728-pixel-x-90-2-learn
728-pixel-x-90
<< >>

വെടിക്കെട്ട് ദുരന്തം: അമിട്ട് ലക്ഷ്യം തെറ്റി പൊട്ടിവീണു

കൊല്ലം: പരവൂരില്‍ വെടിക്കെട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു.കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല.300ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.ഇതില്‍ നിരവധിപേരുടെ നില ഗുരുതരമാണ്.

ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നിനാണ് ദുരന്തമുണ്ടായത്.കമ്പപ്പുരയ്ക്ക് തീപ്പിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവരില്‍ ഒരു പോലീസുകാരനും ഒരു സ്ത്രീയും ഉള്‍പ്പെടുന്നു.പുറ്റിങ്കല്‍ ദേവീ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.കേരളത്തില്‍ മൂന്നാമത്തെ വലിയ വെടിക്കെട്ടാണ് ഈ ക്ഷേത്രോത്സവത്തിലേത്.മത്സരവെടിക്കെട്ട് ഇവിടെ പതിവായി നടക്കാറുണ്ട്.വെടിക്കെട്ട് നടക്കുന്ന കെട്ടിടത്തിന് സമീപം പുതുതായി പണികഴിപ്പിച്ച കെട്ടിടത്തിന്റെ ഉടമകള്‍ വെടിക്കെട്ട് നടത്തുന്നതിനെതിരെ ജില്ലാ ഭരണകൂടത്തെ സമീപിച്ചിരുന്നു.ദുരന്ത സാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്തരത്തില്‍ ഒരു നീക്കം ഉണ്ടായത്.തുടര്‍ന്ന് ജില്ലാഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് മത്സരവെടിക്കെട്ട് നടത്തുകയായിരുന്നു.വെടിക്കെട്ടിനായി ഇളവനുവദിക്കണമെന്ന് ക്ഷേത്രം ഭാരവാഹികള്‍ ആവശ്യപ്പെട്ടിട്ടും ലഭിക്കാതെ വന്നതോടെ വിലക്ക് ലംഘിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച്ച രാത്രി 12 മണിക്കുശേഷമാണ് വെടിക്കെട്ട് തുടങ്ങിയത് മണിക്കൂറുകളോളം വെടിമരുന്ന് പൊട്ടിച്ചിതറുന്നതിനിടെ പോലീസ് ഇടപെട്ട് നിര്‍ത്താന്‍ നിര്‍ദേശം നല്‍കി.ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്ന് കഴിഞ്ഞതോടെ വെടിക്കെട്ട് നിര്‍ത്താനുള്ള ശ്രമം തുടങ്ങുമ്പോഴേക്കും ദുരന്തമാകുകയായിരുന്നു.കമ്പപ്പുരയില്‍ നിന്ന് വെടിക്കെട്ട് സാധനങ്ങള്‍ കൊണ്ടുപോകുന്ന തൊഴിലാളികള്‍ക്കിടയിലേക്ക് സൂര്യകാന്തി എന്നുപേരുള്ള അമിട്ട് ലക്ഷ്യം തെറ്റി പതിക്കുകയായിരുന്നു.തൊഴിലാളികളുടെ പക്കലുണ്ടായ വെടിക്കെട്ട് സാധനങ്ങളില്‍ നിന്നും ചീള് തെറിച്ചു കമ്പപ്പുരയിലേക്ക് തെറിച്ചതോടെ സ്‌ഫോടനമാകുകയായിരുന്നു.സ്‌ഫോടനത്തിന്റെ ശക്തിയില്‍ അടുത്തുള്ള ദേവസ്വം കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു വീണു.കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ തെറിച്ചുകൊണ്ട് നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.സ്‌ഫോടനത്തിന്റെ ശക്തിയില്‍ അടുത്തുള്ള വീടുകള്‍ക്കും ഉപദേവതാ ക്ഷേത്രങ്ങള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.കേരളത്തില്‍ മുമ്പെങ്ങുമില്ലാത്ത വിധത്തിലുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു.ആറ് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

വെടിക്കെട്ട് തീരാറായപ്പോള്‍ സ്‌ഫോടനമുണ്ടായതിനാല്‍ കമ്പപ്പുരയില്‍ മൊത്തം വെടിക്കെട്ടിന്റെ പത്ത് ശതമാനത്തോളം വെടിക്കെട്ടു സാമഗ്രികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു.ഏറെ വൈകിയപ്പോള്‍ കുറേയധികം ആളുകള്‍ തിരികെ പോകുകയും ചെയ്തുവെന്നും റിപ്പോര്‍ട്ടുണ്ട്.

INDIANEWS24.COM Kollam

Leave a Reply