ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ്, മണ്ണാര്‍ക്കാട്ടെ എളുമ്പിലാശേരിയിലെ കളരിക്കല്‍ തറവാട്ടു വളപ്പില്‍ കേരളപോലീസ് സേന തോക്കില്‍ നിന്നും ആചാര പുര്‍വ്വം നിറയൊഴിച്ച നിമിഷം.നാടാകെ തേങ്ങി.ഭര്‍ത്താവില്ലാത്ത ഭാര്യയും അച്ഛനില്ലാതായ മകളും മകനെ നഷ്ടപ്പെട്ട അച്ഛനും അടങ്ങുന്ന വീടിന്റെ സങ്കടം എരിഞ്ഞിട്ടും എരിഞ്ഞു തിരാതെ നിന്നു.രാജ്യത്തിനായി സമര്‍പ്പിച്ച വീരപുത്രന്റെ വീടിനെ നോക്കി രാഷ്ട്രം ഒന്നായി നമിച്ചു.
എളുമ്പിലാശേരിയിലേക്ക് ഇന്ന്് എണ്ണിയാലൊടുങ്ങാത്തത്ര ആളുകള്‍ ഒഴുകിയെത്തിയിരുന്നു.പത്താന്‍കോട്ടുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജന്‍കുമാറിന്റെ മൃതദേഹം ജന്മനാട് കണ്ണീരോടെ ഏറ്റുവാങ്ങി.പൂര്‍ണ്ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്കാരം.മൂന്ന് സേനാവിഭാഗങ്ങളും നിരഞ്ജന് സല്യൂട്ട് നല്കി.രാവിലെ 11 വരെ എളുമ്പിലാശേരി കെ എ യുപി സ്കൂളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ആയിരത്തിലേറെ പേരാണ് ആദരാഞ്ജലിയര്‍പ്പിക്കാനെത്തിയത്.തുടര്‍ന്ന് കളരിക്കല്‍ തറവാട്ടു വളപ്പിലേക്ക്.കനത്ത സുരക്ഷയാണ് സംസ്കാര ചടങ്ങുകള്‍ക്ക് ഒരുക്കിയത്.
അന്ത്യ കര്‍മ്മങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്തു.കൂടാതെ ജനപ്രതിനിധികളും രാഷ്ട്രീയ സാംസ്കാരിക നേതാക്കന്മാരുമായി നിരവധി പ്രമുഖര്‍ സാന്നിധ്യമേകി.ബംഗളുരുവില്‍ നിന്ന് ഹെലികോപ്ടറില്‍ തിങ്കളാഴ്ച്ച വൈകീട്ട് പാലക്കാട് വിക്ടോറിയ കോളേജ് പരിസരത്ത് എത്തിച്ചു.തുടര്‍ന്ന് റോഡ് മാര്‍ഗം മണ്ണാര്‍ക്കാട് എളുമ്പിലാശേരിയിലെ കളരിക്കല്‍ തറവാട്ടിലേക്ക്.ബംഗളുരുവില്‍ നിന്നും രണ്ട് ഹെലികോപ്റ്ററിലായാണ് മൃതദേഹം വഹിച്ചുള്ള സംഘം പാലക്കാട്ടെത്തിയത്.നിരഞ്ജന്റെ ഭാര്യ ഡോ. കെ ജി രാധിക, മകള്‍ വിസ്മയ, പിതാവ് ശിവരാജന്, സഹോദരങ്ങളായ ശരത് ചന്ദ്രന്, ഭാഗ്യലക്ഷ്മി, ശശാങ്കന്, ഭാര്യാപിതാവ് ഗോപാലകൃഷ്ണന്, ഭാര്യാ സഹോദരന് മഹേഷ്, മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ എന്നിവരാണ് മൃതദേഹത്തെ അനുഗമിച്ചത്.
INDIANEWS24.COM Palakkad