728-pixel-x-90-2-learn
728-pixel-x-90
<< >>

വെജിറ്റബിള്‍സ് ബാള്‍സ്

ചേരുവകള്‍
ഉരുളക്കിഴങ്ങ് – മൂന്നെണ്ണം
ബീന്‍സ് – 50 ഗ്രാം
ഗ്രീന്‍പീസ് – അരക്കപ്പ്
ക്യാബേജ് – അരക്കപ്പ്
കോളിഫ്ളവര്‍ – അരക്കപ്പ്, പൂക്കളായി അടര്‍ത്തിയത്
മുളകുപൊടി – അരടീസ്പൂണ്‍
തക്കാളിസോസ് – ഒരു ടേ. സ്പൂണ്‍
സവാള – രണ്ടെണ്ണം, അരക്കാന്‍
വെളുത്തുള്ളി – രണ്ട് അല്ലി, അരക്കാന്‍
ഉണക്കമുളക് – രണ്ടെണ്ണം
കൂവപ്പൊടി – അരക്കപ്പ്
എണ്ണ – വറുക്കാന്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം
പച്ചക്കറികള്‍ വെള്ളത്തിലിട്ട് തിളപ്പിക്കുക. ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടയ്ക്കുക. ഇതില്‍ ഗ്രീന്‍പീസ്, ബീന്‍സ്, ക്യാബേജ്, കോളിഫ്ളവര്‍ അടര്‍ത്തിയത് എന്നിവ ചേര്‍ത്ത് ചെറുതായൊന്ന് ഉടയ്ക്കുക. മുളകുപൊടി, ഉപ്പ്, കൂവപ്പൊടി എന്നിവ ചേര്‍ത്ത് ചെറു ഉരുളകള്‍ തയ്യാറാക്കുക. ഇവ ചൂടെണ്ണയിലിട്ട് വറുത്ത് കോരുക.
എണ്ണയില്‍ സവാള- വെളുത്തുള്ളി അരപ്പുകളിട്ട് വഴറ്റുക. ഉണക്കമുളക് വെള്ളത്തിലിട്ട് കുതിര്‍ത്ത് അരക്കുക. ഇതില്‍ തക്കാളിസോസും സവാള- വെളുത്തുള്ളി അരപ്പുകളും ചേര്‍ക്കുക. രണ്ടുമിനിറഅറ് വേവിച്ച് ആറാന്‍ അനുവദിക്കുക. വെജിറ്റബിള്‍ ബാള്‍സിനൊപ്പം ചില്ലി- ടുമാറ്റൊ സോസ് വിളമ്പി കഴിക്കുക.

റൈസ്-  സാഗോ ബാള്‍സ്
(സാഗോ- ചൌവ്വരി)
ചോറ് – ഒരുകപ്പ്
ചൌവ്വരി – അരക്കപ്പ്
തേങ്ങ – അരക്കപ്പ്, ചുരണ്ടിയത്
ബട്ടര്‍ – രണ്ട് ടേ. സ്പൂണ്‍
എള്ള് – ഒരു ടേ.സ്പൂണ്‍
കായപ്പൊടി – ഒരുനുള്ള്
പച്ചമുളകരച്ചത് – ഒരു ടീസ്പൂണ്‍
എണ്ണ – വറുക്കാന്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം
ചൌവ്വരി മൂന്ന്- നാല് മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കുക. എണ്ണ ഒഴികെയുള്ള ചേരുവകള്‍ തമ്മില്‍ യോജിപ്പിക്കുക. ചെറുഉരുളകള്‍ തയ്യാറാക്കുക. ചൂടെണ്ണയലിട്ട് വറുത്ത് കോരുക.

