ദോഹ: ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള വേനലവധിക്കാലത്തെ വിമാന നിരക്കുകൾ കൂട്ടിയേക്കും. ആശങ്കയിലായി പ്രവാസികളിൽ പലരും വേനലവധി തുടങ്ങും മുൻപേ നാട്ടിലെത്താൻ ശ്രമം തുടങ്ങി. അവധിക്കാലത്തിന് ഇനി മൂന്നു മാസം ഉണ്ടെങ്കിലും പലരും ടിക്കറ്റ് ബുക്ക് ചെയ്യാൻ തുടങ്ങി.
ഇത്തവണത്തെ നിരക്ക് വർധനയിൽ ഒരാള്‍ക്ക് കൊച്ചിയിലേക്ക് വന്നു തിരിച്ചുപോകണമെങ്കിലും അരലക്ഷത്തോളം രൂപ ചെലവായേക്കാനാണ് സാധ്യത. ഇന്നലത്തെ ടിക്കറ്റ നിരക്ക് അനുസരിച്ച് ദോഹ-കൊച്ചി യാത്രയ്ക്ക് റിട്ടേണ്‍ ടിക്കറ്റ് ഉള്‍പ്പടെ ഒരാള്‍ക്ക് ഏറ്റവും കുറഞ്ഞത് 42,000 രൂപ. അപ്പോള്‍ നാലംഗ കുടുംബത്തിന്റെ യാത്രാ ചെലവു മാത്രം, 1,68,000 രൂപ. ഇനി രണ്ടു ടിക്കറ്റുകളും വ്യത്യസ്തമായാണു ബുക്ക് ചെയ്യുന്നതെങ്കില്‍ സ്ഥിതി വീണ്ടും വഷളാകും. ജൂണ്‍ 20നു ദോഹ- കൊച്ചി യാത്രയ്ക്കുള്ള ഏറ്റവും കുറഞ്ഞ നിരക്ക് 18,858 രൂപ.
സാമാന്യം നല്ല വരുമാനമുള്ള കുടുംബത്തിനു പോലും സാമ്പത്തിക ബാധ്യത സൃഷ്ടിക്കുന്നതാണ് അവധിക്കാല യാത്രയെന്നു വ്യക്തമാണ്. പരമാവധി നേരത്തെ ബുക്ക് ചെയ്ത് ആഘാതം കുറയ്ക്കുകയെന്നതു മാത്രമാണു പോംവഴി. അതേ സമയം ഏതെങ്കിലും കാരണവശാല്‍ യാത്രയില്‍ മാറ്റം വരുത്തേണ്ടി വന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും പാളും. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ ഒന്‍പതു വരെയാണു വേനലവധി.
INDIANEWS24.COM Gulf Desk