728-pixel-x-90-2-learn
728-pixel-x-90
<< >>

വെള്ളിമൂങ്ങയിലൂടെ ഒരു സൂപ്പര്‍ താരോദയം കൂടി

ജിബു ജേക്കബിന് അഭിമാനിക്കാം,ഒരു മികച്ച സറ്റയര്‍ മലയാളത്തിനു സമ്മാനിച്ചതിന്. ഒപ്പം രണ്ടു ദശകങ്ങളായി അര്‍ഹിക്കുന്ന അംഗീകാരം നിഷേധിക്കപ്പെട്ടിരുന്ന ഒരു നടന് സൂപ്പര്‍താര പദവി സമ്മാനിച്ചതിനും.ബിജു മേനോന്‍ എന്ന മലയാളിയുടെ പ്രിയ സഹനടന്‍ ഒരു മിന്നുന്ന താരമായി മാറുന്ന കാഴ്ചയാണ് വെള്ളിമൂങ്ങ സമ്മാനിക്കുന്നത്.

പ്രദര്‍ശനശാലകളിലേക്ക് ഒരു സോളോ ഹീറോ എന്ന നിലയില്‍ മാസിനെ ആകര്‍ഷിക്കുവാനുള്ള കഴിവാര്‍ജ്ജിക്കുമ്പോഴാണല്ലോ സാധാരണയായി സൂപ്പര്‍ താരം എന്ന സംജ്ഞ ഉപയോഗിക്കപ്പെടുന്നത്.വെള്ളിമൂങ്ങ എറണാകുളം ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നല്ല മഴയത്തും  സെക്കന്ഡ് ഷോക്ക് പോലും ഹൌസ്ഫുള്‍ ആകുന്നത്‌ ബിജുമേനോന്‍ എന്ന താരോദയത്തിന്റെ പിറവി തന്നെയാണ് സൂചിപ്പിക്കുന്നത്.ചിത്രമവസാനിക്കുമ്പോള്‍ നീണ്ടു നില്‍ക്കുന്ന കരഘോഷങ്ങളും ആരവങ്ങളും ബിജുമേനോന്‍ എന്ന താരത്തെ മലയാളി നെഞ്ചിലേറ്റിക്കഴിഞ്ഞു എന്നതിന്റെ സാക്ഷ്യപത്രങ്ങളാകുന്നു.

രാജാവിന്റെ മകന്‍ മോഹന്‍ലാലിനും ഏകലവ്യന്‍ സുരേഷ് ഗോപിക്കും തങ്ങളുടെ യൌവന കാലത്ത് സമ്മാനിച്ച താരപ്പകിട്ട് ബിജു മേനോന്‍  മധ്യവയസില്‍ കരസ്ഥമാക്കുകയാണ്.ലാലും സുരേഷ് ഗോപിയും ആക്ഷന്‍ ഹീറോമാരായാണ് സൂപ്പര്‍താര പദവി നേടിയതെങ്കില്‍ ബിജുമേനോന്‍ തോക്കെടുക്കാതെയാണ് അത് നേടുന്നതെന്ന വ്യത്യാസം മാത്രം.വില്ലന്‍ വേഷങ്ങളിലും സ്വഭാവ നടനായും ഏറെ കയ്യടി നേടിയ ബിജുമേനോന്‍ അടുത്തിടെ കുഞ്ചാക്കോ ബോബനോപ്പം അഭിനയിച്ച  നര്‍മ്മം കലര്‍ന്ന ചിത്രങ്ങള്‍ വന്‍ വിജയം നേടിയിരുന്നു.ദിലീപിന്റെ മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോന്‍ തന്റെ ഇമേജ് മാറ്റിയെഴുതിയത്.നര്‍മ്മത്തില്‍ ചാലിച്ചു അയത്ന ലളിതമായ ശൈലിയില്‍ വെള്ളിമൂങ്ങയിലെ മാമച്ചന്‍ എന്ന കഥാപാത്രത്തെ ഹൃദ്യമാക്കിയ ബിജു മേനോന് മുന്നില്‍ വന്‍ സാധ്യതകളാണ് തെളിയുന്നത്.ഏക നായക വേഷങ്ങള്‍ ഇനിയുമേറെ ബിജുവിനെ തേടിയെത്തുമെന്നുറപ്പ്.