പൊട്ടറ്റോ റൌണ്ട്സ്
ചേരുവകള്‍
ഉരുളക്കിഴങ്ങ്, പുഴുങ്ങിയത് – രണ്ടെണ്ണം
മൈദ – ഒരു കപ്പ്
ഓമം – അര ടീസ്പൂണ്‍
കുരുമുളകുപൊടി – കാല്‍ ടീസ്പൂണ്‍
എള്ള് – രണ്ട് ടേ. സ്പൂണ്‍
എണ്ണ – മൂന്ന് ടേ. സ്പൂണ്‍ + വറുക്കാന്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം
മൈദയും ഉപ്പും ഒരു അരിപ്പയിലൂടെ തെള്ളി ഒരു ബൌളില്‍ ഇടുക. ഉരുളക്കിഴങ്ങ് പുഴുങ്ങിയത് തൊലി കളഞ്ഞുടയ്ക്കുക. മേല്‍പ്പറഞ്ഞവയില്‍ ഓമവും കുരുമുളകുപൊടിയും അല്‍പ്പം വെള്ളവും ചേര്‍ത്ത് കുഴയ്ക്കുക. ഇത് ചെറു ഉരുളകളാക്കി അവ കൈകൊണ്ട് ഉരുട്ടി നീളത്തില്‍ കയറുപോലാക്കി അവയുടെ അഗ്രങ്ങള്‍ തമ്മില്‍ യോജിപ്പിച്ച് ചെറുവളയം തയ്യാറാക്കുക. എല്ലാം ഇതുപോലെ തയ്യാറാക്കി ചൂടെണ്ണയില്‍ വറുത്ത് കോരുക.

സ്പൈസി സര്‍ക്കിള്‍സ്
മൈദ – ഒന്നരക്കപ്പ്
കടലമാവ് – അരക്കപ്പ്
ഓമം, ജീരകം – അര ടീസ്പൂണ്‍വീതം
മുളകുപൊടി – ഒരു ടീസ്പൂണ്‍
എണ്ണ – നാല് ടേ. സ്പൂണ്‍ + വറുക്കാന്‍
കോണ്‍ഫ്ളോര്‍ – മൂന്ന് ടേ. സ്പൂണ്‍
മല്ലിയില – ഒരു ടേ. സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്നവിധം
മൈദ, കടലമാവ്, ഉപ്പ് എന്നിവ തെള്ളി ഒരു പാത്രത്തിലിടുക. മധ്യത്തിലായൊരു കുഴിയുണ്ടാക്കി മുളകുപൊടി, ഓമം, ജീരകം, മല്ലിയില, ഒരു ടേ. സ്പൂണ്‍ എണ്ണ എന്നിവ ചേര്‍ത്ത് വെള്ളം പാകത്തിനൊഴിച്ച് കുഴയ്ക്കുക. കോണ്‍ഫ്ളോറും മൂന്ന് ടേ. സ്പൂണ്‍ എണ്ണയും തമ്മില്‍ യോജിപ്പിച്ച് വക്കുക. കുഴച്ചമാവ് ചെറു ഉരുളകളാക്കി ചെറു വൃത്തങ്ങളായി പരത്തുക. മീതെ കോണ്‍ഫ്ളോര്‍ തേച്ച് ഇത് പതിയെ പരത്തി, രണ്ടായി മുറിച്ച് വീണ്ടും പരത്തി ചൂടെണ്ണയിലിട്ട് വറുത്ത് കോരുക.

ചോക്കളേറ്റ് ക്രാക്കിള്‍സ്
ചേരുവകള്‍
പഞ്ചസാര പൊടിച്ചത് – ഒരുകപ്പ്
കൊക്കോപ്പൊടി – 2/3 കപ്പ്
അവല്‍ വറുത്തത് – രണ്ടുകപ്പ്
തേങ്ങാചുരണ്ടി ഉണക്കിയത് – ഒരുകപ്പ്
എണ്ണ/ നെയ്യ് – മുക്കാല്‍ കപ്പ്

തയ്യാറാക്കുന്നവിധം
നെയ്യ് ഉരുക്കി പഞ്ചസാരപ്പൊടി, ഒരു ടേ. സ്പൂണ്‍ വെള്ളം, കൊക്കോപ്പൊടി, തേങ്ങാ ചുരണ്ടി ഉണക്കിയത് എന്നിവ ചേര്‍ത്ത് ചെറിയ പേപ്പര്‍കപ്പുകളില്‍ കുറേശ്ശെ വിളമ്പി ആറുമ്പോള്‍ കഴിക്കുക.
കുറിപ്പ്: ഈ മിശ്രിതം ചെറു ഉരുളകളാക്കിയും വിളമ്പാവുന്നതാണ്.

Leave a Reply