728-pixel-x-90-2-learn
728-pixel-x-90
<< >>

വെള്ളം നിറച്ച് ജീവനക്കാരുടെ പ്രതിഷേധം; ‘വെള്ളംകുടിച്ച്’ ട്രെയിന്‍ യാത്രക്കാര്‍

തൃശൂര്‍:വെള്ളിയാഴ്ച്ച കേരളത്തിലൂടെയുള്ള ദീര്‍ഘ ദൂര ട്രെയിനുകളടക്കമുള്ളവയുടെ സമയക്രമം പാടേ തെറ്റി.റെയില്‍വേ ജീവനക്കാരുടെ അനാസ്ഥ കൊണ്ടല്ല മറിച്ച് കാര്യക്ഷമത കൊണ്ടാണ് ഇങ്ങനെ നേരം വൈകി ഓടാനിടയാക്കിയത്.കാര്യക്ഷമതയെന്നാല്‍ പ്രതിഷേധാത്മകമായ കാര്യക്ഷമത.ഫലം ട്രെയിനിനകത്തും സ്റ്റേഷനിലും യാത്രക്കാരുടെ മനം മടുപ്പിക്കുന്ന കാത്തിരിപ്പ് തന്നെ.

തൃശൂര്‍ വഴി ഓടുന്ന ട്രെയിനുകള്‍ക്കാണ് സമയക്രമത്തില്‍ ഈ പ്രശ്‌നം ഉണ്ടായിരിക്കുന്നത്.ട്രെയിനുകളിലെ ശുചിമുറിയില്‍ വെള്ളമില്ലെന്ന യാത്രക്കാരുടെ പരാതി തീര്‍ക്കാനായി ജീവനക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചതാണ് യാത്രക്കാര്‍ക്ക് തന്നെ തിരിച്ചടിയായത്.

സംഭവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ബുധനാഴ്ച്ചയാണ്.ട്രെയിനുകളിലെ ശുചിമുറിയില്‍ വെള്ളമില്ലെന്ന യാത്രക്കാരുടെ പരാതിയെ തുടര്‍ന്ന് ബുധനാഴ്ച്ച വൈകീട്ടോടെ തൃശൂര്‍ റെയില്‍വേസ്‌റ്റേഷനിലെ ഗ്യാരേജ് ആന്‍ഡ് വാഗണ്‍സ് സെക്ഷന്‍ എന്‍ജിനീയറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഇതേ തുടര്‍ന്ന്‌ വെള്ളിയാഴ്ച്ച റയില്‍വേ സ്റ്റേഷന്‍ ജീവനക്കാര്‍ സ്റ്റേഷനിലെത്തുന്ന ട്രെയിനുകളില്‍ കര്‍ശനമായി വെള്ളം നിറയ്ക്കാന്‍ തീരുമാനിച്ചു.എന്നാല്‍ കുറേപേര്‍ അവധിയില്‍ പ്രവേശിക്കുകയും ചെയ്തതോടെ ട്രെയിനൊന്നില്‍ വെള്ളം നിറയ്ക്കാന്‍ ഒരു മണിക്കൂര്‍ വരെ വേണ്ടിവന്നു.പ്രധാന സ്റ്റേഷനുകളില്‍ മൂന്ന് മിനിറ്റ് മാത്രം നിര്‍ത്തുന്ന ദീര്‍ഘ ദൂര ട്രെയിനിനെ പോലും ജീവനക്കാര്‍ വിട്ടില്ല.ഇതിലൂടെ കടന്നുപോയ എല്ലാ ട്രെയിനുകള്‍ക്കും വെള്ളം നിറച്ച ശേഷമാണ് പച്ചക്കൊടി വീശിക്കൊടുത്തത്. വെള്ളം നിറയ്ക്കാന്‍ സമയം വൈകുന്നതിന് പുറമെ ഈ സമയം ഇവിടേക്കെത്തുന്ന മറ്റ് ട്രെയിനുകളെ മുന്‍ സ്റ്റേഷനുകളില്‍ സമയം ക്രമീകരിക്കുന്നത് ഉള്‍പ്പെടെ വലിയ ചടങ്ങായി. അങ്ങനെ തൃശൂര്‍ വഴി പോകുന്ന എല്ലാ ട്രെയിനുകളിലെയും യാത്രക്കാരെ ‘നല്ലപോലെ വെള്ളംകുടിപ്പിച്ചാണ്‌ ‘  ജീവനക്കാര്‍ യാത്രയാക്കിയത്.

സംഭവത്തെ തുടര്‍ന്ന് ഓരോ ട്രെയിനും സമയക്രമം പാടെ തെറ്റിയാണ് പലയിടത്തേക്കും പോയത്.ജീവനക്കാരുടെ പ്രതിഷേധാത്മകമായ നിലപാടില്‍ യാത്രക്കാര്‍ വല്ലാതെ വലഞ്ഞു.

INDIANEWS24.COM KERALA

Leave a Reply