ഏതായാലും മമ്മൂട്ടി,മോഹന്‍ലാല്‍,ദിലീപ്,പൃഥിരാജ് തുടങ്ങിയ ഒന്നാം നിരക്കാര്‍ക്കൊപ്പം ഇനി ബിജുമേനോനും ഇരിപ്പിടമൊരുങ്ങും.വരും കാല  ചിത്രങ്ങളെ കൂടുതല്‍ അവധാനതയോടെ സമീപിച്ചാല്‍ കരഗതമാകുന്ന സ്ഥാനം ബിജുവിന് അരക്കിട്ടുറപ്പിക്കാം.തുടര്‍ച്ചയായ വിജയങ്ങള്‍ വേണ്ടി വന്നു പൃഥിരാജിന് താര പദവി നേടാന്‍.ജയസൂര്യയും കുഞ്ചാക്കോ ബോബനും ഫഹദ് ഫാസിലിനുമൊക്കെ വിജയങ്ങള്‍ ഏറെ ഉണ്ടെങ്കിലും സൂപ്പര്‍താര പദവി ആരാധകരും സിനിമാ പണ്ഡിറ്റുകളും മാധ്യമങ്ങളും ഇതുവരെ കല്‍പ്പിച്ചു നല്‍കിയിട്ടില്ല.
vellimoonga 3വെള്ളിമൂങ്ങയിലെ മാമച്ചനായി ബിജു തകര്‍ത്തു വാരുമ്പോള്‍ അജു വര്‍ഗ്ഗീസും ടിനിടോമും സിദ്ധിക്കും ഷാജോണും  ശിവജി ഗുരുവായൂരും  മികച്ച പിന്തുണ നല്‍കി.അജുവിന്റെ കഥാപാത്രം പുണ്യാളന്‍ അഗര്‍ബത്തീസിലെയും പെരുച്ചാഴിയിലെയും വേഷങ്ങളെ വല്ലാതെ ഓര്‍മിപ്പിക്കുന്നു.അജു ടൈപ്പ് കാസ്റ്റിങ്ങിന്റെ പാതയിലാണെങ്കിലും വെള്ളി മൂങ്ങയില്‍ ബിജുവിനൊപ്പം തിളങ്ങുന്നു.അഥിതി വേഷത്തിലെത്തിയ ആസിഫ് അലി നിരാശപ്പെടുത്തിയില്ല.ലഘു വേഷങ്ങളില്‍ ഈ നടന്‍ തിളങ്ങുന്ന കാഴ്ചയാണ് അടുത്തിടെ.അപ്പോത്തിക്കിരിയിലെയും സപ്തമ ശ്രീ തസ്ക്കരയിലെയും കഥാപാത്രങ്ങള്‍ ആസിഫിന് ഗുണം ചെയ്തിരുന്നു.1983 ഫെയിം നിക്കി ഗില്‍റാണിയും കെ പി എ സി ലളിതയും ലെനയുമാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

പഞ്ചവടിപ്പാലം തുടങ്ങിയ സറ്റയര്‍ ചിത്രങ്ങളുടെ തലത്തിലേക്ക് വെള്ളിമൂങ്ങയും എത്തുന്നതില്‍ സംവിധയാകന്‍ ജിബു ജേക്കബിന് അഭിമാനിക്കാം.എന്നാല്‍ വലിയ പ്രചരണ കോലാഹലങ്ങളോ അവകാശ വാദങ്ങളോ ഇല്ലാതെ കന്നി സംവിധാന സംരംഭം ഗംഭീരമാക്കിയ ജിബുവിനെ മലയാള സിനിമാ ചരിത്രം അടയാളപ്പെടുത്തുക ബിജുമേനോനെ വന്‍ താര പദവിയിലേക്ക് എടുത്തുയര്‍ത്തിയ ആള്‍ എന്ന നിലയ്ക്കായിരിക്കും എന്നുറപ്പ്.

SANU SATHYAN INDIANEWS24.COM

vellimoonga 1

Leave a Reply