച അമ്മയ്ക്കും റോ കൂട്ടാളിയായ ആന്‍ഡ്രിയയുടെ അഷ്മിതയ്ക്കും ചുറ്റും ഭ്രമണം ചെയ്യുന്ന വിശ്വരൂപം ആദ്യ ഭാഗത്തിന്റെ ചടുലതയും കൃത്യതയും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകനെ നിരാശപ്പെടുത്തിയേക്കാം.അനാവശ്യമായ വലിച്ചു നീട്ടല്‍ ചില ഘട്ടങ്ങളില്‍ കല്ല്‌ കടിയാകുന്നുണ്ട്.മികവുറ്റ  ആക്ഷന്‍ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.സാമ്പത്തികപരാധീനതകളും രാഷ്ട്രീയപ്രവേശനത്തിന്റെ തിരക്കുകളും തിരക്കഥയിൽ പലയിടത്തും ഒത്തുതീർപ്പുകൾ നടത്താൻ കമലിനെ നിർബന്ധിതനാക്കിയിട്ടുണ്ട്.അത് ചിത്രത്തിന്റെ ടോട്ടാലിറ്റിയെ സാരമായി ബാധിച്ചിട്ടുണ്ട്.

അൽഖായിദയുടെ ന്യൂയോർക്ക് ആക്രമണത്തെ തുടർന്നുണ്ടാകുന്ന അന്വേഷണവും സംഭവങ്ങളുമാണ് കമല്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമേയം.രാഹുൽ ബോസ്, ശേഖർ കപൂർ, പൂജ കുമാർ, ആൻഡ്രിയ ജെർമിയ തുടങ്ങി ആദ്യ ഭാഗങ്ങളിലെ പ്രധാന താരങ്ങളെല്ലാം വിശ്വരൂപം 2 വിലുമുണ്ട്. കമലിന്റെ അമ്മ വേഷത്തിലെത്തുന്ന വഹീദാ റഹ്മാനും ആനന്ദ്‌ മഹാദേവനും ഇവര്‍ക്കൊപ്പം മികച്ച പ്രകടനം കാഴ്ച വച്ചു.മലയാളികളായ സനു വർഗീസും ഷാംദത്തുമാണ് ഛായാഗ്രഹണം.എഡിറ്റിങ് നിർവഹിച്ചത് മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്.വിശ്വരൂപം ഒന്നാം ഭാഗം   സമ്മാനിച്ച അമിത പ്രതീക്ഷകളില്ലാതെ തിയേറ്ററിലെത്തുന്ന പ്രേക്ഷകനെ കോളിവുഡില്‍  നിന്നെത്തിയ ഈ ഹോളിവൂഡ്‌ ചിത്രം നിരാശരാക്കില്ല. വിസാം കാശ്മീരി എന്ന റോ എജന്റിന്റെ പുനരവതാരങ്ങള്‍ കമല്‍   രാഷ്ട്രീയ തിരക്കുകളിലാണ്ടുപോയില്ലെങ്കില്‍ നമ്മെ വീണ്ടും തേടിയെത്തിയേക്കാം.

ചിത്രം ആരംഭിക്കുന്നതിനു മുൻപ് അഞ്ചു മിനിറ്റോളം നീളുന്ന കമലിന്റെ മക്കൾ നീതി മയ്യം എന്ന രാഷ്ട്രീയ പാർട്ടിയുടെ പ്രചരണ വീഡിയോ കടുത്ത കമല്‍ ആരാധകര്‍ക്ക് രസിച്ചേക്കാം.കാലായില്‍ രജനീകാന്ത് തുടങ്ങി വച്ചത് കൂടുതല്‍ വലിയൊരളവില്‍ കമല്‍ വിശ്വരൂപത്തില്‍  ആവര്‍ത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്.തന്റെ രാഷ്ട്രീയ നിലപാടുകളും മത നിരപേക്ഷ കാഴ്ചപ്പാടും ചിത്രത്തിലൂടെ മുന്നോട്ട്  വയ്ക്കുന്ന കമല്‍ ശുദ്ധമായ ദ്രാവിഡ രാഷ്ട്രീയം തന്റെതാണ് എന്നുറക്കെ  പറയാന്‍ ശ്രമിക്കുന്നതിനോടൊപ്പം തന്റെ കണ്ണ്‍ ദേശീയ രാഷ്ട്രീയത്തിലേക്കാണ് എന്ന സൂചനയും നല്‍കുന്നു.viswa

SANU SATHYAN INDIANEWS24 MOVIE DESK

 

Leave a Reply