ബെംഗളുരു: വാസ്തു ദോഷം പരിഹരിക്കപ്പെടാതിരുന്നതിന് വടക്കന്‍ കര്‍ണ്ണാടകയിലെ വിജയപുര സ്വദേശി കോടതി നടപടിയിലേക്ക്. വാസുത വിദഗ്ധര്‍ പറഞ്ഞതിന് പ്രകാരം അഞ്ച് ലക്ഷം മുടക്കി വീട്ടില്‍ അറ്റകുറ്റ പണികള്‍ നടത്തി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അനുകൂലമായ സ്ഥിതിയുണ്ടായില്ലെന്ന് ആരോപിച്ചാണ് മഹാദേവ ദുഡിഹാല്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
രണ്ട് വര്‍ഷം മുമ്പാണ് മഹാദേവ് വാസ്തു ഏജന്‍സിയെ സമീപിക്കുന്നത്. ഫീസായി ഏജന്‍സി ഇയാളില്‍ നിന്നും 11,600 രൂപ വാങ്ങിയതായും പറയുന്നു. വീട് സന്ദര്‍ശിച്ച ഏജന്‍സി വീടിന്റെ പണികളില്‍ മാറ്റം വരുത്തിയാല്‍ ജീവിതത്തില്‍ പ്രതികൂല സാഹചര്യങ്ങള്‍ മാറിക്കിട്ടുമെന്ന് നിര്‍ദേശിച്ചു. ഇതേ തുടര്‍ന്ന് വീടിന്റെ അറ്റകുറ്റ പണിക്കായി മഹാദേവ് അഞ്ച് ലക്ഷം മുടക്കിയത്രെ. പണികഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു അനുകൂല സാഹചര്യവും ഉണ്ടായില്ലെന്നാണ് ഇയാളുടെ പരാതി.
തനിക്ക് വാസ്തു നിര്‍ദേശം നല്കി നഷ്ടം വരുത്തിയ ഏജന്‍സിക്കെതിരെയാണ് ഉപഭോക്തൃ സംരക്ഷണ നിയമ പ്രകാരം മഹാദേവ് കേസ് കൊടുത്തിരിക്കുന്നത്. വിജയപുര ജില്ലാ കന്‍സ്യൂമര്‍ ഫോറത്തില്‍ നല്കിയ കേസില്‍ അധികൃതര്‍ ഇത് നിയമത്തിന് കീഴില്‍ വരുന്നതല്ലെന്ന നിലപാട് സ്വീകരിച്ചു. ഇതേ തുടര്‍ന്ന് കര്‍ണ്ണാടകയിലെ സംസ്ഥാന കന്‍സ്യൂമര്‍ ഫോറത്തില്‍ പരാതിയുമായെത്തി. ഇപ്പോള്‍ കേസ് ഇവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. ഇതിനിടെ മഹാദേവ് ഏജന്‍സിക്കെതിരെ വഞ്ചനാ കുറ്റത്തിന് പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
INDIANEWS24.COM Bengaluru